[smc-discuss] Report for review SMC camp Kodungalloor

Ani Peter peter.ani at gmail.com
Mon Feb 28 02:37:45 PST 2011


സുഹൃത്തുക്കളെ,

11-ാം SMC ക്യാമ്പ് ഇക്കഴിഞ്ഞ 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 
കോളേജില്‍ വച്ചു് നടന്നു. കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജ്, SMC, Free 
Software Foundation India, Red Hat, Zyxware technologies എന്നിവര്‍ 
സംയുക്തമായാണു് ഇത്തവണ ഇതു് സംഘടിപ്പിച്ചതു്. ഇതു് വരെ നടന്നതില്‍ വച്ചു് ഒരു പക്ഷെ ഏറ്റവും മികച്ച 
ക്യാമ്പ് ആണു് ഇത്തവണത്തേതു്. മലായാളത്തിലെ പ്രമുഖ കവികളും അദ്ധ്യാപകരും ഇത്തവണത്തെ ക്യാമ്പില്‍ 
പങ്കെടുത്തു. എസ്.എം.സി.യെ കൂടാതെ മലയാളം വിക്കിപീഡിയ സുഹൃത്തുക്കളുടെയും ബ്ലോഗര്‍മാരുടെ 
കൂട്ടായ്മയായ ബൂലോകത്തിന്റെയും സാന്നിദ്ധ്യം ഇത്തവണത്തെ ക്യാമ്പിന്റെ പ്രത്യേകതയാണു്. 
കമ്പ്യൂട്ടറുമായി കാര്യമായ മുന്‍പരിചയമില്ലഞ്ഞിട്ടു് കൂടി, വിദ്യാര്‍ത്ഥികളുടെ വളരെ 
ക്രിയാത്മകമായ പങ്കാളിത്തമുണ്ടായതും ശ്രദ്ധേയമാണു്. അവരില്‍ ഭൂരിപക്ഷവും മലയാളം ബിരുദാനന്തര 
ബിരുദ വിദ്യാര്‍ത്ഥികളാണെന്നതു് അതിന്റെ മാറ്റ് കൂട്ടുന്നു. എസ്.എം.സി.യും മലയാളം 
വിക്കിപീഡിയും ബൂലോകവും അറിഞ്ഞോ അറിയാതെയോ ഒരുമിച്ചു്, പരസ്പരം സഹകരിച്ചു്, സാഹായിച്ചു് 
നീങ്ങുന്ന പ്രസ്ഥാനങ്ങളാണെന്നു് സ്ഥാപിക്കുന്ന തരത്തിലുള്ളതായിരുന്നു ക്യാമ്പ്. മലയാളം ഫ്യൂവലിന്റെ 
(Malayalam-FUEL) രണ്ടാംഘട്ട ചര്‍ച്ചയാണു് ഈ ക്യാമ്പില്‍ പ്രധാനമായും നടന്നതു്. ചര്‍ച്ചയില്‍ 
ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ ചുരുക്കാം.

ഇതു വരെ നടന്ന പരിഭാഷകള്‍ ഭൂരിഭാഗവും ഇപ്പൊഴും പദാനുപദ തര്‍ജ്ജിമ തന്നെയാണു്. 
ഇപ്പൊഴുപയോഗിക്കുന്ന വാക്കുകള്‍ പലതും അവയുടെ യഥാര്‍ത്ഥ ധര്‍മ്മത്തെയല്ല കുറിക്കുന്നതു്. മലയാള 
ഭാഷ കൂടുതല്‍ സങ്കീര്‍ണമാണു്. പരിഭാഷയ്ക്കുപയോഗിക്കുന്ന സാങ്കേതികയുടെ പരിമിതി കാരണം 
ഭാഷയുടെ സത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണു് ചില പരിഭാഷകള്‍. കൂടാതെ ആവശ്യമായ, കൂടുതല്‍ 
വ്യക്തതയുള്ള മലയാളം പദങ്ങള്‍ ഉണ്ടായിട്ടും ഇംഗ്ലീഷ് പദങ്ങള്‍ കടം എടുക്കപ്പെട്ടിട്ടുണ്ടു്. 
അതിനാല്‍ ഇപ്പൊഴുള്ള രീതിയില്‍ ഫ്യൂവല്‍ സംരംഭം കൊണ്ടു പോകുവാന്‍ സാധ്യമല്ല.

അടിസ്ഥാനപ്രശ്നം:
ധര്‍മ്മത്തിനനുസരിച്ചു് ഉപയോഗിക്കേണ്ട വാക്കിന്റെ മൂലരുപം ഏതാണു് അല്ലെങ്കില്‍ എന്താണു് എന്ന് 
അറിയില്ല. കിട്ടിയ മൂലരുപത്തിന്റെ ഏതു രൂപം ഉപയോഗിക്കണം എന്നറിയില്ല.

പരിഹാരം:
തര്‍ജ്ജമയുടെ ഗുണനിലവരം ഉറപ്പുവരുത്തുന്നതിനായി ഒരു പാനല്‍ ഉണ്ടാക്കുക.

ഓരോ ദിവസവും പത്തിരുപത് വാക്കുകള്‍ തിരഞ്ഞെടുക്കുക.

ഇവയ്ക്ക് മലയാളത്തോട് ഏറ്റവും അടുത്തുള്ളതും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതും ആയ തമിഴ്, സംസ്കൃതം, 
കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ നിന്ന് അവര്‍ ഉപയോഗിക്കുന്ന മൂലപദങ്ങള്‍ ശേഖരിക്കുക.

ഇവയുടെ അര്‍ത്ഥവും സന്ദര്‍ഭവും വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടുകളും, മുകളില്‍ വിവരിച്ച വാക്കുകളും, 
വിവരണവും ഉള്‍പ്പെടുത്തി, ചര്‍ച്ചചെയ്യാനും തിരുത്തലുകള്‍ വരുത്തുവാനും സാധിക്കുന്ന ഒരു 
താളുണ്ടാക്കുക. ബ്ലോഗോ, വിക്കിയോ ഡയസ്പോറയോ പോലെ എന്തുമാകാം. പക്ഷെ പാനല്‍ അംഗങ്ങള്‍ക്ക് 
മാത്രം (എളുപ്പത്തില്‍) തിരുത്തുവാന്‍ സാധിക്കുന്ന, മറ്റുള്ള എല്ലാര്‍ക്കും കാണാന്‍ സാധിക്കുന്ന ഒരു 
താള്‍.
ഇവയ്ക്ക് പറ്റിയ മൂലപദം കണ്ടെത്താനായി ഒരോരുത്തരും അവരവരുടെ ഫേസ്ബുക്ക്, ബസ് തുടങ്ങിയവയില്‍ 
രണ്ടു് മൂന്നു് ദിവസത്തേക്കു് ചര്‍ച്ചയ്ക്കിടുക.
തിരഞ്ഞെടുക്കുന്ന വാക്കുകള്‍ പാനലിനു് നല്കുക. പാനല്‍ ഒരു വാക്ക് തിരഞ്ഞെടുക്കുന്നു.

അങ്ങനെ മേല്‍വിവരിച്ച പ്രകാരം പദാവലോകന സമിതി എന്ന പേരില്‍ ഒരു പാനലിനെ തിരഞ്ഞെടുത്തു. 
അതിലെ ഇപ്പൊഴത്തെ അംഗങ്ങള്‍ ഇവരാണു്.

പി.പി. രാമചന്ദ്രന്‍
അന്‍വര്‍ അലി
സുബൈദ ടീച്ചര്‍
ഹുസൈന്‍ മാഷ്
ഉഷ ടീച്ചര്‍
മനോജ് രവീന്ദ്രന്‍ (നിരക്ഷരന്‍)
കുശലകുമാരി ടീച്ചര്‍
ടിങ്കിള്‍
വിനീത്
ഋഷി
അനി പീറ്റര്‍
സൂരജ് കേണോത്ത്




More information about the discuss mailing list