[smc-discuss] ഹയര്‍ സെക്കന്‍ഡറിയിലും ഇനി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

Murali Paramu ipmurali at gmail.com
Sun Feb 26 12:45:42 PST 2017


തിരുവനന്തപുരം > പ്രൈമറി, ഹൈസ്കൂള്‍ തലങ്ങള്‍ക്കു പിന്നാലെ സംസ്ഥാനത്ത് ഹയര്‍
സെക്കന്‍ഡറി തലത്തിലും പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍
പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍
ഹൈസ്കൂള്‍ തലംവരെയുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്നോളജി
(ഐസിടി) പഠനത്തിന്റെ‘ഭാഗമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലവില്‍ ഏറ്റവും
ബൃഹത്തായ സ്വതന്ത്ര സോഫ്റ്റ്‌വെ‌യര്‍ വിന്യാസമുള്ള സംസ്ഥാനമാണ് കേരളം.

പാഠ്യപദ്ധതിയുടെ ഘടനയും ആശയവും ഒട്ടും മാറ്റാതെ തന്നെ സോഫ്റ്റ്വെയറില്‍ മാത്രം
മാറ്റംവരുത്തിയാണ് ഇത് നടപ്പാക്കുന്നത്.
ഉടമസ്ഥാവകാശമുള്ള‘'ടാലി'’സോഫ്റ്റ്വെയറിന് പകരം‘'ഗ്നൂ ഖാത്ത', മൈക്രോസോഫ്റ്റ്
എക്സല്‍, ആക്സസ് എന്നിവയ്ക്കു പകരം 'ലിബര്‍ ഓഫീസ് കാല്‍ക്, 'ബേസ്' തുടങ്ങിയ
സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആപ്ളിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയാകും പാഠപുസ്തകം
തയ്യാറാക്കുക.

ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സാധാരണ
പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ഓഫീസ് പാക്കേജുകള്‍, ഡാറ്റാ ബേസ്
ആപ്ളിക്കേഷനുകള്‍, ഡിടിപി ഗ്രാഫിക്സ് ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറുകള്‍,
സൌണ്ട് റെക്കോഡിങ് വീഡിയോ എഡിറ്റിങ് അനിമേഷന്‍ പാക്കേജുകള്‍,
പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകള്‍, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വെബ്
ഡാറ്റാബേസ് സര്‍വറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങള്‍
ഐടി ഉപയോഗിച്ച് പഠിക്കാനായി അന്താരാഷ്ട്ര പ്രസിദ്ധമായ ജിയോജിബ്ര, ഫെറ്റ്,
സ്റ്റെല്ലേറിയം, കാല്‍സ്യം, മാര്‍ബിള്‍, രാസ്മോള്‍, ജീപ്ളെയ്റ്റ്സ്,
ജികോമ്പ്രിസ്, പൈസിയോ ഗെയിം, ജെ ഫ്രാക്ഷന്‍ലാബ്, ഡോ.ജിയോ. തുടങ്ങിയ സ്വതന്ത്ര
സോഫ്റ്റ്വെയറുകള്‍ ഹയര്‍ സെക്കന്‍ഡറി പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതെല്ലാം ഉടമസ്ഥാവകാശ ആപ്ളിക്കേഷനുകളാണെങ്കില്‍ മെഷീന്‍ ഒന്നിന് ചുരുങ്ങിയത്
ഒന്നര ലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടി വരുമായിരുന്നു. ഇവ പ്രീലോഡ്
ചെയ്തു നല്‍കുന്നതിനാല്‍ ഇരുപതിനായിരത്തോളം ലാപ്ടോപ്പുകള്‍ക്കും
ഡെസ്ക്ടോപ്പുകള്‍ക്കുമായി ഏകദേശം 300 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്
ലാഭിക്കാനാകും. കാലാകാലങ്ങളായുള്ള അപ്ഡേഷനുകള്‍ വേണ്ട അധിക ചെലവ്
കൂടാതെയാണിത്്. സാമ്പത്തിക ലാഭത്തിനുപരി ആവശ്യാനുസരണം പങ്കുവയ്ക്കാനും
 മാറ്റംവരുത്തി പ്രസിദ്ധീകരിക്കാനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൊണ്ട്
സാധിക്കും. ആപ്ളിക്കേഷനുകളുടെ കസ്റ്റമൈസേഷന്‍, അധ്യാപക പരിശീലനം, വീഡിയോ
ട്യൂട്ടോറിയല്‍ എന്നിങ്ങനെ പാഠഭാഗങ്ങളുടെ വിനിമയം വളരെ ലളിതമാക്കാനുള്ള എല്ലാ
സംവിധാനവും ഐടി അറ്റ് സ്കൂള്‍ ഏര്‍പ്പെടുത്തും. ഇതനുസരിച്ചുള്ള മാറ്റം ഐടി
പാഠപുസ്തകങ്ങളിലും ഉണ്ടാകും.


(Source:
http://www.deshabhimani.com/news/kerala/free-software-state-higher-secondary/626591
​​)


-- 
~~~~~~~~~~~~~
സ്നേഹാദരങ്ങളോടെ
ഐ.പി.മുരളി
thanks & regards,
i.p.murali
+971-50-6764556
+971-55-5379729
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170227/7537f585/attachment.htm>


More information about the discuss mailing list