[smc-discuss] മഴവില്ല് കണ്ടിട്ടുണ്ടോ? - സിവിക്കിന്റെ പുതിയ പുസ്തകം കോപ്പിലെഫ്റ്റ്

manoj k manojkmohanme03107 at gmail.com
Mon Oct 21 03:53:26 PDT 2013


ഫേസ്ബുക്ക് പോസ്റ്റ് :
https://www.facebook.com/photo.php?fbid=1459883030903793

തൃശ്ശൂര്‍ കോടാലി എല്‍.പി.സ്‌കൂളിലെ എന്റെ ഗുരുദക്ഷിണ പുസ്തകമിതാ... ആര്‍ക്കും
പകര്‍ത്തിയെടുക്കാം, വീണ്ടും ഉപയോഗിക്കാം. തീര്‍ത്തും കോപ്പിലെഫ്റ്റ്,
പകര്‍പ്പവകാശം തുലയട്ടെ!
കോടാലി സ്‌കൂളിലെ പുസ്തകസമര്‍പ്പണ പരിപാടി നാളെയില്ല. പുതിയ തിയതി പിന്നാലെ...

മഴവില്ല് കണ്ടിട്ടുണ്ടോ?

മഴവില്ലിന് ഏഴാണ് നിറങ്ങള്‍. വിബ്ജിയോര്‍ എന്നു കേട്ടിട്ടുണ്ടാവുമല്ലോ-
വയലറ്റ്, ഇന്റിഗോ, ബ്ലൂ, ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ്. എങ്ങനെയാണ് ഈ ഏഴു
നിറങ്ങളില്‍ മഴവില്ലുണ്ടായത്? അതിനെ കുറിച്ചുമുണ്ടൊരു നാടോടിക്കഥ.
പണ്ട് പണ്ട് മനുഷ്യര്‍ ജീവിച്ചിരുന്നത് പല നിറത്തിലുള്ള കുന്നുകളിലായിരുന്നു.
വയലറ്റ് കുന്ന്, ഇന്റിഗോ കുന്ന്, നീല കുന്ന്, പച്ച കുന്ന്, മഞ്ഞ കുന്ന്,
ഓറഞ്ച് കുന്ന്, ചുവപ്പു കുന്ന് - ഇങ്ങനെ. നീലക്കുന്നില്‍ എല്ലാം നീലയാണ്. നീല
അമ്പലം, നീല പള്ളി, നീല അച്ഛന്‍, നീല അമ്മ, നീല പൂച്ച, നീല മുയല്‍, നീല
കാല്‍പന്ത്, നീല മാഷ് - എല്ലാം നീലമയം. പച്ചക്കുന്നില്‍ എല്ലാം പച്ചയാണ്. പച്ച
വികാരി, പച്ച സന്യാസി, പച്ച ഏട്ടന്‍, പച്ച അനിയത്തി, പച്ച പട്ടം, പച്ച വീട്,
പച്ച ടീച്ചര്‍-എല്ലാം പച്ചമയം. പച്ച, പച്ചയാണ് ദൈവമനുഗ്രഹിച്ച നിറമെന്നു
പച്ചക്കുന്നുകാര്‍ വിശ്വസിച്ചു. നീലയും മഞ്ഞയും ചുവപ്പും പാപമെന്നും. നീല,
നീലയാണ് ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഏക നിറമെന്നു നീലക്കുന്നുകാര്‍
വിശ്വസിച്ചു. പച്ചയും മഞ്ഞയും ചുവപ്പും കാണരുതാത്ത നിറങ്ങളാണെന്നും.
ഒരു ദിവസം വൈകീട്ട് പച്ച കുന്നിലെ ഒരച്ഛനും മകനും പച്ചകുന്നിന്റെ ചെരിവിലൂടെ
നടക്കാനിറങ്ങി: മകനേ, പച്ചയൊഴിച്ച് മറ്റൊരു നിറവും നോക്കി പോകരുത്.
മറ്റേതെങ്കിലും നിറങ്ങള്‍ കണ്ണില്‍ പെട്ടാല്‍ കണ്ണു പൊത്തിയേക്കണം.
ഇല്ലെങ്കില്‍ മറ്റൊന്നും കാണാന്‍ നിന്റെ കണ്ണവശേഷിക്കയില്ല. കണ്ണുപൊട്ടനായി
ശിഷ്ടകാലം ജീവിക്കേണ്ടിവരും. ഇങ്ങനെ വര്‍ത്തമാനം പറഞ്ഞ് പച്ചക്കുന്നിലെ
അച്ഛനും മകനും നടന്നുകൊണ്ടിരിക്കേ പെട്ടെന്ന് നീലപ്പട്ടവും പറപ്പിച്ച് ഒരു
നീലക്കുട്ടി അവര്‍ക്കരികിലൂടെ ഓടിപ്പോയി. പച്ചക്കുട്ടി ആദ്യമായി നീല നിറം
കാണുകയായിരുന്നു. ഹായ് നീല, എത്ര നല്ല നിറം. ഇതുപോലൊരു നീലപ്പട്ടം
കിട്ടിയിരുന്നെങ്കില്‍! പച്ചക്കുട്ടി ആലോചിക്കാന്‍ തുടങ്ങിയപ്പോഴേക്കും പച്ച
അച്ഛന്‍ മകന്റെ കണ്ണുപൊത്തി ഉന്തിത്തള്ളി വീട്ടിലേക്കു വലിച്ചിഴച്ചു: ഹാവൂ,
രക്ഷപ്പെട്ടു. ദൈവാനുഗ്രഹം! നിന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടില്ലല്ലോ, അല്ലേ?
എന്നാല്‍ ആ നീലക്കുട്ടിയും നീലപ്പട്ടവും പച്ചക്കുട്ടിയുടെ മനസ്സില്‍
ഓടിക്കൊണ്ടിരുന്നു: ഹാ, നീലപട്ടം പറത്തുന്ന ആ നീലക്കുട്ടിയെ ഒരിക്കല്‍ കൂടി
കാണാനായെങ്കില്‍! തന്റെ അച്ഛനെ കൂടാതെ പിറ്റേന്ന് വൈകീട്ട് പച്ചക്കുട്ടി
നടക്കാനിറങ്ങി. തന്റെ പച്ച മുയലിനേയും കളിപ്പിച്ച്, ഒറ്റയ്ക്ക്. പെട്ടെന്ന്
അവനൊരു ശബ്ദം കേട്ടു: ഹായ്, എത്ര നല്ല പച്ചമുയല്‍! ഞാനൊന്നു തൊട്ടോട്ടെ?
നീലക്കുട്ടിയും അവന്റെ അച്ഛനും നടക്കാനിറങ്ങിയതായിരുന്നു. നീല അച്ഛന്‍ തന്റെ
മകന്റെ കണ്ണുപൊത്തി ഉന്തിത്തള്ളി വീട്ടിലേക്ക് വലിച്ചിഴച്ചു: ഹാവൂ,
രക്ഷപ്പെട്ടു! ദൈവാനുഗ്രഹം! നിന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടില്ലല്ലോ, അല്ലേ?
എന്നാല്‍ ആ പച്ചക്കുട്ടിയും പച്ചമുയലും നീലക്കുട്ടിയുടെ മനസ്സില്‍ കുസൃതിയോടെ
ഓടിക്കൊണ്ടിരുന്നു. അവനാദ്യമായി പച്ചനിറം കാണുകയായിരുന്നു: ഹാ, പച്ച മുയലിനെ
കളിപ്പിക്കുന്ന ആ പച്ചക്കുട്ടിയെ ഒരിക്കല്‍ കൂടി കാണാനായെങ്കില്‍! തന്റെ
അച്ഛനെ കൂടാതെ പിറ്റേന്നു വൈകീട്ട് നീലക്കുട്ടി നടക്കാനിറങ്ങി. തന്റെ നീല
കാല്‍പന്തും തട്ടിക്കളിച്ചുകൊണ്ട്, ഒറ്റയ്ക്ക്. പെട്ടെന്ന് അവനൊരു ശബ്ദം
കേട്ടു: ഹായ്, എത്ര നല്ല നീല കാല്‍പന്ത്! എന്നേയും കളിക്കാന്‍ കൂടെ കൂട്ടാമോ?
പച്ചക്കുട്ടിയും നീലക്കുട്ടിയും ആദ്യമായി പരസ്പരം കാണുകയാണ്. തങ്ങള്‍ പരസ്പരം
കണ്ടുകൂടാത്തവരെന്നും പരസ്പരം നോക്കിപ്പോയാല്‍ കണ്ണ് പൊട്ടിപ്പോകുമെന്നും
പെട്ടെന്നവരോര്‍ത്തു. ഇരുവരും തിരിഞ്ഞോടി. പരിഭ്രമിച്ച്, പേടിച്ച് ...
കണ്ണുകള്‍ പൊത്തിയുള്ള ആ ഓട്ടത്തിനിടയില്‍ ഇരുവരും, പാവങ്ങള്‍, ഓരോ കുഴിയില്‍
വീണു. ഭാഗ്യം, നീലക്കുട്ടി ഒരു ചെറിയ കുഴിയിലാണ് വീണത്. ഒരുവിധം അവന്‍ ആ
കുഴിയില്‍നിന്ന് പിടിച്ചു മുകളിലേക്കു കയറി: ഹാവൂ, എത്ര വലിയ അത്യാഹിതത്തില്‍
നിന്നാണ് രക്ഷപ്പെട്ടത്! പക്ഷേ പച്ചക്കുട്ടിയെവിടെ? കണ്ണുകള്‍ പൊത്തിയുള്ള
ഓട്ടത്തിനിടയില്‍ അവനും ഏതെങ്കിലും പൊട്ടക്കുഴിയില്‍ വീണുകാണുമോ? എന്നെ കണ്ട്
പരിഭ്രമിച്ചാണല്ലോ അവന്‍, ദൈവമേ!
അപ്പോള്‍ നീലക്കുട്ടി ഒരു ഞരക്കം കേട്ടു. അത് തൊട്ടപ്പുറത്തു പൊട്ടക്കുഴിയില്‍
നിന്നായിരുന്നു. ആ വലിയ കുഴിയില്‍ വീണുപോയതായിരുന്നു പച്ചക്കുട്ടി. അവന്
ഒറ്റക്ക് രക്ഷപ്പെടുക എളുപ്പമല്ലായിരുന്നു. നീലക്കുട്ടി ഓടിച്ചെന്ന് അവനൊരു കൈ
നീട്ടിക്കൊടുത്തു. നീലക്കുട്ടിയുടെ കൈ നീണ്ടുവന്നപ്പോള്‍ പച്ചക്കുട്ടി
പേടിച്ചു നിലവിളിച്ചു: എന്തിനാണവന്റെ കൈ നീണ്ടുവരുന്നത്, എന്നെ കഴുത്തു
ഞെരിച്ചു കൊല്ലാനോ? പൊട്ടിച്ചിരിച്ചുകൊണ്ട് നീലക്കുട്ടി വിളിച്ചു പറഞ്ഞു:
എന്റെ കൈപിടിച്ച് കേറിപ്പോരെടാ മണ്ടച്ചാരേ. ഞാനെന്തിന് നിന്റെ കഴുത്ത്
പിടിച്ച് ഞെരിക്കണം?
നീലക്കുട്ടിയുടെ കൈ പിടിച്ച് മെല്ലെ പച്ചക്കുട്ടി കുഴിയില്‍നിന്ന് മുകളിലേക്ക്
പിടിച്ചുകയറി. അവര്‍ പരസ്പരം ആലിംഗനബദ്ധരായി. ആദ്യമായിട്ടാണ് ആ
കുന്നുകള്‍ക്കിടയില്‍ രണ്ട് നിറത്തിലുള്ള കുട്ടികള്‍ കെട്ടിപ്പിടിക്കുന്നത്.
പച്ചക്കുട്ടിയുടെ കാല്‍മുട്ട് പൊട്ടി ചോരയൊലിക്കുന്നത് അപ്പോഴാണ്
നീലക്കുട്ടിയുടെ ശ്രദ്ധയില്‍ പെടുന്നത്. പെട്ടെന്നവന്‍ തന്റെ നീലക്കുപ്പായം
കീറി പച്ചക്കുട്ടിയുടെ കാല്‍മുട്ടില്‍ ഒരു കെട്ടുകെട്ടി: വീട്ടില്‍പോയി
നന്നായി ഡ്രസ് ചെയ്‌തോളൂ. സെപ്റ്റിക്കാവാതെ നോക്കണേ. നീലക്കുട്ടി
പച്ചക്കുട്ടിയെ യാത്രയാക്കി. കീറിയ ഷര്‍ട്ടുമായി നീലക്കുട്ടി വീട്ടിലേക്കു
തിരിച്ചു. കാല്‍മുട്ടില്‍ നീലക്കെട്ടുമായി മുടന്തിമുടന്തി പച്ചക്കുട്ടിയും :
തങ്ങളുടെ അച്ഛന്മാരെ എങ്ങനെ നേരിടേണ്ടൂ?
എങ്കിലും പരസ്പരം കണ്ടതിന്റേയും കെട്ടിപ്പിടിച്ചതിന്റേയും ആഹ്ലാദം
അവരിരുവര്‍ക്കും മറച്ചുവെയ്ക്കാനായില്ല: അച്ഛാ അച്ഛാ, അമ്മേ അമ്മേ, ഞാനിന്ന്
മറ്റേക്കുന്നിലെ കുട്ടിയെ... അവരുടെ അച്ഛനമ്മമാര്‍ക്കും ഇതൊരു പുതിയ
അറിവായിരുന്നു. അവര്‍ പരസ്പരം വീടുകളില്‍ പോയി. അപ്പോള്‍ പുതിയ സൗഹൃദത്തിന്റെ
ഓര്‍മ്മയ്ക്ക് നീല വീടിനു മുകളില്‍ ഒരു പച്ച തുണിക്കഷണം കൊടിയായി
പാറുന്നുണ്ടായിരുന്നു. പച്ച വീടിനു മുകളില്‍ ഒരു നീല തുണിക്കഷണവും.
അങ്ങനെ പച്ചക്കുന്നിലെ മനുഷ്യര്‍ നീലക്കുന്നിലെ മനുഷ്യരുമായി സൗഹൃദത്തിലായി.
വയലറ്റ് കുന്നിലെ മനുഷ്യര്‍ ചുവപ്പു കുന്നിലെ മനുഷ്യരുമായും മഞ്ഞ കുന്നിലെ
മനുഷ്യര്‍ ഓറഞ്ച് കുന്നിലെ മനുഷ്യരുമായും.
എല്ലാ കുന്നുകളിലേയും കുട്ടികള്‍ പല നിറത്തിലുള്ള ജഴ്‌സികളുമണിഞ്ഞ് ഒരുമിച്ച്
കാല്‍പന്തു കളിക്കാന്‍ തുടങ്ങി. കുന്നിന്‍ചരിവില്‍ പല നിറത്തിലുള്ള കുഞ്ഞു
മുയലുകള്‍ ഓടിക്കളിക്കാന്‍ തുടങ്ങി. ആകാശത്ത് പല നിറത്തിലുള്ള പട്ടങ്ങള്‍
പറന്നു നടന്നു. പട്ടങ്ങളുടെ നൂലുപിടിച്ച് നീല നിറത്തിലുള്ള കുട്ടികളും പച്ച
നിറത്തിലുള്ള കുട്ടികളും പല നിറങ്ങളിലുള്ള കുട്ടികളും സന്തോഷത്തോ ടെ കൈത്താളം
പൂട്ടിയും തോളില്‍ കയ്യിട്ടും വര്‍ത്തമാനം പറഞ്ഞ് കളിച്ചു
ചിരിച്ചുകൊണ്ടിരുന്നു.
അവരുടെ വീടുകളിലേക്ക് നോക്കൂ. പച്ച വീടിനു മുകളില്‍ നീലക്കൊടി. നീല
വീടിനുമുകളില്‍ പച്ചക്കൊടി. മഞ്ഞ വീടിനു മുകളില്‍ ഓറഞ്ച് കൊടി. ഓറഞ്ച് വീടിനു
മുകളില്‍ വയലറ്റ് കൊടി... ഇങ്ങനെ, ഇങ്ങനെ...
ഏദനില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും മനുഷ്യര്‍ ആഹ്ലാദചിത്തരായി ഒരുമയോടെ
ജീവിച്ചു കൊണ്ടിരിക്കുന്നു എന്നറിഞ്ഞ ദൈവം സന്തുഷ്ടനായി. പല നിറത്തിലുള്ള
കുന്നുകള്‍ക്കും വീടുകള്‍ക്കും മുകളില്‍ പാറിക്കൊണ്ടിരിക്കുന്ന പല
വര്‍ണ്ണങ്ങളിലുള്ള കൊടികള്‍ ദൈവത്തെ കൂടുതല്‍ സന്തോഷഭരിതനാക്കി. മനുഷ്യര്‍ക്കു
മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ഇക്കാലത്തേക്കു മാത്രമല്ല എക്കാലത്തേക്കും
ഈ പല നിറക്കൊടികള്‍ ഉയര്‍ന്നു പാറുന്നത് മാതൃകയാവണമെന്ന് ദൈവമാഗ്രഹിച്ചു.
ദൈവം ചക്രവാളത്തില്‍ നിന്നും ചക്രവാളത്തിലേക്ക് ഈ പലനിറ കൊടികളെല്ലാം
ഒരുമിച്ചു ചേര്‍ത്തു വലിച്ചുകെട്ടി: നോക്ക്, മനുഷ്യരും ഇതര ജീവജാലങ്ങളും,
ഇക്കാലമല്ല എക്കാലവും, ഭൂമിയില്‍ മാത്രമല്ല ഇതര ഗ്രഹങ്ങളിലും, എങ്ങനെ
ഒത്തൊരുമയോടെ, ആഹ്ലാദത്തോടെ, സൗഹൃദത്തോടെ കഴിയണമെന്ന് മാതൃകയായതാ ആകാശത്തില്‍
സപ്തവര്‍ണ്ണ മഴവില്ല്. ഹായ്, ഹായ്!



Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131021/3e41eed0/attachment-0002.htm>


More information about the discuss mailing list