[smc-discuss] ഫോണ്ടുകള്‍
Santhosh Thottingal
santhosh.thottingal at gmail.com
Sun Oct 20 05:24:00 PDT 2013
കഴിഞ്ഞയാഴ്ച നമ്മള്‍ പുറത്തിറക്കിയ 5.1, 6.0 പതിപ്പുകള്‍ നിങ്ങള്‍ ഉപയോഗിച്ചു
തുടങ്ങിയെന്നു കരുതുന്നു.
http://wiki.smc.org.in/Fonts എന്ന പേജില്‍ നിന്നും അവ ഡൌണ്‍ലോഡ്
ചെയ്യാവുന്നതാണു്. ഫെഡോറ, ഡെബിയന്‍, ഉബുണ്ടു ഓപ്പറേറ്റീങ്ങ് സിസ്റ്റങ്ങളില്‍
ഇവ പതിയേ ലഭ്യമായിത്തുടങ്ങും.
പുറത്തിറക്കിയ ശേഷം പെട്ടെന്നു കണ്ട ചില ബഗ്ഗുകള്‍ പരിഹരിച്ചിട്ടുണ്ടു്. അത്ര
പ്രധാനപ്പെട്ടതല്ലാത്തതുകൊണ്ടു് ഡൌണ്‍ലോഡ് പുതുക്കുക മാത്രമേ ഉണ്ടായുള്ളു.
ഇവയാണു് ആ ബഗ്ഗുകള്‍:
1. ലൈബ്രറി എന്നൊക്കെ എഴുതുന്നതിലെ ബ്ര ഐസിയു(ഓപ്പണ്‍/ലിബ്രെ ഓഫീസ്)വില്‍ ബ്‌ര
എന്നായി കാണിക്കുന്നുണ്ടായിരുന്നു. നമ്മുടെ തൃശ്ശൂരിലെ പരിപാടിക്കുള്ള അവതരണം
തയ്യാറാക്കുന്നതിനിടയിലാണു് അതുകണ്ടതു്. പരിഹരിച്ചിട്ടുണ്ടു്
2. വര്‍ത്തുളം എന്നതു് കുത്തക്ഷരം ഇട്ടെഴുതുമ്പോള്‍ - വൎത്തുളം
എന്നെഴുതുമ്പോള്‍ ഉ-വിന്റെ സ്വരചിഹ്നം വേറിട്ടുവരുന്നുണ്ടായിരുന്നു. harfbuzz
ന്റെ ഡെവലപ്പര്‍ Behdad ന്റെ സഹായത്തോടെ(
http://lists.freedesktop.org/archives/harfbuzz/2013-October/003734.html)
അതു പരിഹരിച്ചിട്ടുണ്ടു്.
5.1 പതിപ്പ് മാസ്റ്റര്‍ ബ്രാഞ്ചിലും 6.0 mlm2 എന്ന ബ്രാഞ്ചിലുമാണു് നമ്മള്‍
ഗിറ്റ് റിപ്പോകളില്‍ വികസിപ്പിച്ചുകൊണ്ടിരുന്നതു്. 5.1 നു് ഇനി പുതുക്കലുകള്‍
ഉദ്ദേശിക്കുന്നില്ലാത്തതുകൊണ്ടു്(പഴയ ഓപ്പറേറ്റിങ്ങ്, റെന്‍ഡറിങ്ങ്
സംവിധാനങ്ങള്‍ക്കുള്ളതായതുകൊണ്ടു്) മാസ്റ്റര്‍ ബ്രാഞ്ചിലേക്ക് ഇന്നലെ mlm2
ബ്രാഞ്ച് കൂട്ടിച്ചേര്‍ത്തിട്ടുണ്ടു്. അടുത്ത പതിപ്പിനുള്ള പ്രവൃത്തികള്‍
മാസ്റ്റര്‍ ബ്രാഞ്ചില്‍ നടക്കും.
ഇപ്പോള്‍ നമ്മള്‍ പുറത്തിറക്കിയ പതിപ്പുകളിലെ പ്രധാന മാറ്റങ്ങള്‍ ഇവയാണു്:
1. മലയാളത്തിനെ സംബന്ധിച്ചു് ഒട്ടും ഉപകാരമില്ലാത്ത ഓട്ടോഹിന്റിങ്ങ്
ഒഴിവാക്കി. നിലവിലെ ചിത്രീകരണ സംവിധാനങ്ങള്‍ വളരെ മെച്ചപ്പെട്ടതായതുകൊണ്ടു്
ഓട്ടോഹിന്റിങ്ങിനെക്കാള്‍ നല്ല ഫലം അതില്ലാതിരിക്കുന്നതാണു്.
2. ഫോണ്ടിന്റെ ഫയല്‍ സൈസ് വളരെ കുറച്ചു. ഏകദേശം പകുതിയോളമാണു് മീരയുടെയും
രചനയുടെയും ഫയല്‍ വലിപ്പം കുറഞ്ഞിരിക്കുന്നതു്. 300 കിലോബൈറ്റ് ട്രൂടൈപ്പ്
ഫോണ്ടും 150ല്‍ താഴെ വെബ്‌ഫോണ്ട് സൈസും വരും. ഇതിനിയും കുറക്കാന്‍
സാധിക്കുമെന്നാണു് പ്രതീക്ഷിക്കുന്നതു്.
3. 16-ാം എന്നൊക്കെ എഴുമ്പോഴുള്ള കുത്തുവട്ടം ഒഴിവാക്കി
4. മലയാളം പൂജ്യത്തിന്റെ ചിഹ്നത്തില്‍ നിന്നും ചെറിയ വാല്‍ ഒഴിവാക്കി.
5. കുത്തക്ഷരത്തിന്റെ(dot repha) ചിത്രീകരണം കുറ്റമറ്റതാക്കി.
6. രകാരത്തിന്റെ ചിഹ്നം ( ്ര ) അക്ഷരങ്ങളുടെ ഇടത്തുവരാതെ കിടക്കുന്ന പ്രശ്നം
ഒഴിവാക്കി - ഖ്ര എന്നതു് ഉദാഹരണം.
7. പത്തു്, നൂറു്, ആയിരം, അര തുടങ്ങിയവയുടെ അക്ഷരചിത്രങ്ങള്‍ ചേര്‍ത്തു.
8. ലാറ്റിന്‍ അക്ഷരങ്ങളുടെ കെര്‍ണിങ്ങ്(ലളിതമായി പറഞ്ഞാല്‍ 'അടുപ്പം')
ഉപയോക്താക്കള്‍ക്കു് നേരിട്ടു് കാണാന്‍ കഴിയാത്ത ഒരുപാടു മാറ്റങ്ങള്‍ ഈ
പതിപ്പിലുണ്ടു്, പ്രധാനമായും അതിനാണു് കൂടുതല്‍ സമയം ചെലവായതു്.
1. ഓപ്പണ്‍ടൈപ്പിന്റെ mlm2 എന്ന മലയാളം ചിത്രീകരണം മാനകം ഉപയോഗിക്കുന്നു.
മിക്ക പുത്തന്‍ അപ്ലിക്കേഷനുകളിലും ഇതു് കൂടുതല്‍ കുറ്റമറ്റ ചിത്രീകരണം തരും.
രകാരത്തിന്റെ ചിഹ്നത്തെ സംബന്ധിച്ചു് പ്രധാനപ്പെട്ട ഒരു മാറ്റം ഈ
പതിപ്പിലുണ്ടു്. പഴയ പതിപ്പില്‍ പ്ര എന്നതു് പ + ര + ് എന്ന ഗ്ലിഫ്
ക്രമത്തിനാണു കിട്ടിയിരുന്നെങ്കില്‍ പുതിയതിലതു് പ + ് + ര എന്ന
ക്രമത്തിനാണു്. വ, യ എന്നിവയുടെ ചിഹ്നങ്ങളുടെയും സ്ഥിതി ഇതുതന്നെ. യ്യ്., വ്വ്
എന്നിവയുടെ ചിത്രീകരണം ഇക്കാരണങ്ങള്‍ കൊണ്ടു് ഇത്തിരി സങ്കീര്‍ണ്ണമാണു്.
2. കുത്തക്ഷരങ്ങളുള്ള പ്രത്യേകം ഗ്ലിഫുകള്‍ക്കു പകരം , GPOS(positioning
rules) ഉപയോഗപ്പെടുത്തി. ചന്ദ്രക്കലയുള്ള ഗ്ലിഫുകള്‍ക്കും ഇങ്ങനെത്തന്നെ.
3. ആവര്‍ത്തിച്ചു വരുന്ന അക്ഷരചിത്രങ്ങള്‍ക്കു പകരം, അവയുടെ റെഫറന്‍സ്
ഉപയോഗിക്കാന്‍ തുടങ്ങി. എല്ലാ അക്ഷരചിത്രങ്ങള്‍ക്കും ഇതു ചെയ്തിട്ടില്ല. പതിയെ
അതു ചെയ്യും. ഫോണ്ടിന്റെ വലിപ്പം കുറയുന്നതിനു് ഇതു് സഹായിക്കും.
സൌന്ദര്യാത്മകമായ ചില ഘടകങ്ങള്‍ ഇതില്‍ പരിഗണിക്കുന്നതുകൊണ്ടു്, ചില
അക്ഷരചിത്രങ്ങള്‍ റെഫറന്‍സല്ലാതെ പ്രത്യേകം വരയ്ക്കലായിത്തന്നെ
നിലനിര്‍ത്തേണ്ടിവരും.
4. കുറേ വര്‍ഷങ്ങളായി പാച്ച് ചെയ്ത് കുറേ തെറ്റുകള്‍ കടന്നുകൂടിയിരുന്ന
മാപ്പിങ്ങുകള്‍ ശരിയാക്കി
5. അക്ഷരചിത്രങ്ങള്‍ക്കെല്ലാം ഏകദേശം ഒരേ രീതിയില്‍ പേരിടാന്‍ ശ്രമിച്ചു.
6. ഇതുവരെയുള്ള ബഗ്ഗുകളില്‍ നിന്നും അനുഭവങ്ങളില്‍നിന്നും കുറേ ടെസ്റ്റ്
കേസുകള്‍ ഉള്‍ക്കൊള്ളിച്ചു് ബില്‍ഡ് സിസ്റ്റം പുതുക്കി.
തുടങ്ങിയവ.
മീര, രചന എന്നീ ഫോണ്ടുകളില്‍ മാത്രമാണു് ഇപ്രാവശ്യം നമ്മള്‍ ശ്രദ്ധ
കേന്ദ്രീകരിച്ചതു്. ബാക്കി ഫോണ്ടുകളും ഇപ്രകാരം പുതുക്കേണ്ടതുണ്ടു്. കൂടുതല്‍
ആളുകള്‍ വന്നാല്‍ മാത്രമേ ഇതുപെട്ടെന്നു സാധ്യമാവൂ. ഇതിനായി ഒരു പരിശീലനം
വേണമെന്നു കുറേപേര്‍ ആവശ്യപ്പെട്ടിട്ടുണ്ടു്, സമയലഭ്യത അനുസരിച്ചു് അതു്
പിന്നീടു് അറിയിക്കാം.
നന്ദജ ചെയ്ത ഓട്ടോമാറ്റിക് റെന്‍ഡറിങ്ങ് ടെസ്റ്റിങ്ങ് സംവിധാനം ഉടനെത്തന്നെ
ഫോണ്ടുകളുടെ ബില്‍ഡ് സിസ്റ്റത്തില്‍ ചേര്‍ക്കേണ്ടതുണ്ടു്.
നന്ദി
സന്തോഷ് തോട്ടിങ്ങല്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131020/38cd898e/attachment.htm>
More information about the discuss
mailing list