[smc-discuss] Fwd: [DAKF] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാല്പത്തിഎട്ടാം സംസ്ഥാനവാ൪ഷികം അംഗീകരിച്ച പ്രമേയം KSSP Resolution on need for ensuring use of Malayalam in Courts, depts, banks etc

Anivar Aravind anivar.aravind at gmail.com
Thu Mar 17 02:52:06 PDT 2011


"യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ സാങ്കേതിക പ്രശ്നങ്ങള്‍"  എന്നതിലെ
ഫോണ്ടുകളുടെ എന്ന വാക്ക് വേണ്ടായിരുന്നു .


---------- Forwarded message ----------
From: Ashok S <ashokan.nkl at gmail.com>
Date: 2011/3/16

  ഒരു സുപ്രധാന ചുവടു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാല്പത്തിഎട്ടാം സംസ്ഥാനവാ൪ഷികം അംഗീകരിച്ച പ്രമേയം

  വിവരസാങ്കേതിക വിദ്യാരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വ൪ദ്ധിപ്പിക്കുക

               ലോകത്തെല്ലായിടത്തേയും പോലെ കേരളത്തിലും വിവരസാങ്കേതിക
വിദ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലും വ്യാപിക്കുകയാണ്.
വിവരസാങ്കേതികവിദ്യയുടെ ഈ വ്യാപനം അറിഞ്ഞോ അറിയാതെയോ നമ്മുടെ
ദൈനംദിനവ്യവഹാരങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന
രീതിയിലായി മാറുന്നു എന്ന വസ്തുതയിലെ അപകടം ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍
ആഗ്രഹിക്കുന്നു. കേരള സര്‍ക്കാരിന്റെ പ്രധാന വെബ്സൈറ്റ് മലയാളത്തില്‍
ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. മലയാളം ഉള്ള നിരവധി വെബ്സൈറ്റുകളില്‍
പോലും ഏകീകൃതലിപികള്‍ (ഫോണ്ടുകള്‍) ഉപയോഗപ്പെടുത്താത്തതുകാരണം
വിദേശമലയാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും അവ അപ്രാപ്യമായി തുടരുന്നു എന്ന
യാഥാര്‍ത്ഥ്യവുമുണ്ട്. കേരളവുമായി ബന്ധപ്പെട്ട എല്ലാ ഐടി സംവിധാനങ്ങളിലും
യൂണികോഡ് സമ്പ്രദായത്തിലുള്ള മലയാളലിപികള്‍ ഉപയോഗപ്പെടുത്തി ഇവയുടെ
ഉപയോഗം സുഗമമാക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതു
നടപ്പിലാക്കുന്നില്ല.

              ബഹുഭൂരിപക്ഷം പേരുടെ കയ്യിലും മൊബൈല്‍ഫോണ്‍
എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഭരണസുതാര്യതക്കായി
ഉപയോഗപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ എം-ഗവേണ്‍സ് അഥവാ മൊബൈല്‍
ഭരണപദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം പദ്ധതികളില്‍ അയക്കുന്ന
എസ്.എം.എസുകള്‍ മലയാളത്തിലല്ല മറിച്ച് ഇംഗ്ലീഷിലാണ് എന്ന കുറവ്
ചൂണ്ടികാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് ലിപി അറിയാത്ത
സാധാരണ സാക്ഷരര്‍ക്ക് മൊബൈല്‍ ഭരണസംവിധാനം ഉപയോഗിക്കുന്നതിന് ഈ കുറവ്
തടസ്സമാകുന്നു. മൊബൈല്‍ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ തനതുലിപിയിലുള്ള
ഉപയോഗം സാധ്യമാക്കാനും, പ്രചരിപ്പിക്കാനും ഉള്ള നടപടികള്‍ ഉടന്‍
തുടങ്ങണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
മലയാളത്തേക്കാള്‍ എത്രയോ അധികം സങ്കീര്‍ണ്ണമായ ലിപികളുള്ള ചൈനീസ്,
ജാപ്പാനീസ് ഭാഷകള്‍ മൊബൈല്‍ ഫോണുകളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന
സാഹചര്യത്തില്‍ മലയാളം ലിപി ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത് സാങ്കേതികമായി
അസാധ്യമായ ഒരു കാര്യമല്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന
സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷകര്‍, മൊബൈല്‍ ഫോണ്‍
നിര്‍മ്മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുടെ സഹായം തേടാന്‍ സര്‍ക്കാര്‍
മുന്‍കൈയെടുക്കണം എന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
                    മലയാളം മറന്നുകൊണ്ടുള്ള ഐടി വ്യാപനത്തിന്റെ
അപകടങ്ങളെപ്പറ്റി പറയുമ്പോള്‍ തന്നെ, ഐടിയുടെയും വിശേഷിച്ച് യൂണികോഡ്
സാങ്കേതികവിദ്യയുടേയും വളര്‍ച്ച മലയാളമുള്‍പ്പെടെയുള്ള എല്ലാ
പൌരസ്ത്യഭാഷകള്‍ക്കും തരുന്ന പുതിയ സാധ്യതകള്‍ കേരളത്തിലെ
ഭരണവകുപ്പുകളിലും കോടതികളിലും, ബാങ്ക്, സഹകരണബാങ്ക് മുതലായ
ധനകാര്യസ്ഥാപനങ്ങളിലും മലയാളത്തിന്റെ പ്രയോഗം വ്യാപകമാക്കാന്‍
ഉപയോഗിക്കണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റര്‍നെറ്റും,
യൂണികോഡും വ്യാപകമാകുന്നതിന് മുമ്പ് സാങ്കേതിക വൈഷമ്യങ്ങള്‍, വിശേഷിച്ചും
ടൈപ്പ്റൈറ്റര്‍ കീബോര്‍ഡുമായി ബന്ധപ്പെട്ട സാങ്കേതികവൈഷമ്യങ്ങള്‍,
മലയാളത്തിന്റെ വ്യാപകഉപയോഗത്തെ തടസ്സപ്പെടുത്തിയിരുന്നു എന്നത്
വസ്തുതയാണ്. എന്നാല്‍ സാങ്കേതികവിദ്യാരംഗത്തെ പുതിയ മുന്നേറ്റങ്ങള്‍
അത്തരം വൈഷമ്യങ്ങള്‍ പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് സന്തോഷപ്രദമാണ്.
ഈ പുതിയ സാഹചര്യത്തില്‍ മലയാളത്തിന്റെ ഔദ്യോഗികരംഗത്തെ ഉപയോഗം
ശക്തിപ്പെടുത്താന്‍ താഴെപറയുന്ന നടപടികള്‍ എടുക്കണമെന്ന് ഞങ്ങള്‍
അഭ്യര്‍ത്ഥിക്കുന്നു.

1)ഏറ്റവും താഴ്ന്നതലം മുതല്‍ ഏറ്റവും ഉയര്‍ന്നതലം വരെയുള്ള
(ഐ.എ.എസ്.കാര്‍ ഉള്‍പ്പെടെ) എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മലയാളം
ഫയലുകള്‍ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം
ഉറപ്പാക്കാനുള്ള പരിശീലനം നല്‍കണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡ്
ഉള്‍പ്പെടെയുള്ള സ്കൂള്‍ / കോളേജ് അധ്യാപകര്‍ക്കും മലയാളം
കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കാനുള്ള സംവിധാനം
ഒരുക്കണം. ഐടി അറ്റ് സ്കൂള്‍ മുതലായ നിലവിലുള്ള സംവിധാനങ്ങളെ
ഇതിനുപയോഗപ്പെടുത്തണം. കടലാസ് രഹിത ഭരണസംവിധാനത്തിന്റെ ഭാഗമായി എല്ലാ
ഉദ്യോഗസ്ഥരുടെ മുമ്പിലും കമ്പ്യൂട്ടര്‍ ടെര്‍മിനലുകള്‍ എത്തുമ്പോള്‍
അവര്‍ ഫയലുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കില്ല എന്നത് ഉറപ്പുവരുത്താന്‍
ഇതാവശ്യമാണ്.

2) ബാങ്ക്, സഹകരണബാങ്ക് മുതലായ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും
ഇത്തരം പരിശീലനസംവിധാനം ഒരുക്കണം. എല്ലാ രേഖകളും മലയാളത്തില്‍ കൂടി
ലഭ്യമാക്കാന്‍ ഈ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളെ പ്രേരിപ്പിക്കണം.

3)നിലവില്‍ ഇംഗ്ലീഷില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പെട്ടെന്ന്
മലയാളത്തിലേക്ക് മാറുക എളുപ്പമല്ല എന്ന യാഥാര്‍ത്ഥ്യമുണ്ട്. ഈ മാറ്റം
എളുപ്പമാക്കാന്‍ വേണ്ടി കേരള സര്‍ക്കാരിന്റെ മുന്‍കയ്യില്‍ വെബ്അധിഷ്ഠിത
യാന്ത്രികതര്‍ജമ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അതിവേഗം
തുടങ്ങണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സംവിധാനം
നടപ്പിലായാല്‍ ഇന്ന് ഇംഗ്ലീഷില്‍ ഉത്തരവുകളും, വിധികളും തയ്യാറാക്കുന്ന
ഉന്നതഉദ്യോഗസ്ഥര്‍ക്കും, ജഡ്ജിമാര്‍ക്കും ഇംഗ്ളീഷ് പകര്‍പ്പിനോടൊപ്പം
തത്സമയം തന്നെ അതിന്റെ മലയാളം പകര്‍പ്പും (ആവശ്യമെങ്കില്‍ ഹിന്ദി
പകര്‍പ്പും) തയ്യാറാക്കാനും, അതുവഴി ഭരണഭാഷ (കോടതിഭാഷയും) മലയാളമാക്കുന്ന
പ്രക്രിയ ത്വരിതപ്പെടുത്താനും കഴിയും.

4) മലയാളം ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധി ശാസ്ത്രസാങ്കേതിക
പ്രസിദ്ധീകരണങ്ങളുടെ കുറവാണ്. മൌലികമായ കൃതികളുടെ രചനവഴിയും, തര്‍ജ്ജമ
വഴിയും ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരു ബൃഹദ്പരിപാടി
ആവിഷ്കരിക്കണമെന്നും ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
മുകളില്‍ സൂചിപ്പിച്ച യാന്ത്രികതര്‍ജ്ജമസംവിധാനം നടപ്പിലായാല്‍ അത് ഈ
കുറവ് പരിഹരിക്കാനും വഴിയൊരുക്കും.

5)യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ സാങ്കേതിക പ്രശ്നങ്ങള്‍ പൂ൪ണ്ണമായി
പരിഹരിക്കുന്നതിനും ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ്‌ പോലുള്ള കുത്തകകളുടെ
താല്പര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് തടയുന്നതിനുമായി കേരള സ൪ക്കാ൪
യൂണിക്കോഡ് കണ്‌സോ൪ഷ്യത്തില്‍ അംഗമാകണമെന്നും ഞങ്ങള്‍ അഭ്യ൪ത്ഥിക്കുന്നു,

--
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
(Democratic Alliance for Knowledge Freedom)
To unsubscribe, email to dakf+unsubscribe at googlegroups.com
Visit : http://groups.google.com/group/dakf?hl=en



-- 
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth
-------------- next part --------------
A non-text attachment was scrubbed...
Name: KSSP48thStateConfResolutionOn Malayalm.pdf
Type: application/pdf
Size: 41070 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110317/92b609aa/KSSP48thStateConfResolutionOnMalayalm.pdf>
-------------- next part --------------
A non-text attachment was scrubbed...
Name: KSSP48thStateConfResolutionOn Malayalm.odt
Type: application/vnd.oasis.opendocument.text
Size: 52549 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110317/92b609aa/KSSP48thStateConfResolutionOnMalayalm.odt>


More information about the discuss mailing list