[smc-discuss] സൈബര്‍ ലോകത്തെ സ്വാതന്ത്ര്യ സമരം | mangalam.com
manoj k
manojkmohanme03107 at gmail.com
Sun Sep 1 00:12:52 PDT 2013
കമ്പ്യൂട്ടറിനു മുന്നില്‍ ഇന്റര്‍നെറ്റിന്റെ വിശാലലോകം. അവിടെ പ്രോഗ്രാമിംഗ്
കോഡും ഗ്രാഫിക്‌സും ആനിമേഷനും ലാംഗ്വേജുകളും അളന്നുമുറിക്കപ്പെടുമ്പോള്‍
വിവിധ സോഫ്‌റ്റ്വേറുകളുടെ രൂപം തെളിഞ്ഞുവരും. ഓരോ സോഫ്‌റ്റ്വേറിനും അതിന്റെ
സ്വഭാവമനുസരിച്ചുള്ള പ്രതിഫലമാണ്. സോഫ്‌റ്റ്വേര്‍ രൂപകല്‍പനകളിലൂടെ ഡോളറും
പൗണ്ടും ദിനാറുകളും കുമിഞ്ഞുകൂടും. കമ്പ്യൂട്ടറും സോഫ്‌റ്റ്വേറുകളും
യുവാക്കള്‍ക്കു വിദേശപണമുണ്ടാക്കാനുള്ള വഴിയാണെന്നു കരുതുന്നവര്‍
നിരവധിയുണ്ട്.
അതെല്ലാം അറിവു നേടാനും ചിന്തിക്കാനും വേണ്ടിയുള്ളതാണെന്നു തിരിച്ചറിയുന്നവര്‍
ചുരുക്കമാണ്. വില നിശ്‌ചയിക്കപ്പെട്ട സോഫ്‌റ്റ്വേറുകള്‍ തളച്ചിടപ്പെട്ട
അറിവാണെന്നും സ്വതന്ത്രമായ അറിവിനെ പിടിച്ചു കെട്ടാനാവില്ലെന്നും ചിലര്‍
കരുതുന്നു... അവരാണ് സ്വതന്ത്ര സോഫ്‌റ്റ്വേറിന്റെ പ്രചാരകര്‍.... ഐടി
രംഗത്ത് സ്‌ഥിതി സമത്വവാദം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ സൈബര്‍
വിപ്ലവകാരികള്‍.
സ്വതന്ത്ര സോഫ്‌റ്റ്വേറിന്റെ പ്രചരണത്തിനുവേണ്ടി ലക്ഷങ്ങള്‍ ശമ്പളമുള്ള
മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ജോലി വാഗ്‌ദാനം നിരസിച്ച ഒരാളുണ്ട്. കേരളത്തിലെ
ഐടി സ്‌കൂളുകളില്‍ സ്വതന്ത്ര സോഫ്‌റ്റ്വേര്‍ നടപ്പിലാക്കിയതിനു പിന്നില്‍
അക്ഷീണം പ്രയത്നിച്ച ഒരു ചെറുപ്പക്കാരന്‍.
കേരളത്തിലുള്ളവര്‍ക്ക് എം. അരുണിനെ അത്രയ്‌ക്കു പരിചയമില്ലെങ്കിലും
വിദേശരാജ്യങ്ങളില്‍ പ്രശസ്‌തനാണ്. ജപ്പാനും ഇറ്റലിയും വെനസ്വേലയുമടക്കമുള്ള
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇടയ്‌ക്കിടെ അരുണിനെ വിളിക്കുന്നത്
സ്വതന്ത്ര സോഫ്‌റ്റ്വേര്‍ സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കുന്നതിനാണ്.
എന്‍ജിനീയറിംഗ് കഴിഞ്ഞിറങ്ങിയ ഉടനെ വിപ്രോയില്‍നിന്നായിരുന്നു അരുണിനു
ജോലിക്കു വേണ്ടിയുള്ള ആദ്യക്ഷണം. പിന്നീട് നിരവധി വിദേശകമ്പനികളുടെ ഓഫര്‍.
അതെല്ലാം ഉപേക്ഷിച്ച് സ്വതന്ത്രമായ അറിവിനു വേണ്ടി ഇറങ്ങിത്തിരിച്ച എം.
അരുണ്‍ ഇപ്പോഴും സന്തോഷവാനാണ്.
സോഫ്‌റ്റ്വേര്‍ കുത്തകകള്‍ക്കെതിരേ
എന്‍ജിനീയറിംഗ് ബിരുദപഠനത്തിനിടെ 1996 ല്‍ ഒരു വാരിക വായിക്കുന്നതിനിടെയാണ്
അരുണ്‍ ആദ്യമായി സ്വതന്ത്ര സോഫ്‌റ്റ്വേറിനെക്കുറിച്ച് അറിയുന്നത്. അറിവു
സ്വതന്ത്രമായിരിക്കണമെന്ന ആശയത്തില്‍ ആകൃഷ്‌ടനായി. നിരവധി പുസ്‌തകങ്ങളിലൂടെ
അതേക്കുറിച്ചു പഠിച്ചു. സഹപാഠികളിലും ഇതേക്കുറിച്ച് അവബോധം സൃഷ്‌ടിക്കാന്‍
ശ്രമിച്ചു. കോളജില്‍ സ്വതന്ത്ര സോഫ്‌റ്റ്വേര്‍ യൂസേഴ്‌സ് ഗ്രൂപ്പുണ്ടാക്കി.
കേരളത്തിലും ഇന്ത്യയിലും സ്വതന്ത്ര സോഫ്‌റ്റ്വേര്‍ അത്ര പ്രചാരത്തില്‍
വരാതിരുന്ന സമയമായിരുന്നു അത്. അതിനിടെ, ബംഗളുരൂവിലെത്തി സ്വതന്ത്ര
സോഫ്‌റ്റ്വേര്‍ സ്‌ഥാപകനായ റിച്ചാര്‍ഡ് സ്‌റ്റാള്‍മാനെ നേരിട്ടുകണ്ടു.
അറിവിന്റെ ആകാശസീമകള്‍ അടച്ചിടാനുള്ളതല്ലെന്നും അത് എല്ലാവര്‍ക്കിടയിലേക്കും
പരന്നൊഴുകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ
വാക്കുകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് തിരിച്ചെത്തിയ അരുണ്‍ സ്വതന്ത്ര
സോഫ്‌റ്റ്വേറിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി.
തുടര്‍ന്ന് സ്വതന്ത്ര സോഫ്‌റ്റ്വേര്‍ ഇന്ത്യന്‍ ചാപ്‌റ്ററിലും ഫ്രീ
സോഫ്‌റ്റ്വേര്‍ ഫൗണ്ടേഷനിലും അംഗമായി. 2003 ല്‍ തിരുവനന്തപുരത്ത്
വെള്ളയമ്പലത്ത് 'സ്‌പേസ്' എന്ന സ്‌ഥാപനത്തിനു തുടക്കമിട്ടു. സ്വതന്ത്ര
സോഫ്‌റ്റ്വേറിന്റെ പ്രചരണത്തിനും ചെറുകിട ഐടി സംരംഭങ്ങള്‍ക്കു സാങ്കേതിക
സഹായം നല്‍കുന്നതിനുമാണു സ്‌പേസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2004 ല്‍
സ്വതന്ത്ര സോഫ്‌റ്റ്വേര്‍ പ്രചാരകരുടെ അന്താരാഷ്‌ട്രസംഘടനയായ
'ഹിപ്പാത്തിയ'യുടെ കോ-ഓര്‍ഡിനേറ്ററായി. യൂറോപ്പിലെയും ലാറ്റിന്‍
അമേരിക്കയിലെയും ഇറ്റലിയിലെയും പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍
പിടിക്കുന്നത് അരുണാണ്. 2006 ല്‍ സംസ്‌ഥാന പ്ലാനിംഗ് കമ്മിറ്റിയില്‍ ഐടി,
ഇന്‍ഡസ്‌ട്രി വിഭാഗങ്ങളുടെ പദ്ധതിയില്‍ അംഗമായി. 2008 ല്‍ സംസ്‌ഥാന ഐടി
മിഷന്റെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സില്‍
(ഫോസ്) സ്‌പെഷല്‍ ഓഫീസറായി. രണ്ടുവര്‍ഷമായി സ്‌പേസിന്റെ എക്‌സിക്യൂട്ടീവ്
ഡയറക്‌ടറാണ്. ന്യൂഡല്‍ഹിയിലെ സോഫ്‌റ്റ്വേര്‍ ഫ്രീഡം ലോ സെന്ററിന്റെ
ബോര്‍ഡംഗവുമാണ്. റിച്ചാര്‍ഡ് സ്‌റ്റാള്‍മാനുമായി ഇപ്പോഴും അടുത്ത
ബന്ധമാണ് അരുണിന്.
തുടക്കത്തില്‍ എതിര്‍പ്പു മാത്രം
പബ്ലിസിറ്റി വേണ്ടതു തനിക്കല്ല, സ്വതന്ത്ര സോഫ്‌റ്റ്വേറിനാണെന്നാണ്
അരുണിന്റെ അഭിപ്രായം. അവബോധപ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ എല്ലാ
മേഖലകളില്‍നിന്നും എതിര്‍പ്പു മാത്രമായിരുന്നു ഫലം. സാമൂഹിക
കാഴ്‌ചപ്പാടില്‍ത്തന്നെ സ്വതന്ത്ര സോഫ്‌റ്റ്വേറിനു സ്‌ഥാനമില്ലായിരുന്നു.
എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും ഒരുമിച്ചുനിന്ന് ഇതിനെ എതിര്‍ക്കുകയായിരുന്നു.
ചിലര്‍ പറഞ്ഞത് ഇതൊരു രാഷ്‌ട്രീയപാര്‍ട്ടിയുടെ പരിപാടിയാണെന്നാണ്.
വിദ്യാഭ്യാസ മേഖലയിലാണ് ആദ്യമാറ്റത്തിന് തുടക്കമിടേണ്ടതെന്ന തിരിച്ചറിവില്‍
വിദ്യാര്‍ഥികള്‍ക്കിടയിലേക്കിറങ്ങി. 2004 ലാണു വിദ്യാഭ്യാസ വകുപ്പുമായി
ബന്ധപ്പെടുന്നത്. തുടക്കത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ ഐടി മിഷന്‍ യാതൊരു
താല്‍പര്യവും കാണിച്ചില്ലെന്നു മാത്രമല്ല, ഇതിനെതിരേ പ്രതികരിക്കാനാണു
ശ്രമിച്ചത്. ഐടി സ്‌കൂളിന്റെ അമരക്കാരനായിരുന്ന ബിജു പ്രഭാകര്‍ പിന്നീടു
കാര്യങ്ങള്‍ മനസിലാക്കി അനുകൂല നിലപാടു കൈക്കൊണ്ടു.
ഒടുവില്‍ അംഗീകാരം
ഉറക്കമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണു ഞങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍
നടത്തിയത്. എല്ലാ ജില്ലകളിലെയും അധ്യാപകരെ ഇടതടവില്ലാതെ നേരിട്ടുകണ്ടു. 2005
ല്‍ യു.ഡി.എഫ് സര്‍ക്കാരിലെ വിദ്യാഭ്യാസ വകുപ്പ് അനുകൂല നടപടിക്രമങ്ങള്‍ക്കു
നിര്‍ദേശം നല്‍കി. തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാവിധ
സഹായങ്ങളും നല്‍കി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും
വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയും പരിപൂര്‍ണപിന്തുണ നല്‍കി. അങ്ങനെ
2006 ല്‍ ഐടി സ്‌കൂളില്‍ സ്വതന്ത്ര സോഫ്‌റ്റ്വേര്‍ നടപ്പിലാക്കി. ഇന്ന്
ഇന്ത്യയില്‍ ഏറ്റവും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഐടി സ്‌കൂളുകളിലൊന്ന്
കേരളത്തിലേതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഐടി സ്‌കൂളുകളുടെ പദ്ധതിയില്‍
ഇപ്പോള്‍ റോള്‍മോഡല്‍ കേരളമാണ്. 2003 ല്‍ കെല്‍ട്രോണില്‍ സ്വതന്ത്ര
സോഫ്‌റ്റ്വേര്‍ നടപ്പിലാക്കി.
പഞ്ചായത്തുതലത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പ്രവര്‍ത്തനത്തിലൂടെ നടന്ന
അഴിമതികള്‍ പുറത്തു കൊണ്ടുവന്നത് സ്വതന്ത്ര സോഫ്‌റ്റ്വേര്‍ അവബോധത്തിന്റെ
ഭാഗമായല്ല. സ്വതന്ത്ര സോഫ്‌റ്റ്വേറിന്റെ സാധ്യതകള്‍ മനസിലാക്കി
നല്‍കുന്നതിനും സോഫ്‌റ്റ്വേറിന്റെ ഭാഗമായി സമൂഹത്തില്‍ നടക്കുന്ന
ക്രമക്കേടുകള്‍ പറുത്തു കൊണ്ടുവരുന്നതിനുമാണ്. അതിനു മറ്റൊരു ഉദാഹരണം
പറയാവുന്നത് വൈദ്യുതിബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണമാണ്. അവിടെ
ഉദ്യോഗസ്‌ഥര്‍ തന്നെയാണ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു ചുക്കാന്‍
പിടിച്ചത്. തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു ഫലം. പ്രശ്‌നപരിഹാരത്തിനു
വേണ്ടി ഞങ്ങളെ സമീപിച്ചു. സ്വതന്ത്ര സോഫ്‌റ്റ്വേര്‍ അവിടെ നടപ്പിലാക്കാന്‍
ഞങ്ങള്‍ ഉപദേശം നല്‍കി. അതിനുവേണ്ട പരിശീലനവും നല്‍കി. ഇപ്പോള്‍ യാതൊരു
പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില കമ്പ്യൂട്ടര്‍വല്‍കൃത
സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലൊന്നാണ് കെ.എസ്.ഇ.ബി. 2007 ല്‍ സാമൂഹികക്ഷേമ
വകുപ്പുമായി ചേര്‍ന്ന് അന്ധര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്‌ഞാനം നല്‍കാനും
പ്രവര്‍ത്തിച്ചു. സ്വതന്ത്ര സോഫ്‌റ്റ്വേര്‍ ഉപയോഗിച്ച് മോണിട്ടറില്‍
കാണുന്നതിനു പകരം കേള്‍ക്കാനുള്ള സൗകര്യമൊരുക്കാനാണു ശ്രമിച്ചത്.
വന്‍വിജയമായിരുന്ന പദ്ധതി അതേരീതിയില്‍ തമിഴ്‌നാട് നടപ്പിലാക്കി. മലയാളം
സര്‍വവിജ്‌ഞാനകോശം സ്വതന്ത്ര സോഫ്‌റ്റ്വേറിലൂടെ ജനത്തിനു
മുന്നിലെത്തിക്കാന്‍ കഴിഞ്ഞു. ഇന്റര്‍നെറ്റില്‍ അത് എല്ലാവര്‍ക്കും
കാണാനാകും.
വിദേശരാജ്യങ്ങളില്‍ അംഗീകാരം
മൈക്രോസോഫ്‌റ്റിന്റെ ജന്‍മദേശമായ അമേരിക്കയില്‍ ഇപ്പോള്‍ ഭൂരിഭാഗം പേരും
ഉപയോഗിക്കുന്നത് സ്വതന്ത്ര സോഫ്‌റ്റ്വേറാണ്. ഞങ്ങളുടെ സംഘടനയായ
ഹിപ്പാത്തിയ മുഖേനയാണു മറ്റു രാജ്യങ്ങള്‍ ബന്ധപ്പെടുന്നത്. ഇറ്റലിയിലെ സഹകരണ
മേഖലയില്‍ സ്വതന്ത്ര സോഫ്‌റ്റ്വേര്‍ സജ്‌ജമാക്കിയത് ഞങ്ങളാണ്. അതുപോലെ
നിരവധി രാജ്യങ്ങളിലും. വെനസ്വേലന്‍ സര്‍ക്കാര്‍ ക്ഷണിച്ചതനുസരിച്ച് ഈയിടെ
അവിടെ പോയിരുന്നു. അവരുടെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സ്വതന്ത്ര
സോഫ്‌റ്റ്വേറിലേക്കു മാറ്റുകയാണ്. സ്‌നോഡന്റെ വെളിപ്പെടുത്തലുകളിലൂടെ ഐടി
രംഗത്തെ അരക്ഷിതാവസ്‌ഥ ലോകത്തിനു മനസിലായി. വെനസ്വേലന്‍ സര്‍ക്കാരിന്റെയും
ആശങ്ക അതുതന്നെയാണ്. അവര്‍ക്കു വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കാന്‍
പത്തുദിവസം അവിടെയുണ്ടായിരുന്നു.
ഇപ്പോള്‍ സന്തോഷം
സ്വതന്ത്ര സോഫ്‌റ്റ്വേര്‍ എന്നാല്‍ എന്താണെന്ന് ഇപ്പോള്‍ ആരും
ചോദിക്കാറില്ല. അതാണ് ഏറ്റവും വലിയ സന്തോഷം. ഐടി രംഗത്തെ
കുത്തകകള്‍ക്കെതിരേ ഒരുപരിധിവരെ പ്രതികരിക്കാന്‍ ഇപ്പോള്‍
ജനത്തിനാകുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ സ്വതന്ത്ര സോഫ്‌റ്റ്വേറിന്
അംഗീകാരം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് കുത്തക കമ്പനികളെ
പ്രോത്സാഹിപ്പിക്കുന്നത്. വികസിത രാജ്യങ്ങളെല്ലാം കുത്തക കമ്പനികളുടെ
തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞുതുടങ്ങി. കുത്തക കമ്പനികളുടെ അടിമയാകണോ അതോ
സ്വാതന്ത്ര്യം വേണോയെന്ന ചോദ്യത്തിനുള്ള ഉത്തരത്തെക്കുറിച്ച് ചിന്തിച്ചാല്‍
നമുക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍
എല്ലാവര്‍ക്കും നിരവധി അവകാശങ്ങളുണ്ട്. നമ്മുടെ മൗലിക അവകാശങ്ങള്‍
പോലെയാണത്. അതു നിഷേധിക്കാനാണ് സോഫ്‌റ്റ്വേര്‍ കുത്തകകളുടെ ശ്രമം.
ഇന്ത്യയില്‍ സ്വതന്ത്ര സോഫ്‌റ്റ്വേര്‍ ശക്‌തിയാര്‍ജിക്കാത്തതിനു കാരണം
രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയില്ലായ്‌മയാണ്. മധ്യപ്രദേശില്‍
മുഖ്യമന്ത്രിയായിരുന്ന ദ്വിഗ്‌വിജയ് സിംഗും മുന്‍ പ്രസിഡന്റ് എ.പി.ജെ.
അബ്‌ദുള്‍കലാമും മാത്രമാണു ദേശീയതലത്തില്‍ സ്വതന്ത്ര സോഫ്‌റ്റ്വേറിനു വേണ്ടി
സംസാരിച്ചിട്ടുള്ളത്. കേരളത്തില്‍ ഏറെ പിന്തുണ നല്‍കിയത് പ്രതിപക്ഷ നേതാവ്
വി.എസ്. അച്യുതാനന്ദനാണ്. ആശയപരമായി ഔന്നത്യമുള്ളതിനാല്‍ താന്‍
പിന്തുണയ്‌ക്കുകയാണെന്ന് വി.എസ് പറഞ്ഞിട്ടുണ്ട്.
(സി.എസ്. സിദ്ധാര്‍ത്ഥന്‍)
http://www.mangalam.com/print-edition/sunday-mangalam/90196#sthash.4jC3NFNG
Mangalam Newspaper
This message was sent using ShareThis (http://www.sharethis.com)
http://archive.is/PwOQk
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130901/8c2da05b/attachment-0002.htm>
More information about the discuss
mailing list