[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Anilkumar KV anilankv at gmail.com
Sat Feb 26 21:30:54 PST 2011


പ്രീയപ്പെട്ട കൂട്ടുകാരെ,

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് (എസു് എം സി) വളരെ പ്രശംസനീയമായ പ്രവര്‍ത്തനം
കാഴ്ചവെക്കുന്ന ഒരു കൂട്ടായ്മയുടെ പേരാണു്. വിവര സാങ്കേതിക വിദ്യാ സങ്കേതങ്ങളെ,
മലയാളത്തിനു് വഴങ്ങുന്നവയാക്കാന്‍ വളരെ പ്രയത്നിച്ചിട്ടുള്ള കൂട്ടായ്മയാണിതു്.

അതേ സമയം. "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് " എന്നതു്  മൂന്നു് വാക്കുകള്‍
ചേര്‍ന്ന, ഒരു പ്രവര്‍ത്തനത്തെ കുറിക്കുന്ന ഒരു ഭാഷാപ്രയോഗം കൂടിയാണു്. നമ്മുടെ
കൂട്ടായ്മയെ സൂചിപ്പിക്കന്നതു് പോലെ തന്നെ, നമ്മളടക്കം നടത്തുന്ന
പ്രവര്‍ത്തനത്തെ സൂചിപ്പിക്കാനും, ഈ ഭാഷാപ്രയോഗത്തെ മലയാളികള്‍ ഉപയോഗിക്കുന്നു.
എന്നാല്‍ "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്" എന്നതു് നമ്മുടെ കൂട്ടായ്മയെ
സൂചിപ്പിക്കുവാന്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളുവെന്ന നിലപാടു്, ആ
ഭാഷാപ്രയോഗത്തെ കുത്തകവല്‍ക്കരിക്കാനുള്ള മനോഭാവമാണു്. സന്തോഷും, ജോസഫു്
തോമസും നടത്തിയ കത്തിടപാടില്‍ അത്തരമൊരു അപക്വമായ നിലപാടാണു് സന്തോഷു്
സ്വീകരിച്ചിരിക്കുന്നതു്.  അതു് "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്"
മുന്നോട്ടു് വെക്കുന്ന സന്ദേശത്തിനു് വിരുദ്ധമാണു്.

ഈ കൂട്ടായ്മയുമായി, പ്രവര്‍ത്തിക്കുന്ന നമ്മളോരുത്തരും അറിഞ്ഞോ, അറിയാതേയോ
സ്വീകരിക്കുന്ന ഇത്തരം അപക്വമായ നിലപാടുകള്‍ നമ്മുടെ കൂട്ടായ്മയുടെ
നിലപാടാകേണ്ടതില്ല. നമ്മുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനും,
നമ്മളോരുത്തതിലുമുണ്ടായേക്കാവുന്ന, തെറ്റായ പ്രവണതകളെ മാറ്റിയെടുക്കാനും,
ഭാഷാ, വൈജ്ഞാനിക, സാംസ്കാരിക, സാമൂഹ്യരംഗങ്ങളില്‍ ഇടപെടുന്ന ധാരാളംപേര്‍ ഈ
കൂട്ടായ്മയിലേക്കു് കടന്നുവരണം. അതിനുള്ള സന്ദേശമാണു് ഞാന്‍ കോട്ടയത്തെ
പ്രസ്തുത പരിപാടിയില്‍ കൊടുത്തതു്.

ഈ കൂട്ടായ്മയെ കുറിച്ചു് ഈ വേദിയിലറിയിക്കാതെ ആരും സംസാരിക്കരുതു് എന്നു്
ആഗ്രഹിക്കുന്നവരാകാം നമ്മളില്‍ പലരും. എന്നാല്‍ അത്തരമൊരു വ്യവസ്ഥ
നടപ്പിലാക്കുന്നതു് പ്രായോഗികമല്ലെന്നു് മാത്രമല്ല, നമ്മുടെ പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിനു് സഹായകവുമല്ല. അത്തരമൊരു വ്യവസ്ഥ ഈ
കൂട്ടായ്മയ്ക്കുണ്ടെന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരതു്
പുനഃപരിശോധിക്കേണ്ടതാണു്. അതേസമയം തന്നെ, നമ്മുടെ കൂട്ടായ്മയെ അടിസ്ഥാനരഹിതമായി
അപകീര്‍ത്തിപ്പെടുത്തുവാന്‍ എതെങ്കിലും ഭാഗത്തുനിന്നും ശ്രമമുണ്ടായാല്‍
നമ്മളതിനെ കൂട്ടായി ചെറുത്തു് തോല്‍പ്പിക്കേണ്ടതാണു്.

- സ്നേഹപൂര്‍വ്വം

അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110227/4a59d8a2/attachment.htm>


More information about the discuss mailing list