[smc-discuss] മലയാളഭാഷയും മാധ്യമങ്ങളും

M.K manojkmohanme03107 at gmail.com
Sat Jan 22 10:00:17 PST 2011


വായിച്ച ഒരു ലേഖനം ഇവിടെ പങ്കുവയ്ക്കുന്നു.

Sent to you by M.K via Google Reader: മലയാളഭാഷയും മാധ്യമങ്ങളും via  
വര്‍ക്കേഴ്സ്
ഫോറം by noreply at blogger.com (വര്‍ക്കേഴ്സ് ഫോറം) on 1/22/11
തമിഴ് ഭാഷയൊഴിച്ച് ഇന്ന് സജീവമായി നിലനില്‍ക്കുന്ന ഭാരതീയ ഭാഷകളെല്ലാം ഏഴാം
നൂറ്റാണ്ടു(ബിസി)മുതല്‍ സുമാര്‍ പതിനേഴാം നൂറ്റാണ്ടുവരെ നിലനിന്നതായി  
കണക്കാക്കാവുന്ന
ഭക്തിപ്രസ്ഥാനത്തോടുകൂടി അതിന്റെ ഫലമായും അതിനു പ്രേരകമായും ഇന്നത്തെ  
രൂപത്തില്‍ എത്തിയതാണ്.
മറ്റു വ്യത്യസ്ത ധാരകള്‍ ഉണ്ടെങ്കിലും പ്രധാനമായും രണ്ടു  
ഭാഷാകുടുംബങ്ങളില്‍നിന്നാണ് ഭാരതീയ
ഭാഷകള്‍ ഉരുത്തിരിഞ്ഞത്. ആര്യന്മാര്‍ സംസാരിച്ചിരുന്ന സംസ്കൃതവും  
ദക്ഷിണേന്ത്യയില്‍ ദ്രാവിഡര്‍ എന്ന
പേരില്‍ അറിയപ്പെട്ടിരുന്നവര്‍ സംസാരിച്ചിരുന്ന മൂലദ്രാവിഡവുമാണത്.

ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകള്‍ സംസ്കൃ തത്തിന്റെ  
പില്‍ക്കാല രൂപമായ
പ്രാകൃതത്തില്‍നിന്ന് രൂപം കൊണ്ടതാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവ
മൂലദ്രാവിഡത്തില്‍നിന്നും. ഇവയില്‍ മലയാളം താരതമ്യേന പ്രായം കുറഞ്ഞ ഭാഷയാണ്.  
ഈയിടെ
മലയാളത്തിന് 'ക്ളാസിക്കല്‍' പദവി നല്‍കേണ്ടതില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ  
തീരുമാനത്തില്‍
അപാകതകള്‍ ഉണ്ടെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചീരാമന്‍ മഹാകവി എഴുതിയ
ഇരാമായണത്തോടുകൂടിയാണ് നമ്മുടെ ഭാഷ എല്ലാ വ്യവഹാരങ്ങള്‍ക്കും ഉതകുന്ന ഒന്നാണ്  
എന്ന്
സ്ഥാപിക്കപ്പെട്ടത്. അതിനുമുമ്പും ചില ചെപ്പേടുകളും ചില ശാസനകളും  
ഉണ്ടായിരുന്നതായി
കാണുന്നുണ്ടെങ്കിലും അവയോടുകൂടി മലയാളഭാഷ രൂപംകൊണ്ടുവെന്ന് കരുതാന്‍  
പ്രയാസമാണ്.

ചീരാമനും പിന്നെ കണ്ണശ്ശപ്പണിക്കരും മറ്റും വാണിരുന്ന കാലത്തു തന്നെ  
സംസ്കൃതവും ആദിമലയാളവും
ഇടകലര്‍ന്ന മണിപ്രവാളം എന്ന ഒരു ഭാഷാരൂപത്തില്‍ കവിതകള്‍ എഴുതിയിരുന്നു.  
കണ്ണശ്ശന്മാരുടെയും
ചീരാമന്റെയും കൃതികളില്‍ തമിഴിന്റെ അതിപ്രസരം ഉണ്ടായിരുന്നു. ഇന്ന് മലയാളി  
എഴുതുകയും
വായിക്കുകയും ചെയ്യുന്ന ഭാഷയുടെ വാക്യഘടനയും വ്യാകരണവും പദാവലിയുമെല്ലാം  
പതിനാറാം
നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം, മഹാഭാരതം  
തുടങ്ങിയ
സംസ്കൃതകാവ്യങ്ങളുടെ പരാവര്‍ത്തന ത്തിലൂടെയോ പുനഃസൃഷ്ടിയിലൂടെയോ  
രൂപംകൊണ്ടതാണ്. ചീരാമന്റെയും
കണ്ണശ്ശന്മാരുടെയും കൃതികളില്‍ ഭക്തിരസം അവര്‍ക്ക് ജീവന്‍  
നല്‍കുന്നുണ്ടെങ്കിലും എഴുത്തച്ഛനാണ് നമ്മുടെ
ഭക്തിപ്രസ്ഥാനത്തില്‍ ലക്ഷണമൊത്ത പ്രതിനിധിയും മലയാള ഭാഷയുടെതന്നെ  
പിതാവുമായിരുന്നത്.
എഴുത്തച്ഛനു മുന്‍പുതന്നെ തമിഴിലെ സംഘസാഹിത്യ കൃതികളും ആള്‍വാര്‍മാരുടെയും  
നായനാര്‍മാരുടെയും
ഭക്തിഗാനങ്ങളും കമ്പരുടെ രാമായണവും പ്രചുരപ്രചാരം നേടി ക്കഴിഞ്ഞിരുന്നു.  
കന്നഡത്തില്‍ മഹാകവി
പമ്പയുടെ രാമായണം ഒന്‍പതാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടില്‍  
വീരശൈവരുടെ വചന
സാഹിത്യവും തെലുങ്കിലെ നന്നയ്യയുടെയും വേമണ്ണയുടെയും സംസ്കൃ ത ഇതിഹാസ  
വിവര്‍ത്തനങ്ങളും വന്നു
കഴിഞ്ഞിരുന്നു എന്ന കാര്യം മലയാളത്തിന്റെ പ്രാചീനതയെക്കുറിച്ച് അതിശയോക്തി  
കലര്‍ന്ന
അവകാശവാദങ്ങളുന്നയിക്കുന്നവര്‍ വിസ്മരിക്കുകയാണ്. പക്ഷേ ക്ളാസിക്കല്‍ പദവി  
എന്നത് പിശകായ ഒരു
സങ്കല്പമാണ്. എല്ലാ ഭാഷകളുടെയും സാംസ്കാരിക മേഖലകളുടെയും സമത്വം എന്നല്ലാതെ  
ചിലവയ്ക്ക്
മേന്മകല്‍പ്പിക്കുന്നത് അശാസ്ത്രീയമെന്നപോലെ ഭാരതീയ സംസ്കാരത്തിന്റെ  
മേന്മയ്ക്കും
ഉദ്ഗ്രഥനത്തിനും സഹായകമല്ല.

ഭാഷാ വികസനത്തിന്റെ രണ്ടാംഘട്ടം

മലയാളഭാഷാ വികസനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് പത്തൊമ്പതാംനൂറ്റാണ്ടിലെ
നവോത്ഥാനമെന്നുപറയുന്ന പരിവര്‍ത്തനങ്ങളോടുകൂടിയാണ്. എഴുത്തച്ഛനുശേഷം  
ചെറുശ്ശേരിയും
കുഞ്ചന്‍നമ്പ്യാരും ഇന്ന് ഏറെക്കുറെ വിസ്മൃതരായിരിക്കുന്ന ചമ്പുകാരന്മാരും  
കഥകളിപ്പാട്ടുകളെഴുതിയ
കോട്ടയം തമ്പുരാന്‍ തുടങ്ങിയവരും വളരെക്കുറച്ച് സംഭാവനകള്‍ മാത്രം നല്‍കി  
മണ്‍മറഞ്ഞുപോയവരെങ്കിലും
അവിസ്മരണീയരായ രാമപുരത്ത് വാര്യരും ഇരയിമ്മന്‍ തമ്പിയും ഉണ്ണായിവാര്യരും  
തുടര്‍ന്ന്
മലയാളഭാഷയെ സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും ഒരു കുതിച്ചുചാട്ടം നടന്നത്  
പത്തൊമ്പതാം
നൂറ്റാണ്ടിന്റെ മധ്യത്തില്‍ മാത്രമാണ്. 1847ല്‍ ബെയ്ലി സായ്പ്പിന്റെ  
ജ്ഞാനനിക്ഷേപവും ഹെര്‍മന്‍
ഗുണ്ടര്‍ട്ടിന്റെ രാജ്യസമാചാരവുമാണ് മലയാള ഭാഷയ്ക്ക് പുതിയൊരു ഓജസ്സും  
വരമൊഴിക്ക് പുതിയൊരു
പ്രചാരവും ലഭിക്കാന്‍ തുടക്കം കുറിച്ചത്. ഇക്കാലത്ത് മതപ്രചാരണം ലക്ഷ്യമാക്കി  
വിദേശികളും
സ്വദേശികളുമായ ക്രിസ്ത്യന്‍ മിഷണറിമാര്‍ പ്രസിദ്ധപ്പെടുത്തിയ ബൈബിള്‍  
വിവര്‍ത്തനവും മലയാള
നിഘണ്ടുക്കളും വ്യാകരണങ്ങളും ഇന്നത്തെ നിലവാരം വച്ചുനോക്കിയാല്‍ വികലമാണെന്നു  
പറയാമെങ്കിലും
പുതിയ മുന്നേറ്റത്തിന്റെ ആദ്യപടവുകളായിരുന്നു.

ഇതിനു സഹായകമായത് അച്ചടിവിദ്യയും പത്രമാസികകളുടെ പ്രചാരവുമാണ്. ജ്ഞാന  
നിക്ഷേപവും
രാജ്യസമാചാരവും മറ്റും മതപ്രചാരണത്തെ ലക്ഷ്യമാക്കി ആരംഭിച്ച് നടത്തിവന്നതാണ്.  
എന്നാല്‍
അധികം താമസിയാതെ മതനിരപേക്ഷ വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും  
സംവാദങ്ങള്‍ക്കും
ഉതകുംവിധത്തിലുള്ള കാലിക പ്രസിദ്ധീകരണങ്ങള്‍ ഒന്നിനു പുറമെ ഒന്നായി  
പുറത്തുവരികയും അവ
നിന്നുപോവുകയും ചെയ്തു.

ഗുജറാത്തിലെ വ്യാപാരിയായ ഭീംജി, കുഞ്ഞിരാമമേനോന്‍, കണ്ടത്തില്‍ വര്‍ഗീസ്  
മാപ്പിള, ഫാദര്‍
നിധീരി തുടങ്ങിയ പ്രഗത്ഭമതികള്‍ ഈ മാധ്യമ പുരോഗതിക്ക് വേഗം നല്‍കി. ഇവയുടെ  
ഫലമായി
മലയാളഭാഷയില്‍ വരമൊഴിക്കുള്ള പ്രാധാന്യം മാത്രമല്ല ഗദ്യരൂപത്തിനുള്ള  
പ്രാധാന്യവും ഒന്നിനൊന്ന്
വര്‍ധിക്കാന്‍ തുടങ്ങി. അതുവരെ എല്ലാ സാഹിത്യകൃതികളും കവിതയിലായിരിക്കണമെന്ന  
നിലപാടിന്
മാറ്റംവരികയും ഗദ്യസാഹിത്യം കവിതപോലെതന്നെ ആസ്വാദ്യവും അതിനെക്കാളേറെ  
ജനകീയവുമാണെന്ന്
വന്നുചേരുകയും ചെയ്തു. കഥയും ആഖ്യായികകളും ഉന്നതസ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.  
അപ്പു നെടുങ്ങാടിയുടെ
കുന്ദലതയും തുടര്‍ന്ന് 1889ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒ ചന്തുമേനോന്റെ  
ഇന്ദുലേഖയും മറ്റും
ഭാവനയുടെ പുതിയ ആവിഷ്കാരരൂപങ്ങളായി ജനശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന്  
ഗദ്യസാഹിത്യശില്പികളുടെ
ഒരു പ്രവാഹംതന്നെ ആരംഭിച്ചു. ചെറുകഥകള്‍ക്കും ആഖ്യായികകള്‍ക്കും പുറമേ  
സാഹിത്യനിരൂപണം,
ശാസ്ത്രം, രാഷ്ട്രമീമാംസ, ചരിത്രം എന്നിങ്ങനെ പല രൂപത്തില്‍ അവ വരാന്‍തുടങ്ങി.  
കേരളവര്‍മ
വലിയകോയിത്തമ്പുരാന്റെ അധ്യക്ഷതയില്‍ സ്കൂള്‍ പാഠപുസ്തകങ്ങള്‍ രചിക്കാനുള്ള  
ട്രസ്റ് കമ്മിറ്റി ഈ
മുന്നേറ്റത്തിന് ആക്കം നല്‍കി. ആഖ്യായികകള്‍പലതും വരാന്‍ തുടങ്ങിയപ്പോള്‍  
ഒരാള്‍ അവ
പരിശോധിച്ച് 'പറങ്ങോടി പരിണയം' എന്നൊരു പരിഹാസകഥയും മറ്റൊരാള്‍ 'ചക്കീചങ്കരം'  
എന്നൊരു
നാടകവും എഴുതി തങ്ങളുടെ അസ്വസ്ഥതയ്ക്ക് ശമനം വരുത്തി. വാസ്തവത്തില്‍  
പുസ്തകങ്ങളുടെ
പെരുപ്പത്തെച്ചൊല്ലി പരിഹസിക്കാനുള്ള വകയൊന്നും അന്നില്ലായിരുന്നു. സ്കൂള്‍  
പാഠപുസ്തകങ്ങളൊഴിച്ചാല്‍
വര്‍ഷംപ്രതി പത്തോളം പുസ്തകങ്ങളേ അക്കാലത്ത്  
പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. ഇന്നത്തെ കണക്ക്
ദിവസംപ്രതി ഏഴിനും പത്തിനും മധ്യേ മലയാള പുസ്തകങ്ങള്‍ ഇറങ്ങുന്നുവെന്നാണ്.  
അന്ന് ഈ പുസ്തകക്ഷാമം
പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എത്ര മോശപ്പെട്ട പുസ്തകം വന്നാലും  
അതെക്കുറിച്ച്
പ്രശംസിച്ച് വലിയ കോയിത്തമ്പുരാന്‍ അവതാരിക എഴുതിക്കൊടുക്കാറുണ്ടായിരുന്നു. അത്
അദ്ദേഹത്തെക്കുറിച്ച് പല വിമര്‍ശനങ്ങള്‍ക്കും കാരണമാവുകയും ചെയ്തു.

'ഇന്ദുലേഖ' തുടങ്ങിയ പുസ്തകങ്ങളുടെ ഭാഷ ലളിതവും സുന്ദരവുമാണെങ്കിലും പഴയ  
മണിപ്രവാളത്തിന്റെ
അതിപ്രസരം പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. കേരള കാളിദാസന്‍ എന്നു കൂടി  
ആദരപൂര്‍വം
വിളിക്കാറുള്ള കേരളവര്‍മ പാഠപുസ്തകങ്ങളിലും മറ്റും ലളിതവും സുന്ദരവുമായ ഭാഷയാണ്
ഉപയോഗിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ദ്വിതീയാക്ഷരപ്രാസനിര്‍ബന്ധവും  
മണിപ്രവാളപ്രേമവും
തന്റെ വത്സലശിഷ്യനും അനന്തരവനുമായ രാജരാജവര്‍മയുടെ നിര്‍ബന്ധപ്രകാരമാണ്  
പതുക്കെ മാറാന്‍
തുടങ്ങിയത്. വലിയകോയിത്തമ്പുരാന്റെ 'അഭിജ്ഞാന ശാകുന്തളം', 'മണിപ്രവാളം'  
തുടങ്ങിയവ
കാളിദാസന്റെ മൂലകൃതിയെക്കാള്‍ ദുര്‍ഗ്രാഹ്യമാണെന്ന് പലരും  
അധിക്ഷേപിക്കുകയുണ്ടായി. അനന്തരവന്‍
രാജരാജവര്‍മ 'മലയാള ശാകുന്തളം' എഴുതി മലയാളത്തെ സമ്പന്നമാക്കുകയും ചെയ്തു.
കേരളവര്‍മയുടെ 'അക്ബര്‍' ആഖ്യായികയുടെ വിവര്‍ത്തനത്തില്‍ കേരളവര്‍മ ഈ  
ദുര്‍ഗ്രഹ മണിപ്രവാളശൈലി
ഗദ്യത്തിലേയ്ക്കും സംക്രമിപ്പിച്ചതായി കാണാം. "അസ്തപര്‍വത നിബംഭത്തില്‍  
മന്തമാനമായ അംബുജ
ബന്ധുബിംബം'' എന്നിങ്ങനെ പോകുന്നു അക്ബര്‍ വിവര്‍ത്തനത്തിലെ ആദ്യവാചകം തന്നെ.  
സി വി
രാമന്‍പിള്ള മാര്‍ത്താണ്ഡവര്‍മയിലും അതിലേറെ ധര്‍മരാജയിലും ഈ 'കടുകടെ പടു  
കഠിനസംസ്കൃതപദ'
പ്രേമം പ്രകടിപ്പിക്കുന്നുവെന്നത് വളരെ വിമര്‍ശന വിധേയമായിട്ടുള്ളതാണ്.  
എങ്കിലും
പത്രമാസികകളുടെ പ്രവര്‍ത്തനവും പാഠപുസ്തകങ്ങളുടെ വര്‍ധനവും എല്ലാം ഈ ദുര്‍ഘട  
ശൈലിക്ക് മാറ്റം
വരുത്തി. മാത്രമല്ല രാജരാജവര്‍മയും 'വിദ്യാവിനോദിനി' പത്രാധിപര്‍ സി പി  
അച്ചുതമേനവനും
സ്വദേശാഭിമാനി പത്രാധിപര്‍ കെ രാമകൃഷ്ണപിള്ളയും മറ്റും ലളിതമായ സംസാരഭാഷയ്ക്ക്  
സൌന്ദര്യവും
പദവിയും നേടിക്കൊടുത്തു. രാജരാജപര്‍വം, സാഹിത്യസാഹ്യം തുടങ്ങിയ കൃതികളിലൂടെ  
ഗദ്യരചനയ്ക്ക്
ലക്ഷണഗ്രന്ഥവും നിര്‍മിച്ചു.

മലയാള ഭാഷയുടെ ഈ സര്‍വതോമുഖമായ പുരോഗതിക്ക് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള  
നല്‍കിയ സംഭാവനകള്‍
ചെറുതല്ല. കേരളവര്‍മയുടെ ഉപദേശക നിര്‍ദേശങ്ങളനുസരിച്ച് അദ്ദേഹം  
ആരംഭിച്ച 'ഭാഷാപോഷിണി'
മാസിക ആ പേര് സൂചിപ്പിക്കുന്നതുപോലെ ഭാഷയുടെ പോഷണത്തിന് ഗണ്യമായ സഹായമായി.  
അതോടൊപ്പം
ഒരു ഭാഷാപോഷിണി സഭയും അദ്ദേഹം രൂപീകരിക്കുകയും ചര്‍ച്ചകളും യോഗങ്ങളും  
നടത്തുകയും ചെയ്തത്
ഭാഷാപോഷണത്തിനുള്ള സംഘടിത യത്നങ്ങളുടെ തുടക്കമായി ഭവിച്ചു.

കൈപ്പടയും അച്ചടിയും

നേരത്തേ സൂചിപ്പിച്ചതുപോലെ മലയാളഭാഷ കൈയെഴുത്ത് ശൈലികള്‍ അച്ചടിവിദ്യയുമായി
പൊരുത്തപ്പെടുന്നതായിരുന്നില്ല. ഗുണ്ടര്‍ട്ടിന്റെ 'രാജ്യസമാചാരം' കല്ലച്ചില്‍  
എഴുതിയത് കാരണം
കൈപ്പടയിലെ രീതികള്‍ അതേപടി പകര്‍ത്താന്‍ കഴിഞ്ഞു. മലയാളത്തിലെ ആധുനിക  
ഗദ്യകൃതിയായ
പാറേമ്മാക്കല്‍ തോമാ കത്തനാരുടെ വര്‍ത്തമാന പുസ്തകവും കടലാസിലാണ്  
രചിച്ചതെങ്കിലും അതും
കല്ലച്ചില്‍ തന്നെയായിരുന്നു. എന്നാല്‍ 'മൂവബിള്‍ ടൈപ്പ്' അഥവാ  
മാറ്റിവയ്ക്കാവുന്ന അച്ച്
ഉപയോഗിച്ചുള്ള അച്ചടിവിദ്യയ്ക്ക് പഴയ കൈപ്പടസമ്പ്രദായം അസൌകര്യങ്ങള്‍  
സൃഷ്ടിക്കുന്നുവെന്നതുകൊണ്ട്
ലിപി പരിഷ്കരണം അനിവാര്യമായിത്തീര്‍ന്നു.

ഈ ലിപി പരിഷ്കരണത്തില്‍ മുന്‍കൈയെടുത്തതും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതും  
1890ല്‍ ആരംഭിച്ച്
ഇന്നും തുടരുന്ന 'മലയാള മനോരമ'യുടെ സ്ഥാപകപത്രാധിപര്‍ കണ്ടത്തില്‍ വര്‍ഗീസ്  
മാപ്പിളയാണ്.
അക്കാലത്ത് സ്ഥാപിച്ച മറ്റൊരു പത്രംകൂടി മാത്രമേ ഇന്നും നിലനില്‍ക്കുന്നുള്ളൂ.  
1888ല്‍ നിധീരി
കത്തനാര്‍ സ്ഥാപിച്ച നസ്രാണി ദീപികയാണത്. ഇപ്പോഴത്തെ പൊതുജീവിതത്തിലെ  
അഭിരുചികള്‍ക്ക്
അനുയോജ്യമല്ലാത്തതുമൂലം 'നസ്രാണി' എന്ന വിശേഷണം എടുത്തുകളഞ്ഞ്  
വെറും 'ദീപിക'യായി അത്
തുടരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധംവരെ മലയാള ലിപികളില്‍  
വള്ളിപുള്ളികള്‍ക്ക് ദീര്‍ഘരൂപം
ഇല്ലായിരുന്നു. സന്ദര്‍ഭം മനസ്സിലാക്കി ദീര്‍ഘം വേണ്ടിടത്ത് ദീര്‍ഘം  
ഉച്ചരിക്കയാണ് പതിവ്.
അങ്ങനെ 'കോട്ട'യ്ക്ക് 'കൊട്ട'യും 'വീഥി'യ്ക്ക് 'വിഥി'യും 'കൂട്ടി'ന് 'കുട്ടി'യും  
ഒക്കെയാണ്
എഴുത്തില്‍ വരിക. അതുപോലെ 'ചന്ദ്രക്കല' അഥവാ 'മീത്തല്‍' ഉണ്ടായിരുന്നില്ല.  
അതുപോലെ
തളിപറമ്പിന് തളിപറമ്പയും പത്തിന് 'പത്ത'യും ഒക്കെ ആയിരുന്നു പ്രയോഗ രീതികള്‍.  
ചില ലിപികള്‍
അനാവശ്യമായി വികൃതമായി. 'ഇ' എന്ന സ്വരത്തിന് 'ംരം' എന്നാണ് എഴുതിവന്നത്.  
അതുപോലെതന്നെ
കൂട്ടക്ഷരങ്ങളും സ്വരചിഹ്നങ്ങളും ചേര്‍ക്കുന്നതില്‍ വലിയ വൈരുധ്യങ്ങള്‍  
ഉണ്ടായിരുന്നു. ചിലതൊക്കെ ഈ
അടുത്തകാലംവരെ നിലനിന്നിരുന്നു. കുപ്പ, കൂമന്‍, പൂവ്, പ്രാവ്, ക്രമം  
എന്നതൊക്കെ കുഴപ്പം പിടിച്ച
ലിപി വ്യത്യാസങ്ങള്‍ കൊണ്ട് അച്ചുകളുടെ എണ്ണം കണ്ടമാനം പെരുകി. അതുമൂലം  
മലയാളത്തില്‍
അച്ചടിവിദ്യ ആരംഭിച്ചപ്പോള്‍ എഴുനൂറോളം കള്ളികള്‍ വേണ്ടിവന്നു, സ്വരങ്ങളും  
വ്യഞ്ജനങ്ങളും
ഇരട്ടിപ്പുകളും സ്വരം ചേര്‍ത്ത വ്യഞ്ജനങ്ങളും ഉള്ള അച്ചുകള്‍ നിരത്താന്‍.  
ഇവയെല്ലാം ഒരു ഫോണ്ട്
അഥവാ അച്ചുവലിപ്പത്തില്‍ ഉള്ളവയുടെ കാര്യമാണ്. ചുരുങ്ങിയത് മൂന്നോ നാലോ  
ഫോണ്ടുകളെങ്കിലും
ഇല്ലെങ്കില്‍ പുസ്തകങ്ങള്‍ രൂപകല്പന ചെയ്യുക വിഷമമാണ്. ആദ്യത്തെ ഘട്ടത്തിലെ  
രൂപമാറ്റങ്ങള്‍
കൊണ്ടുതന്നെ മുമ്പിലത്തെ എഴുനൂറ് നൂറ്റിഇരുപതിനും നൂറ്റി അന്‍പതിനും മധ്യേവരെ  
കുറയ്ക്കുവാന്‍ കഴിഞ്ഞു.
ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഈ എണ്ണവും വളരെ ദുര്‍ഘടമായി.  
പണ്ടാല എന്ന
വിദഗ്ധന്റെയും മറ്റും പരിശ്രമംകൊണ്ട് ഒരുവിധം ടൈപ്പിങ് വ്യവസ്ഥ രൂപം  
കൊണ്ടെങ്കിലും
ടൈപ്പ്റൈറ്റര്‍ യന്ത്രത്തിന് ചുറ്റും ഡാന്‍സ് ചെയ്യുന്ന പ്രതീതിയായിരുന്നു  
ടൈപ്പിസ്റുകള്‍ക്ക്
അനുഭവപ്പെട്ടത്. വീണ്ടും ചില മാറ്റങ്ങള്‍ വന്നുവെങ്കിലും ഭരണഭാഷ  
മലയാളത്തിലാക്കുക എന്ന ലക്ഷ്യം
നടപ്പാക്കാന്‍ 1967ല്‍ അധികാരത്തിലെത്തിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ  
മന്ത്രിസഭ ഒരു
കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. കമ്മിറ്റിയുടെ അധ്യക്ഷന്‍ ശൂരനാട്  
കുഞ്ഞന്‍പിള്ളയായിരുന്നു. എന്‍
വി കൃഷ്ണവാര്യര്‍, ഡോ. കെ ഭാസ്കരന്‍നായര്‍, ചെന്നൈയിലെ അച്ചുനിര്‍മാണശാലയുടെ  
ഉടമസ്ഥനും
ഇക്കാര്യങ്ങളില്‍ വിദഗ്ധനുമായിരുന്ന കെ സി എബ്രഹാം മുതലായവരായിരുന്നു  
കമ്മിറ്റിയില്‍
ഉണ്ടായിരുന്നത്. യാഥാസ്ഥിതികനായിരുന്ന ശൂരനാട് കുഞ്ഞന്‍പിള്ളയും ഭാസ്കരന്‍  
നായരും മറ്റും ലിപി
പരിഷ്കരണം അത്യന്തം മിതമായി മാത്രമേ ചെയ്യാവൂ എന്നു വാദിച്ച് പല  
നിര്‍ദേശങ്ങളെയും
തിരസ്കരിച്ചു. കൃഷ്ണവാര്യരും കെ സി എബ്രഹാമും, ഒരു ഘട്ടത്തില്‍ കമ്മിറ്റിയില്‍  
ചേര്‍ന്ന്
പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ഈ ലേഖകനും മുഖ്യമന്ത്രിയുമെല്ലാം പുതിയ  
യന്ത്രപ്രയോഗങ്ങള്‍ക്ക്
വഴങ്ങുംവിധം മാറ്റങ്ങള്‍ ഉണ്ടാകണമെന്നാണ് വാദിച്ചത്. എങ്കിലും കമ്മിറ്റിയുടെ  
അധ്യക്ഷനായിരുന്ന
ശൂരനാടനെ തള്ളിപ്പറയുവാന്‍ കഴിയുമായിരുന്നില്ല. രണ്ടുമൂന്ന് സ്വരവ്യഞ്ജന  
സംയോഗങ്ങളില്‍ മാറ്റം
വരുത്താന്‍ കഴിഞ്ഞു എന്നത് കമ്മിറ്റിയുടെ നേട്ടമാണ്. പ്രത്യേകിച്ചും ‘ഉ, ഊ  
എന്നീ സ്വരചിഹ്നങ്ങള്‍
വ്യഞ്ജനത്തില്‍നിന്നെടുത്തുമാറ്റി പ്രത്യേക സ്വരചിഹ്നങ്ങള്‍ നിര്‍ദേശിച്ചതാണ്  
വലിയൊരു നേട്ടം. ഉ,
ഊ എന്നീ ചിഹ്നങ്ങള്‍ വ്യഞ്ജനത്തിനു ശേഷം ചേര്‍ത്തുകൊണ്ടായിരുന്നു ഈ പരിഷ്കാരം.  
ലിപികളുടെ
പട്ടികയില്‍ കുറേയേറെ കുറവ് വരുത്താന്‍ ഇതുകൊണ്ട് സാധിച്ചു. അതുപോലെതന്നെ 'റ'  
കാരം
ചേര്‍ക്കുന്നതും 'റ'’കാരം ക്ര, ഭ്രാന്ത്’എന്നിവയിലെപോലെ വ്യഞ്ജനത്തോട്  
ഘടിപ്പിക്കുന്നതിനു പകരം
വ്യഞ്ജനം കഴിഞ്ഞ് ചെറിയൊരു കുനിപ്പോടുകൂടി 'റ'’കാരം എഴുതിയാല്‍  
മതിയെന്നായിരുന്നു നിര്‍ദേശം.
പക്ഷേ ശൂരനാടനും കൂട്ടരും ഇതംഗീകരിച്ചില്ല. അതിനു പകരം 'റ'’കാരം വ്യഞ്ജനത്തില്‍
നിന്നടര്‍ത്തി വ്യഞ്ജനത്തിന്റെ മുമ്പില്‍ 'റ'കാരം മുകളില്‍ നിന്ന് കീഴോട്ട്  
എന്ന നിലയില്‍
ചേര്‍ത്താല്‍ മതിയെന്നായിരുന്നു തീരുമാനം. ഇത് ടൈപ്പ് ചെയ്യുന്നവര്‍ക്ക് വിഷമം  
സൃഷ്ടിക്കും.
വ്യഞ്ജനത്തിനു മുമ്പ് ചേര്‍ക്കുന്ന എല്ലാ സ്വരചിഹ്നങ്ങളും അങ്ങനെ വിഷമം  
സൃഷ്ടിക്കുന്നതാണ്. ടൈപ്പ്
റൈറ്ററിലെ ‘ഡെഡ് കീ’ (അച്ചടിച്ചശേഷം സ്പെയ്സ് വിടാത്ത തരത്തിലുള്ള കീ)യുടെ  
പ്രയോഗം
സുകരമല്ല.

1968ല്‍ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് രൂപീകരിച്ചപ്പോള്‍ എന്‍ വി  
കൃഷ്ണവാര്യരായിരുന്നു അതിന്റെ
ഡയറക്ടര്‍. അദ്ദേഹവും ചില പരിഷ്കാരങ്ങള്‍ വരുത്തി. സംസ്കൃതത്തിലെ ധര്‍മം,  
അദ്ധ്യാപകന്‍,
അദ്ധ്യായം, അര്‍പ്പണം, കല്‍ക്കണ്ടം മുതലായവയില്‍ ചില്ലിനുശേഷം ഇരട്ടിപ്പ്  
വേണ്ട എന്നും
അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി എന്നിവയിലെ ഇരട്ടിപ്പുകള്‍ സംസ്കൃതത്തില്‍  
ഇല്ലാതിരിക്കുമ്പോള്‍ അതേ
പദങ്ങള്‍ മലയാളത്തില്‍ എഴുതുമ്പോള്‍ എന്തിനാണ് ഇരട്ടിപ്പ് എന്നും അദ്ദേഹം  
ചോദിച്ചു. ചില്ലുകള്‍ക്ക്
ശേഷം വരുന്ന ഖരാക്ഷരങ്ങള്‍ക്കും ഘോഷങ്ങള്‍ക്കും ഇരട്ടിപ്പ് ആവശ്യമില്ല. അവയുടെ  
ഉച്ചാരണത്തില്‍
തന്നെ ആ ഇരട്ടിപ്പ് വന്നുകൊള്ളും. തല്‍ക്കാലത്തിലെ ക സ്വയം ഉച്ചാരണത്തില്‍
ഇരട്ടിച്ചുകൊള്ളുമെങ്കിലും പുലര്‍കാലം മുതലായ മറ്റു ചിലവയിലെ ക’കാരം പോലെ ചിലവ
ഇരട്ടിക്കുകയില്ല എന്ന കാര്യം അറിഞ്ഞിരിക്കണമെന്നു മാത്രം.

ഇക്കാലത്തെ തന്നെ പത്രങ്ങളിലെ പ്രയോഗങ്ങള്‍ക്കും മാറ്റം വന്നുകൊണ്ടിരുന്നു.  
നിദാന്ത, വന്ദ്യ,
ദിവ്യ, ശ്രീ, നിരണം, മെത്രാപ്പൊലീത്ത, മാര്‍ പൌലോസ്, മാര്‍ ഗ്രിഗോറിയോസ്’  
എന്നുള്ള വിശേഷണ
പദപ്രയോഗങ്ങളുടെ ബാഹുല്യം വേണ്ടെന്നു വച്ചതാണ് ഈ പരിഷ്കരണത്തില്‍ ഒന്ന്.  
ഇപ്പോള്‍ ‘നിരണം,
മെത്രാപ്പൊലീത്ത’ എന്ന വിശേഷണം മാത്രമേ ആവശ്യമുള്ളൂ എന്നു വന്നിരിക്കുന്നു.  
അങ്ങനെ തന്നെ
രാജമാന്യ, രാജശ്രീ, ശ്രീമാന്‍, ശ്രീമതി, സഖാവ് തുടങ്ങിയ വിശേഷണങ്ങളും
വര്‍ത്തമാനപത്രത്തിന്റെ പാഠഭാഗങ്ങളില്‍ വളരെ ചുരുക്കമായേ ഉപയോഗിക്കാറുള്ളൂ.  
ചിലര്‍ അത്
വിട്ടുകളയുകയും ചെയ്യുന്നു എന്നത് സ്വാഗതാര്‍ഹമായ ഒരു മാറ്റമാണ്.  
ചട്ടമ്പിസ്വാമിയ്ക്ക് ‘'കള്‍'’
എന്ന ഒരു പൂജക ബഹുവചനം ചേര്‍ത്താല്‍ മതിയെന്നിരിക്കെ വിദ്യാധിരാജാധിരാജ  
ചട്ടമ്പിസ്വാമി
തിരുവടികള്‍ എന്നും മറ്റും വലിച്ചു നീട്ടിയെഴുതുന്നതുകൊണ്ട് സ്വാമികളോടുള്ള  
ബഹുമതി വര്‍ധിക്കുന്നതിനു
പകരം വാചാടോപം കൊണ്ടുള്ള നീരസം വര്‍ധിപ്പിക്കുകയേ ഉള്ളൂ.

വര്‍ത്തമാനപത്രങ്ങള്‍ സ്വാഗതാര്‍ഹമായ കാര്യങ്ങള്‍ ചെയ്ത് ഭാഷയുടെ ജനകീയതയെയും  
ലാളിത്യത്തെയും
വളര്‍ത്തി അതിന്റെ സംവേദനക്ഷമതയും സൌന്ദര്യവും വര്‍ധിപ്പിക്കുന്നുണ്ട്.  
അതേസമയം അവര്‍
മലയാളഭാഷയെ തരംതാഴ്ത്തുകയും ആവശ്യമില്ലാത്തിടത്തുപോലും ഇംഗ്ളീഷ് പദപ്രയോഗങ്ങള്‍
തിരുകിക്കയറ്റുകയും ചെയ്യുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. പത്രങ്ങളേക്കാള്‍  
കൂടുതല്‍ ഈ ആംഗലഭാഷ
പ്രേമം മലയാളത്തെ വികൃതമാക്കുന്നത് ടെലിവിഷന്‍ തുടങ്ങിയ ഇലക്ട്രോണിക്  
മാധ്യമങ്ങളിലാണ്.
അവര്‍ക്ക് പോയിന്റും കൌണ്ടര്‍ പോയിന്റും ന്യൂസ് ടൈമും ന്യൂസ് അറ്റ് സെവനും  
ഇന്റര്‍വ്യൂ മുതലായ ഇംഗ്ളീഷ്
പദങ്ങളും പറഞ്ഞതുകൊണ്ട് തൃപ്തിവരാതെ അവര്‍ ഇംഗ്ളീഷ് ലിപിയില്‍ തന്നെ അവ എഴുതി  
പിടിപ്പിക്കുന്നു.
കായിക വിനോദങ്ങളുടെ കാര്യത്തില്‍ ഇന്നിങ്സും ഹാട്രിക്കും ഒക്കെ എങ്ങനെ  
ഒഴിവാക്കാന്‍
കഴിയുമെന്നത് വിഷമംപിടിച്ച കാര്യമാണ് എന്നു സമ്മതിക്കുന്നു. ഈ ആംഗലഭാഷാ  
പ്രണയത്തിന്റെ
ഏറ്റവും വലിയ തെളിവ് ഇംഗ്ളീഷ് മാധ്യമ വിദ്യാലയങ്ങളുടെ പെരുപ്പവും അവയില്‍  
കുട്ടികളെ
ചേര്‍ക്കാനുള്ള രക്ഷകര്‍ത്താക്കളുടെ വെമ്പലുമാണ്. ശിശുവിദ്യാലയങ്ങള്‍ പോലും  
ഇംഗ്ളീഷ്
മാധ്യമത്തിലേക്ക് തിരിഞ്ഞുതുടങ്ങിയിരിക്കുകയാണ്. മുസ്ളിങ്ങള്‍ 'ഇന്‍ഷാ അള്ളാ',
ഹിന്ദുക്കള്‍ 'ഓം', 'ഗണപതി' എന്നീ പ്രയോഗങ്ങളും ക്രിസ്ത്യാനികള്‍ 'കുരിശ്'  
എന്നിവയെല്ലാം
വിവാഹ ക്ഷണപത്രങ്ങളുടെ മുകളില്‍ ചേര്‍ക്കുമെങ്കിലും ഇംഗ്ളീഷില്‍ കല്യാണക്കുറി  
എഴുതിയില്ലെങ്കില്‍
അതു തങ്ങളുടെ പദവിയ്ക്ക് ക്ഷീണമാണ് എന്ന സംസ്കാരമാണ് കേരളത്തിലുള്ളത്.  
മുന്‍കാലത്ത്
മേലാളന്മാരുടെയും ഇടത്തരക്കാരുടെയും ഇടയില്‍ മാത്രം നിലനിന്നിരുന്ന ഇത്തരം  
വികൃത സംസ്കാരവും
ധൂര്‍ത്തും ഇപ്പോള്‍ കല്യാണത്തിനും സ്ത്രീധനത്തിനും കടമെടുക്കുന്ന  
പാവപ്പെട്ടവരുടെ ഇടയിലേക്കും
പ്രചരിച്ചിരിക്കുന്നു.

ചലച്ചിത്രവും സംസ്കാരവും

ഒരു സമൂഹത്തിന്റെ സുഗമമായ പുരോഗതിക്കും സന്തുഷ്ടമായ നടത്തിപ്പിനും  
വിശ്രമവേളകള്‍ ആവശ്യമാണ്,
അതുപോലെതന്നെ അത്തരം വിശ്രമവേളകള്‍ ചിലവഴിക്കാനുള്ള ഉപാധികളും.  
ചരിത്രപ്രസിദ്ധമായ മൂന്നു
മെയ്ദിന’ആവശ്യങ്ങളില്‍പ്പെട്ടതാണ് എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍  
വിനോദം, എട്ടു മണിക്കൂര്‍
വിശ്രമം എന്ന മെയ്ദിന മുദ്രാവാക്യം. ഇതിലെ വിനോദത്തില്‍ വിശ്രമവേളകള്‍  
ഉള്‍പ്പെടുന്നില്ല.
ഇവിടെ വിനോദം എന്നത് വിദ്യാഭ്യാസം, വായന, സുഹൃദ് സന്ദര്‍ശനം, കായിക കേളികള്‍,  
കലാപ്രകടന
ആസ്വാദനങ്ങള്‍ മുതലായവയാണ്. പഴയകാലത്തെ ഈ വിനോദവേളകള്‍ ചിലവഴിക്കാന്‍  
ഉത്സവങ്ങള്‍,
പെരുന്നാളുകള്‍, നാടന്‍ കളികള്‍ മുതലായവ സുലഭമായിരുന്നു. ഇന്നും  
കായികവിനോദങ്ങള്‍ സമൂഹത്തിന് ഹരം
പകരുന്നവയാണ്. എന്നാല്‍ അത്രതന്നെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് നാടകവും  
സിനിമയും മറ്റും.
ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ ഈ വിനോദങ്ങള്‍ കൂട്ടായി ജനങ്ങള്‍ അണിനിരന്ന്  
ആസ്വദിക്കുന്നതിനു
പകരം വീടുകളിലെ ടെലിവിഷന്‍ മുറികളിലേക്കും റേഡിയോയിലേക്കും  
ചുരുങ്ങിയിട്ടുണ്ട്. എങ്കിലും
വലിയ തിരശ്ശീലയിലെ ദൃശ്യകലകള്‍ ഇപ്പോഴും നമ്മെ ആകര്‍ഷിക്കുന്നു. ഇവയില്‍  
സിനിമയ്ക്ക്
മലയാളക്കരയില്‍ സവിശേഷ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ അത്യുത്തമ  
ചലച്ചിത്രങ്ങളില്‍ വലിയപങ്ക്
ചെറിയ കേരളത്തിന്റെ വകയാണ്. ഇന്ത്യയിലെ പതിനയ്യായിരത്തോളം വരുന്ന  
സിനിമാശാലകളില്‍
രണ്ടായിരത്തോളം കേരളത്തിലാണ്. അതായത് ഇന്ത്യന്‍ ജനസംഖ്യയില്‍ നാല് ശതമാനം  
മാത്രമുള്ള
കേരളീയര്‍ക്ക് ഏഴു ശതമാനത്തിലേറെ സിനിമാശാലകള്‍ എന്നത് പരിഗണിക്കേണ്ട ഒരു  
പ്രശ്നമാണ്.
വാസ്തവത്തില്‍ സിനിമകള്‍ കേരളത്തില്‍ വളരെ വൈകിയാണ് വര്‍ധിക്കാനാരംഭിച്ചത്.  
1947ല്‍
സ്വാതന്ത്യ്രം നേടുന്ന സന്ദര്‍ഭത്തില്‍ മലയാളത്തിനാകെ ഉണ്ടായിരുന്നത് മൂന്നോ  
നാലോ സിനിമകള്‍
മാത്രം. തമിഴര്‍ക്കാകട്ടെ അതിനകം തന്നെ വര്‍ഷംപ്രതി ഏഴു മുതല്‍ പതിമൂന്നു വരെ  
സിനിമകള്‍
ഉണ്ടാകാറുണ്ടായിരുന്നു. തെലുങ്കിലും മറിച്ചായിരുന്നില്ല സ്ഥിതി. ഹിന്ദിയില്‍  
അതിലേറെ. ഈ
സ്ഥിതിക്ക് മാറ്റം വന്നുതുടങ്ങിയത് 1950കളിലാണ്. അമ്പതുകളില്‍ തിക്കുറിശ്ശിയും  
പ്രേംനസീറും
സത്യനും കുമാരിയും ഷീലയും പി ഭാസ്കരനും രാമു കാര്യാട്ടും മറ്റും രംഗത്തു  
വന്നതോടെ സിനിമ
തഴച്ചുവളരാന്‍ തുടങ്ങി. സുബ്രഹ്മണ്യത്തിന്റെ തിരുവനന്തപുരം മെരിലാന്‍ഡ്  
സ്റുഡിയോയും കുഞ്ചാക്കോയുടെ
ആലപ്പുഴയിലെ ഉദയ സ്റുഡിയോയും മറ്റും ഇക്കാലത്ത് പ്രവര്‍ത്തിക്കാന്‍  
തുടങ്ങിയെങ്കിലും മലയാള
സിനിമയുടെ മുഖ്യആശ്രയം ചെന്നൈയിലെ കോടമ്പാക്കം തന്നെയായിരുന്നു. കേരളത്തിലെ  
സിനിമാക്കാര്‍
അവിടെ കുടിയേറിപ്പാര്‍ത്ത് സിനിമ നിര്‍മിച്ച് കേരളത്തിലേക്ക് കയറ്റുമതി  
ചെയ്യുകയായിരുന്നു
പതിവ്. ഈ ദുരവസ്ഥ പരിഹരിക്കാന്‍ 1975ല്‍ കേരള സ്റേറ്റ് ഫിലിം ഡെവലപ്മെന്റ്  
കോര്‍പറേഷനും
ചിത്രാഞ്ജലി സ്റുഡിയോയും സര്‍ക്കാര്‍ നേരിട്ട് സ്ഥാപിച്ചുവെങ്കിലും മലയാള  
സിനിമയെ
ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പറിച്ചുനടാന്‍ സാധിച്ചില്ല.  
സിനിമാക്കാര്‍ക്ക് വേണ്ട വായ്പാ
സൌകര്യങ്ങളും ചെന്നെയിലായിരുന്നു കൂടൂതല്‍.

ഇങ്ങനെയൊക്കെ ഉള്ള പരാശ്രയം മലയാള സിനിമയുടെ രൂപഭാവങ്ങളെ
തമിഴ്ചുവയുള്ളതാക്കിത്തീര്‍ത്തെങ്കിലും നല്ല സിനിമകള്‍ കേരളത്തില്‍  
വര്‍ധിക്കാന്‍ തുടങ്ങി. അങ്ങനെ
1980കള്‍ ആകുമ്പോഴേക്കും പ്രതിവര്‍ഷം നൂറ്റിഅമ്പതോളം ചലച്ചിത്രങ്ങള്‍  
മലയാളത്തില്‍
ഉത്പാദിപ്പിക്കപ്പെടുംവരെ എത്തി. ഇത് ഹിന്ദി ഒഴിച്ച് ഇന്ത്യന്‍  
ഭാഷകള്‍ക്കൊന്നും
എത്തിപ്പിടിക്കാന്‍ കഴിയാത്ത റെക്കോഡ് സംഖ്യയായിരുന്നു.

ലോകത്തെവിടെയും എന്നപോലെ മലയാളക്കരയിലും വെറും കച്ചവട സിനിമകളും കലാ സിനിമകളും  
ഉണ്ട്.
രാമു കാര്യാട്ട്, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ബക്കര്‍, എം ടി  
വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍
കലാമൂല്യമുള്ള സിനിമകള്‍ നിര്‍മിച്ച് ദേശീയവും സാര്‍വദേശീയവുമായ  
പുരസ്കാരങ്ങള്‍ നേടിയപ്പോള്‍
കോളിവുഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഭൂരിപക്ഷം വ്യാപാരനിര്‍മിതികളാണ്  
ജനലക്ഷങ്ങളെ
ആകര്‍ഷിച്ചത്. ഇവരില്‍ തന്നെ ബക്കറും എം ടിയും കാര്യാട്ടും ജനപ്രീതി എന്ന പോലെ
കലാമൂല്യത്തിനും തുല്യത നല്‍കി സാര്‍വജനീന ചിത്രങ്ങള്‍ രചിച്ചു എന്നു പറയാം.  
ടെലിവിഷന്റെ വരവ്
സിനിമാശാലകളില്‍ പോകുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തിയതുമൂലം ഒരു വ്യവസായം  
എന്ന നിലയില്‍
സിനിമയ്ക്ക് ഉടവ് തട്ടിയിട്ടുണ്ട്. പക്ഷേ ഒരുടവ് മാത്രം. പഴയ  
പ്രതിവര്‍ഷോല്‍പ്പാദനമായ
100-120-150ല്‍ നിന്ന് 60-65 ലേക്കുള്ള കുറവ്. സംസ്ഥാന ഫിലിം ഫെസ്റിവലുകളും  
സാര്‍വദേശീയ
ഫെസ്റിവലുകളും ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ മറ്റു പല  
സംസ്ഥാനങ്ങളെക്കാള്‍
സജീവവും ഫലപ്രദവുമാണ്.

മലയാള സിനിമകള്‍ ആദ്യകാലങ്ങളില്‍ തോപ്പില്‍ ഭാസി, പി ഭാസ്കരന്‍, തകഴി, ഉറൂബ്  
മുതലായ പ്രശസ്ത
എഴുത്തുകാരുടെ കഥകളെ ഉപജീവിച്ചായിരുന്നതിനാല്‍ മലയാള സാഹിത്യാഭിരുചി  
പ്രചരിപ്പിക്കുവാനും
മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും കഴിഞ്ഞിരുന്നു. പക്ഷേ ക്രമേണ അവ  
ദേശീയവും
പ്രാദേശികവും ആയ സ്വഭാവങ്ങള്‍ ചേര്‍ന്ന് ഒരുവക കോസ്മോപൊളിറ്റന്‍ കൃത്രിമ  
സംസ്കാരത്തിലേക്ക്
(പ്രത്യേകിച്ചും ഒരു നഗരവല്‍കൃത ഇടത്തരക്കാരുടെ) വഴുതി നീങ്ങുകയാണ്. ഹിന്ദി  
സിനിമയാണ് ഈ
വ്യതിയാനത്തിന് ആക്കം കൂട്ടിയത്. വസ്ത്രധാരണത്തിലും പെരുമാറ്റ മര്യാദയിലും  
മണ്ണിന്റെ മണം
പോയി. പാശ്ചാത്യവും പൌരസ്ത്യവുമായ ചില രീതികള്‍ കടന്നുകൂടി. ഭക്ഷണശീലങ്ങളിലും  
അത്
കാണാനുണ്ട്. ശുഭ്രവസ്ത്രധാരികളായ സ്ത്രീപുരുഷന്മാരെ ഇന്ന് കേരളത്തില്‍  
കാണാനില്ല. സ്ത്രീകള്‍ക്ക്
ചുരിദാറും കമീസും മതി. പുരുഷന്മാര്‍ക്കാകട്ടെ പാന്റ്സും കണ്ഠ കൌപീനവും.  
കോട്ടിട്ടു ടൈ
കെട്ടാതെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് അന്തസ്സിന് കുറവാണെന്ന്  
ധരിച്ചുവശായിട്ടുള്ള
ഒരുതരം കോസ്മോപൊളിറ്റന്മാരാണ് ടിവികള്‍ നടത്തുന്നത് എന്ന് തോന്നുന്നു. ഭാഷയിലും
വിദ്യാഭ്യാസത്തിലും നാം പരാമര്‍ശിച്ച ആംഗലഭ്രമം എവിടേയും പ്രകടമാണ്.  
സ്വാതന്ത്യ്രസമരകാലത്ത്
പുച്ഛിക്കപ്പെട്ടിരുന്ന ഈ കൊളോണിയല്‍ സംസ്കാരം ഇപ്പോള്‍ വര്‍ധിച്ച വീര്യത്തോടെ  
സമൂഹത്തെ
ആക്രമിക്കുന്നതില്‍ ചലച്ചിത്രങ്ങള്‍ മാത്രമല്ല ടിവിയും പത്രങ്ങളും വഹിക്കുന്ന  
പങ്കും ചെറുതല്ല.

കംപ്യൂട്ടര്‍ യുഗം

കംപ്യൂട്ടറും ബന്ധപ്പെട്ട ഇന്റര്‍നെറ്റ് മുതലായവയും ഭാഷാ പ്രയോഗത്തിലും  
ഘടനയിലും പുതിയ
വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. മലയാളത്തില്‍ കംപ്യൂട്ടര്‍ മുഖേന ഡിടിപിയും  
മറ്റും ചെയ്യാമെങ്കിലും
ഇപ്പോഴും കംപ്യൂട്ടറിന്റെ അടിസ്ഥാന പ്രയോഗങ്ങള്‍ കമാന്‍ഡ് കൊടുക്കുക- മുതലായവ  
ഇംഗ്ളീഷില്‍
തന്നെയാണ് നിര്‍വഹിക്കപ്പെടുന്നത്. ഹിന്ദി, ബംഗാളി, തമിഴ് മുതലായ ഭാഷകളില്‍  
പോലും ഈ
ഇംഗ്ളീഷ് ആശ്രയത്വം ഇല്ലെന്നിരിക്കെ മലയാളത്തില്‍ എന്തിനാണ് ഈ പരാശ്രയത്വം  
തുടരുന്നത്?

കംപ്യൂട്ടറിന് അക്ഷരവിന്യാസത്തെക്കുറിച്ച് എല്ലാ ഭാഷകള്‍ക്കും ബാധകമായ  
യൂണികോഡ് എന്നൊരു
വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പരിശോധിച്ച് തമിഴിലും ഹിന്ദിയിലും ഒക്കെപോലെ  
മലയാളവും ഈ
വ്യവസ്ഥയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിനായി ആറേഴ് വര്‍ഷം മുമ്പു  
തന്നെ ഒരു
കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും അവര്‍ ശുപാര്‍ശകള്‍  
സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ അതംഗീകരിക്കുകയും യൂണികോഡ് അധികൃതരുമായി അതു സംബന്ധിച്ച്  
എഴുത്തുകുത്ത്
നടത്തിക്കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ ആ പ്രക്രിയ വളരെ മന്ദഗതിയിലാണ്  
പുരോഗമിക്കുന്നത്.
വര്‍ഷങ്ങള്‍ കഴിഞ്ഞുപോയിട്ടും അത് ആരുടെയൊക്കെയോ ഫയലില്‍  
കെട്ടിക്കിടക്കുകയാണ്. അതില്‍ ഒരു
തര്‍ക്കവിഷയമായി വന്നത് എന്ന ലിപി മലയാള അക്ഷരമാലയില്‍ നിലനിര്‍ത്തേണ്ടതുണ്ടോ  
എന്നതാണ്.
എന്നത് ഇപ്പോള്‍ ഒരു വാക്കില്‍ മാത്രമേ മലയാളത്തില്‍ പ്രയോഗിക്കുന്നുള്ളു.  
കപ്തം എന്ന വാക്കില്‍
മാത്രമാണ്. അത് വാസ്തവത്തില്‍ ‘ക്ളാവ്’ എന്നതിലെ ക്ള’യ്ക്ക് വള്ളിയിട്ട്  
ക്ളിപ്തം എന്നാക്കിയാല്‍
ഒരു തകരാറുമില്ല. കംപ്യൂട്ടര്‍ ചര്‍ച്ചയില്‍ വന്ന മറ്റൊരു തര്‍ക്കം നേരത്തെ  
നാം ചര്‍ച്ച ചെയ്തപോലെ
സ്വരവ്യഞ്ജനങ്ങള്‍ പലതും അടര്‍ത്തി എടുക്കേണ്ട കാര്യം കംപ്യൂട്ടറിന്  
ഇല്ലെന്നും അതിനാല്‍ പഴയ
സമ്പ്രദായത്തിലേക്ക് പോയാല്‍ തെറ്റൊന്നുമില്ല എന്നുമാണ്. ഈ വാദത്തില്‍ അല്പം  
ശരിയുണ്ടെങ്കിലും
പൊതുവേ ലിപികളുടെ എണ്ണം വര്‍ധിപ്പിക്കുന്ന നിര്‍ദേശം അസ്വീകാര്യമാണ്. ഭാഷയുടെ  
പുരോഗതിക്ക്
ലിപി ബാഹുല്യം സഹായകരമല്ല.

എന്നാല്‍ മറ്റു ചില യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട കാര്യം കൂടുതല്‍  
ചര്‍ച്ചയ്ക്ക് വിധേയമാകണം.
ഉദാഹരണത്തിന് ‘പനയിലെ 'ന'യും ‘നായയിലെ 'ന'യും വ്യത്യസ്തമായ ഉച്ചാരണങ്ങളുള്ള
അക്ഷരങ്ങളാണെങ്കിലും അവയ്ക്കിപ്പോള്‍ ഒരേ ലിപിയാണ് രണ്ടിനും ഉപയോഗിക്കുന്നത്.  
അതുപോലെ
‘'ട'യും ‘'റ്റ'’യും വേര്‍തിരിച്ചു കാണിക്കാന്‍ ഒരു വ്യവസ്ഥ വേണം. മുന്‍പ് ടി  
കെ ജോസഫ് എന്നൊരു
പണ്ഡിതന്‍ റ്റയ്ക്ക് 'ശ' കുനിപ്പുള്ള ഭാഗം കുത്തിനിര്‍ത്തിയാല്‍ മതിയെന്ന്  
വാദിക്കുകയുണ്ടായി.
എല്ലാവരും പ്രൊഫസര്‍ ടി കെ ജോസഫിനെ ശി കെ ജോസഫ് എന്നു പറഞ്ഞ് കളിയാക്കിയതല്ലാതെ
ഫലമൊന്നും ഉണ്ടായില്ല.

ഇതുപോലെ തന്നെയാണ് ചില വാക്കുകളുടെ പ്രശ്നവും. ഇംഗ്ളീഷിലെ സ്പെല്ലിങ്ങിനെ  
പരുക്കനായി
ഉപയോഗിച്ച് യഥാര്‍ഥ പേരിനെ വികൃതമാക്കുന്ന ഏര്‍പ്പാടാണിത്. അങ്ങനെ തുര്‍ക്കിയെ  
ടര്‍ക്കിയായും
ദില്ലിയെ ഡല്‍ഹിയായും മറ്റും മാറ്റിയെഴുതി വികൃതമാക്കുന്ന സമ്പ്രദായം  
പരിഹരിക്കാന്‍ സര്‍ക്കാരും
പ്രസാധകരും അച്ചുകൂടക്കാരും സാഹിത്യ അക്കാദമി, ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്  
മുതലായവയും ചേര്‍ന്ന് ഒരു
ശൈലീപുസ്തകം തയ്യാറാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഭാഷ, സംസ്കാരം, സ്വാതന്ത്ര്യം

മെച്ചപ്പെട്ട പ്രഹരശക്തിയുള്ള ഒരു സൈന്യത്തിന് ഒരു രാജ്യം തന്നെ പിടിച്ചടക്കി  
ആധിപത്യം
സ്ഥാപിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ആധിപത്യം നിലനിര്‍ത്താനും സുസ്ഥിരമായ  
ഭരണം സ്ഥാപിക്കാനും
സൈനികാധികാരം മാത്രം പോര. അതിന് അധികാര ശക്തിക്ക് ആവശ്യങ്ങള്‍ക്കുതകുന്ന ഒരു  
സംസ്കാരവും ആ
സംസ്കാരത്തിന്റെ വാഹനമായ ഒരു ഭാഷയും കൂടിയേ കഴിയൂ. ആര്യന്മാര്‍ വന്നപ്പോള്‍  
സംസ്കൃതവും
മുഗളന്മാര്‍ എത്തിയപ്പോള്‍ പേര്‍ഷ്യനും ബ്രിട്ടീഷുകാര്‍ ഇംഗ്ളീഷും  
പ്രചരിപ്പിച്ചത് അങ്ങനെയാണ്.
ഇപ്പോഴും ഇംഗ്ളീഷ് ഭാഷ തുടരുന്നത് പഴയ ആധിപത്യത്തിന്റെ തുടര്‍ച്ചയാണ്. പ്രശസ്ത  
എഴുത്തുകാരി ഗൌരി
വിശ്വനാഥന്റെ പദപ്രയോഗം അനുസരിച്ച് ‘'ഠവല ാമസെ ീള ജീംലൃ'.’ (അങ്ങനെയാണ് അവരുടെ
പുസ്തകത്തിന്റെ പേര്).

ഭാഷ ആശയവിനിമയോപാധി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിഷ്പക്ഷ  
മാധ്യമമല്ല. സമൂഹത്തിലെ
അധികാരഘടനയെ പ്രതിബിംബിക്കുകയും അതിനെ നിലനിറുത്തുകയും സമൂഹത്തിലെ  
ഉച്ചനീചത്വങ്ങള്‍
അനുസരിച്ചുള്ള അര്‍ഥവ്യവസ്ഥകളോടുകൂടിയതുമാണ്. ഉല്‍കൃഷ്ട ഭാഷ എന്നത്  
പൂണൂല്‍ക്കാരായ
ത്രൈവര്‍ണികരുടേതാണെന്നും കീഴാളരുടേത് അപകൃഷ്ട ഭാഷ യാണെന്നും തന്നെ  
നൂറ്റാണ്ടുകള്‍ക്കു മുമ്പ്
ലീലാതിലകകാരന്‍ വിധിച്ചിട്ടുള്ളത് ഓര്‍ക്കുക. അടിയനും ഭടനും ഞാനും നാമും  
എല്ലാം ഉത്തമ പുരുഷന്‍
തന്നെ. അതുപോലെ നീയും നിങ്ങളും താങ്കളും അവിടന്നും ദ്വിതീയ പുരുഷവചനങ്ങള്‍  
തന്നെ. വ്യത്യാസം
സംസാരിക്കുന്നവരുടെ സാമൂഹ്യപദവിയിലുള്ളതു മാത്രം.

ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് വേണം മാതൃഭാഷകളുടെ അപചയത്തെയും  
അധഃസ്ഥിതിയെയും
അതിനോടുള്ള അവജ്ഞയെയും കണക്കിലെടുക്കാന്‍. ഭാഷയുടെ പദവി താഴ്ത്തിക്കെട്ടുകയും  
മേലാളരുടെ
ഭാഷാ പ്രയോഗങ്ങള്‍ തിരുകിക്കയറ്റുകയും ചെയ്യുന്നവര്‍ നമ്മുടെ  
സ്വാതന്ത്യ്രത്തെയും തനിക്കുതാന്‍
പോരിമയെയും സ്വയം താഴ്ത്തിക്കെട്ടുകയാണ്. ആരും സൈന്യവുമായി ആക്രമിക്കുവാന്‍  
വരുന്നതിനുമുമ്പുതന്നെ
സ്വയം സ്വാതന്ത്യ്രം അവരുടെ കാല്‍ക്കല്‍ അര്‍പ്പിക്കുന്ന മാനസികമായ അടിമത്തം.

മലയാളിയുടെ ഭാഷയും സംസ്കാരവും ഈ അപഥ സഞ്ചാരത്തിലേക്ക് നീങ്ങുന്ന കാഴ്ച  
ഭയാനകമാണ്.
സംഘടിതവും സ്വാഗതാര്‍ഹവുമായ പൊതുജനാഭിപ്രായത്തിന്റെ പിന്‍ബലത്തോടെ ഈ ദുരവസ്ഥ  
ദൂരീകരിക്കാന്‍
നടപടികള്‍ ഉണ്ടാകണം. ഭരണരംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ വ്യവസ്ഥയിലും
മാധ്യമശൈലിയിലും ഈ നടപടി കൂടിയേ തീരൂ. സ്വകാര്യ സംഭാഷണത്തില്‍ പോലും.

*
പി ഗോവിന്ദപ്പിള്ള കടപ്പാട്: ദേശാഭിമാനി വാരിക 23 ജനുവരി 2011
Things you can do from here:
- Subscribe to വര്‍ക്കേഴ്സ് ഫോറം using Google Reader
- Get started using Google Reader to easily keep up with all your
favorite sites
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110122/c1476468/attachment-0002.htm>


More information about the discuss mailing list