[smc-discuss] #SMC12 മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും: ചര്‍ച്ചയ്ക്കു് ഒരാമുഖം
Anivar Aravind
anivar.aravind at gmail.com
Thu Oct 10 18:54:45 PDT 2013
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ദ്വിദിന
സമ്മേളനത്തിന്റെ (ഒക്റ്റോബര്‍ 14-15, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍)
ഭാഗമായി നടക്കുന്ന മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും
ചര്‍ച്ചയ്ക്കു് ഒരാമുഖം
ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതു്
എന്‍,പി. രാജേന്ദ്രന്‍ : കേരള പ്രസ് അക്കാദമി
ഗൗരീദാസന്‍ നായര്‍ : ദി ഹിന്ദു
റൂബിന്‍ ഡിക്രൂസ് : നാഷണല്‍ ബുക്ക് ട്രസ്റ്റ്
ഡോ. മഹേഷ് മംഗലാട്ട്
മനോജ് പുതിയവിള
പ്രോഗ്രാം ഷെഡ്യൂളും കൂടുതല്‍ വിവരങ്ങളും http://12.smc.org.in എന്ന
വെബ്‌സൈറ്റില്‍ ലഭ്യമാണു്.
ആധുനികസാങ്കേതികവിദ്യ പ്രദാനം ചെയ്ത ഉപകരണമെന്ന നിലയില്‍ കമ്പ്യൂട്ടറിനു്
പ്രധാനമായും രണ്ടുതരം ഉപയോഗങ്ങളാണുള്ളതു്: സ്വകാര്യ ഉപയോഗവും വാണിജ്യ
ഉപയോഗവും. ഇവരില്‍ വാണിജ്യോപഭോക്താക്കളാണു് പലപ്പോഴും പ്രാദേശികഭാഷകളിലെ
ഭാഷാമാനകങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായകസ്വാധീനം
ചെലുത്തുന്നതു്. സര്‍ക്കാരുകള്‍ക്കും മീതെയുള്ള ഒരു സ്ഥാനമാണു്
ഇക്കാര്യത്തില്‍ ഇവര്‍ക്കുള്ളതു്. ഇന്നത്തെ മാറിയ സാഹചര്യത്തില്‍
അന്തര്‍ദ്ദേശീയമായിത്തന്നെ മാനകങ്ങള്‍ രൂപീകരിക്കുന്നതു് സര്‍ക്കാരല്ല ,
ഉപയോക്തൃ സമൂഹവും ഡെവലപ്പര്‍ സമൂഹവും വാണിജ്യഉപഭോക്താക്കളും
ചേര്‍ന്നുള്ള സംഘങ്ങളാണു്. എന്നാല്‍ ഭാഷയെ ഏറ്റവുമധികം ഉപയോഗിക്കുന്നതു്
നിത്യത്തൊഴിലഭ്യാസങ്ങള്‍ക്കാണെന്നിരിക്കെ, ഭാഷയുപയോഗിക്കുന്ന
ജനസമൂഹത്തെക്കൂടി ഇത്തരം കാര്യങ്ങളില്‍ ഇടപെടുവിക്കാനും അവരുടെ
അഭിപ്രായങ്ങള്‍ ക്രോഡീകരിക്കാനും കഴിയുന്ന സവിശേഷസ്ഥാനം വഹിക്കുന്ന
വാണിജ്യഉപഭോക്താക്കള്‍ ഉത്തരവാദിത്തത്തോടെ ഇക്കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ
എന്ന അന്വേഷണമാണു് നടക്കേണ്ടതു്.
ദിനപ്പത്രങ്ങളും ഇതര ആനുകാലികങ്ങളുമടങ്ങുന്ന അച്ചടിമാദ്ധ്യമങ്ങള്‍,
ഭാഷയിലുണ്ടാവുന്ന സാഹിത്യവും പഠനങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്ന
പ്രസിദ്ധീകരണശാലകള്‍, പോസ്റ്ററുകളും നോട്ടീസുകളും ഫ്ലക്സ് ബോര്‍ഡുകളും
മറ്റും വലിയതോതില്‍ പ്രിന്റ് ചെയ്യുന്ന ഡിജിറ്റല്‍ പ്രസുകള്‍, നാടിന്റെ
മുക്കിലും മൂലയിലുമുള്ള ഡിടിപി സെന്ററുകള്‍, എന്നിവയാണു്
പ്രാദേശികഭാഷകളിലെ കമ്പ്യൂട്ടിങ്ങിന്റെ പ്രധാന വാണിജ്യ ഉപയോക്താക്കള്‍.
കേരളത്തിന്റെ / മലയാളത്തിന്റെ കാര്യമെടുത്താല്‍ ഈ വാണിജ്യ ഉപയോക്താക്കള്‍
ഇത്രകാലവും ഏറെക്കുറെ ലഭ്യമായ സാങ്കേതികവിദ്യയെ സ്വാംശീകരിക്കുക
മാത്രമാണു് ചെയ്തുപോന്നതു്.
മലയാളത്തിന്റെ രൂപമാത്രപ്രതിനിധാനം അച്ചടിയില്‍ സാധ്യമായ നാള്‍ മുതല്‍
മലയാളപത്രങ്ങള്‍ ഡിടിപി ഉപയോഗിക്കുന്നുണ്ടു്. എന്നാല്‍ അവ ആസ്കി
ഫോണ്ടുകളുടെ മുകളില്‍ മലയാളലിപിയുടെ ചിത്രണം
സാധ്യമാക്കുകയായിരുന്നതിനാല് സേര്‍ച്ചിങ്, സോര്‍ട്ടിങ്
എന്നിവയടക്കമുള്ള കമ്പ്യൂട്ടിങ്ങിന്റെ മെച്ചപ്പെട്ട ഉപയോഗത്തിലേക്കു്
വളര്‍ന്നിരുന്നില്ല. അക്കാലത്തു് വിവിധ മാദ്ധ്യമങ്ങള്‍ തങ്ങള്‍ക്കായി
സിഗ്നേച്ചര്‍ ഫോണ്ടുകള്‍ ഡിടിപിയില്‍ ഉപയോഗിക്കാന്‍ പാകത്തിനു്
വികസിപ്പിക്കുന്നുണ്ടു്. അതിനപ്പുറം ഇവരുത്പാദിപ്പിക്കുന്ന സാംസ്കാരിക
ഉത്പന്നത്തിന്റെ ഉപഭോക്താക്കളായ വായനക്കാരുടെ സമൂഹത്തിനു് കൂടി
ഉപയുക്തമായി രീതിയില്‍ ഇതിനാവശ്യമായ ടൂളുകളോ ഫോണ്ടുകളോ കൂട്ടായി
വികസിപ്പിക്കാനും അവ തുറന്നുകൊടുക്കാനും പൊതുവേ ആരും
മുതിര്‍ന്നിരുന്നുമില്ല.
ആസ്കിയുടെ കാലം യൂണിക്കോഡിനു് വഴിമാറിക്കഴിഞ്ഞു. കേരളകൌമുദി ദിനപ്പത്രം
പ്രിന്റിങ് അടക്കം പൂര്‍ണ്ണമായും യൂണിക്കോഡിലേക്കു് മാറി. ദീര്‍ഘകാലമായി
മാതൃഭൂമി, ദേശാഭിമാനി, മംഗളം, മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങളും
ഏഷ്യാനെറ്റ്, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍, മുതലായ ചാനലുകളും അവരുടെ
വെബ് സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നതു് യൂണിക്കോഡ് ഫോണ്ടുകള്‍
ഉപയോഗപ്പെടുത്തിയാണു്. ഈ മാദ്ധ്യമങ്ങളൊക്കെ തന്നെ വിക്കിപ്പീഡിയയും
വിക്കിമീഡിയയും അടക്കമുള്ള പദ്ധതികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍
നിന്നും ബ്ലോഗുകളില്‍ നിന്നുപോലും വിവരങ്ങളും ചിത്രങ്ങളും കാര്യമായി
തന്നെ സ്വീകരിക്കുന്നുമുണ്ടു്. അതായതു്, വ്യക്തികളുടെയോ എസ്എംസി
പോലെയുള്ള കൂട്ടായ്മകളുടെയോ ശ്രമഫലമായിക്കൂടി വികസിച്ചുവന്ന
ഭാഷാസാങ്കേതികവിദ്യയിലെ അടിസ്ഥാനഉപകരണങ്ങളെ തങ്ങളുടെ
പണിയായുധങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിക്കാന്‍ ഇവരൊക്കെയും
തയ്യാറാവുന്നുണ്ടു്. എന്നാല്‍ തിരിച്ചു്, ഈ സമൂഹത്തിനു് ഈ
വാണിജ്യഉപയോക്താക്കള്‍ എന്തുനല്കുന്നു എന്ന ചോദ്യം പ്രസക്തമാണു്.
ശാസ്ത്രപ്രസാധനത്തിനായി ലോകത്തിലെ പ്രധാനജേണലുകള്‍ ആശ്രയിക്കുന്ന
ലാറ്റെക് / സീടെക്‍ മാര്‍ക്‍ അപ് ലാങ്വേജിന്റെ സഹായത്തോടെ മലയാളത്തിലും
പുസ്തകങ്ങള്‍ ആദ്യം ഇബുക്കായും പിന്നീടു് അച്ചടിച്ചും
ലഭ്യമായിത്തുടങ്ങി. എസ്എംസി പ്രവര്‍ത്തകനായിരുന്ന അന്തരിച്ച ജിനേഷ് കെ
ജെയുടെ നിരീക്ഷകന്റെ കുറിപ്പുകള്‍ അത്തരത്തില്‍ തനതുമലയാളലിപിയായ രചന
യൂണിക്കോഡില്‍ ടൈപ് സെറ്റ് ചെയ്തു് പ്രസിദ്ധീകരിച്ചതാണു്. കവി
സച്ചിദാനന്ദന്റെ തിരഞ്ഞെടുത്ത മലയാളം കവിതകള്‍ സ്വതന്ത്ര ലൈസന്‍സില്‍
ഇപബ്, വിക്കി, പിഡിഎഫ് എന്നിങ്ങനെ ഒരേ സമയം മൂന്നു് ഫോര്‍മാറ്റുകളില്‍
പ്രസിദ്ധീകരിച്ചുകൊണ്ടു് സായാഹ്ന ഫൌണ്ടേഷന്‍ പോലെയുള്ള പുതിയ സംരംഭങ്ങള്‍
ഈ രംഗത്തേക്കു് കടന്നുവരുന്നു. ഈ വര്‍ഷം സ്റ്റേറ്റ് സിലബസിലെ മാറ്റമുള്ള
പുസ്തകങ്ങളില്‍ ചിലതു് ലാറ്റെക്‍ ഉപയോഗിച്ചു് കമ്പോസ് ചെയ്യുന്നു.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആശയത്തിന്റെ പിന്തുടര്ച്ചയെന്നോണം പടര്‍ന്ന,
പകര്‍പ്പവകാശത്തിലെ ചില പ്രത്യേക അവകാശങ്ങളെ രചയിതാക്കള്‍ തന്നെ
തിരസ്കരിക്കുന്ന ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിങ് രീതി
മലയാളികള്‍ക്കിടയിലും വ്യാപകമാവുന്നുണ്ടു്. വിക്കി ഗ്രന്ഥശാല
ഇക്കാര്യത്തില്‍ വഹിച്ച പങ്കു് ചെറുതല്ല. പകര്‍പ്പവകാശകാലാവധി കഴിഞ്ഞ
പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കിയാണു് ഗ്രന്ഥശാല
പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും മലയാളത്തിലെ ചില പ്രമുഖരായ
എഴുത്തുകാരെക്കൊണ്ടു്, അവരുടെ രചനകള്‍ ക്രിയേറ്റീവ് കോമണ്‍സ്
ആട്രിബ്യൂഷന്‍ ഷെയര്‍ എലൈക്‍ ലൈസന്‍സില്‍ പുറത്തിറക്കാന്‍
പ്രേരിപ്പിച്ചു് ഇവര്‍ മലയാളസാഹിത്യത്തിലും വിജ്ഞാനവ്യാപനത്തിന്റെ
മേഖലയിലും പുതിയ കൈവഴികള്‍ വെട്ടിക്കഴിഞ്ഞു.
ഇത്രയും വലിയ സാധ്യതകള്‍ പൊതുസമൂഹം തുറന്നിടുന്നിടത്തു്, അതിന്റെ
ഗുണഫലങ്ങള്‍ സ്വാംശീകരിക്കുന്ന മാദ്ധ്യമങ്ങള്‍ക്കും അച്ചടിശാലകള്‍ക്കും
തിരികെ പൊതുസമൂഹത്തിനു് നല്‍കാന്‍ എന്തൊക്കെയുണ്ടു്? ഏതെല്ലാം തരത്തില്‍
അവര്‍ക്കു് ഇത്തരം കാര്യങ്ങളില്‍ സഹകരിക്കാം? മലയാളം അച്ചടി
പൂര്‍ണ്ണമായും യൂണിക്കോഡിലേക്കു് മാറുന്നതിലെ പ്രധാനപരിമിതി ആവശ്യമായ
ഫോണ്ടുകളുടെ എണ്ണത്തിലെ കുറവാണു്. ആസ്കി കാലത്തു് ലഭ്യമായിരുന്നത്ര
രൂപവൈവിദ്ധ്യം നമുക്കു് മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ കാര്യത്തിലില്ല.
ഫോണ്ടുകള്‍ വാണിജ്യാടിസ്ഥാനത്തിലുപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കു്
തീര്‍ച്ചയായും ഇവ കൂട്ടായി ഉത്പാദിപ്പിക്കാനുള്ള ചുമതല
ഏറ്റെടുക്കാനാവും. അതിനു് കാര്യമായ പണച്ചെലവുണ്ടു്. വ്യക്തികള്‍ക്കോ
ഗവണ്‍മെന്റേതര കൂട്ടായ്മകള്‍ക്കോ ഉള്ള സാമ്പത്തികപരിമിതി വ്യവസായത്തെ
ബാധിക്കുന്നില്ല. എന്നാല്‍ ഈ മാദ്ധ്യമങ്ങളും പ്രസാധകരും
ഒറ്റയ്ക്കൊറ്റയ്ക്കു് നില്‍ക്കുകയും തങ്ങളുടെ ഉത്പന്നങ്ങള്‍ തങ്ങളുടേതു
മാത്രമായി നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ ഓരോരുത്തര്‍ക്കും
ചെലവഴിക്കേണ്ടിവരുന്നതു് ഭീമമായ തുകയായിരിക്കും. അതുകൊണ്ടുതന്നെ, അതില്‍
പണം മുടക്കാന്‍ ഇവര്‍ അറച്ചുനില്‍ക്കുകയും മറ്റാരെങ്കിലും
ചെയ്യട്ടെയെന്നു് വിചാരിക്കുകയുമാണു് ഉണ്ടാവുക. എന്തുകൊണ്ടു്
പ്രസാധകരുടെയും മാദ്ധ്യമങ്ങളുടെയും പ്രസുകളുടെയും കണ്‍സോര്‍ഷ്യങ്ങള്‍
രൂപീകരിച്ചു് ഫണ്ടു് കൂട്ടായി ചെലവഴിച്ചു് പൊതുവായി ഉപയോഗിക്കാനാവുന്ന
ധാരാളം ഫോണ്ടുകള്‍ ഉണ്ടാക്കിക്കൂടാ? അവ പൊതുജനത്തിനുകൂടി
തുറന്നുകൊടുക്കുകവഴി, ഡിജിറ്റല്‍ മലയാളത്തിന്റെ ഭാവിക്കു്, 'ശ്രേഷ്ഠഭാഷ'
എന്ന പദവിക്കു് അനുഗുണമാംവിധം ചെയ്യുന്ന പ്രധാനപ്പെട്ട സേവനമാകുമതു്.
ഫോണ്ടുകള്‍ മാത്രമാണോ നമുക്കുണ്ടാവേണ്ടതു്? ഒരിക്കലുമല്ല. കേരളത്തിലെ
വിവിധ പത്രസ്ഥാപനങ്ങള്‍ സ്വന്തമായി വര്‍ക്‍ ഫ്ലോ മാനേജ്മെന്റിനാവശ്യമായ
സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ടു്. ഇവ വാസ്തവത്തില്‍ പ്രത്യേകം
പ്രത്യേകമായി ചെയ്യുകവഴി, ഓരോ സ്ഥാപനവും വെവ്വേറെ ചക്രം
കണ്ടുപിടിക്കുകയാണു്. അസൈന്‍മെന്റുകള്‍ ഏല്‍പ്പിക്കുന്നതുമുതല്‍
വാര്‍ത്താശേഖരണവും പല തട്ടിലുള്ള വെറ്റിങ്ങും അടക്കം പ്രസിദ്ധീകരണം
വരെയുള്ള ഓരോ കാര്യങ്ങളും വേര്‍ഷനീറിങ് സഹിതം ഓട്ടോമേറ്റ്
ചെയ്യുന്നതിലൂടെ സമയലാഭം മാത്രമല്ല, ഉത്തരവാദിത്വവും കൃത്യമായി ഫിക്സ്
ചെയ്യാനാവുന്നു. ദ്രുപാലും വേര്‍ഡ് പ്രസും പോലെയുള്ള സ്വതന്ത്ര കണ്ടന്റ്
മാനേജ്മെന്റ് സിസ്റ്റങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുപോലെ,
മലയാളമാദ്ധ്യമലോകത്തുനിന്നു് സ്വതന്ത്രമായി ചെറുകിട പത്രങ്ങള്‍ക്കു്
പോലും ഉപയോഗിക്കാനാവുന്ന വര്‍ക്‍ ഫ്ലോ മാനേജ്മെന്റ് സിസ്റ്റം
പുറത്തേക്കു് കൂടി ലഭ്യമാകാത്തതെന്തുകൊണ്ടാണു്? അങ്ങനെ ലഭ്യമാകുന്ന പക്ഷം
അവയില്‍ പുതിയ സൌകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു് വ്യവസായത്തിനു
പുറത്തുള്ളവരും കോഡ് സംഭാവന ചെയ്യാനും അങ്ങനെ കൂടുതല്‍ മെച്ചപ്പെട്ട
പ്രോഡക്റ്റ് കുറഞ്ഞ മുതല്‍മുടക്കില്‍ ഉണ്ടാവാനുമുള്ള സാധ്യത
മുതലെടുത്തുകൂടേ?
എസ്എംസിയുടെ നേതൃത്വത്തിലാരംഭിച്ച സ്വതന്ത്രപ്രോജക്റ്റായി തീര്‍ന്ന
ശില്‍പ്പ പ്രോജക്റ്റില്‍ ഏതെങ്കിലും ഇന്‍ഡിക്‍ ഭാഷയിലെ സൌണ്ടെക്സ്
ആല്‍ഗൊരിഥം ഉപയോഗിച്ചു് മറ്റൊരു ഇന്‍ഡിക്‍ ഭാഷയില്‍ ലഭ്യമായ വിവരങ്ങള്‍
തിരയാനുള്ള സൌകര്യം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്. സെമാന്റിക്‍ വെബ്ബിന്റെ
കാലത്തു് ഇത്തരമൊരു ടൂള്‍ രാഷ്ട്രീയവിശകലനങ്ങള്‍ക്കു് വളരെയധികം
ഉപകാരപ്പെടുമെന്നതുറപ്പാണു്. അതു് മാദ്ധ്യമങ്ങള്‍ക്കു മാത്രമല്ല,
ഗവേഷകര്‍ക്കും പ്രസാധകര്‍ക്കും ഒരുപോലെ ഗുണകരമാണു്. അതുപോലെ കഴിഞ്ഞ
രണ്ടുവര്‍ഷങ്ങളായി മാതൃഭാഷാ പ്രചരണ രംഗത്ത് ഓരോ പത്രസ്ഥാപനങ്ങളും വലിയ
പങ്കു വഹിക്കുന്നുണ്ടെങ്കിലും മലയാളം കമ്പ്യൂട്ടിങ്ങിനെയും അതിലെ സ്വയം
നിര്‍ണ്ണയാവകാശത്തെയും ഗൌരവമായ പഠനങ്ങളും ഇടപെടലുകളും മുന്നേറ്റങ്ങളും
നടക്കേണ്ട ഒരു മേഖലയെന്ന നിലയ്ക്ക് പരിഗണിച്ചു കാണുന്നില്ല. ഇത്തരം
പുതുസാധ്യതകളെയൊന്നും തുറന്നുപിന്തുണയ്ക്കാനോ, അവയെ സംബന്ധിച്ച
വാര്‍ത്തകളെങ്കിലും പുറംലോകത്തെത്തിക്കാനോ മാദ്ധ്യമങ്ങള്‍ക്കു്
കഴിയാതെപോകുന്നുണ്ടു്. സാങ്കേതികവിദ്യയുടെ കാര്യത്തില്‍
പത്രലേഖകര്‍ക്കുള്ള അടിസ്ഥാനധാരണയുടെ കുറവാണു്, ഇവ ശ്രദ്ധിക്കപ്പെടാതെ
പോകാനുള്ള ഒരു കാരണം. മറുവശത്തു് ചില നിസ്സാരകാര്യങ്ങള്‍
ഊതിവീര്പ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടു്. നമ്മുടെ
മാദ്ധ്യമസ്ഥാപനങ്ങളിലെ പ്രൂഫ് വായനക്കാരും എഡിറ്റര്‍മാരും
റിപ്പോര്‍ട്ടര്‍മാരും അടക്കമുള്ളയാളുകള്‍ക്കു് ഇത്തരം കാര്യങ്ങളില്‍
അടിസ്ഥാനധാരണ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഇക്കാലത്തെ
മാദ്ധ്യമസ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലേ?
കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കുമായി നിര്‍ത്തട്ടെ. നന്ദി.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനുവേണ്ടി,
സെബിന്‍ ഏബ്രഹാം ജേക്കബ്
More information about the discuss
mailing list