ഇന്ന് ലോക പുസ്തകദിനമാണല്ലോ. മലയാളത്തിലെ ഈ-വായനയേയും പ്രസിദ്ധീകരണങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ സായാഹ്ന ഫൌണ്ടേഷനെ പരിചയപ്പെടുത്തുന്നു.
മലയാള പുസ്തകങ്ങളുടെ ശേഖരം
തെരഞ്ഞെടുത്ത ഏതാനും മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ സായാഹ്ന ഫൌണ്ടേഷനില്‍ നിന്നും ലഭ്യമാണ്. വായനക്കാര്‍ക്ക് യഥേഷ്ടം ഇവിടെനിന്നും ഇറക്കുവാനും അവ തങ്ങളുടെ കമ്പ്യൂട്ടറുകളിലേക്കോ ഇ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ് ഉപകരണങ്ങളിലോ നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്. ക്രിയേറ്റിവ് കോമണ്‍സിന്റെപകര്‍പ്പവകാശ നിബന്ധനകള്‍ പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക് യാതൊരു വിലയും നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.
പുസ്തകങ്ങളും വായനയും നശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തില്‍ ഇ-പുസ്തകങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്ന് തോന്നുന്നു. യന്ത്രസാമഗ്രികള്‍ നിറഞ്ഞ, അതിസാങ്കേതികത്വം പരിപോഷിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്നത്തെ ജീവിതത്തില്‍ പരമ്പരാഗത രീതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരുതരം അധികപ്പറ്റായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ അവ ആധുനികജീവിതത്തിലെ പ്രവണതകളോട് യോജിക്കാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. അച്ചടിച്ച പുസ്തകത്തിന്റെ വലിപ്പത്തില്‍ തുടങ്ങി, അതിന്റെ സൂക്ഷിക്കല്‍ അപഹരിക്കുന്ന പരിമിതസൗകര്യങ്ങളുള്ള നമ്മുടെ വീട്ടിലെ സ്ഥലം, അത് ആവശ്യപ്പെടുന്ന അദ്ധ്വാനവും ശ്രമവും, വായിക്കുവാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത പുസ്തകമുണ്ടാക്കുന്ന ഇച്ഛാഭംഗം, എന്ന് തുടങ്ങി അനുദിനം വര്‍ദ്ധിച്ചുവരുന്ന പുസ്തകവിലയിലെ വര്‍ദ്ധനവ്, പുസ്തകനിര്‍മ്മിതിക്കായി കാട് വെട്ടിത്തെളിക്കുന്നതിലെ പരിസ്ഥിതിജന്യമായ ആശങ്കകള്‍,… ഇങ്ങനെ പോകുന്നു പുസ്തകവിരുദ്ധമായി നമുക്ക് നിരത്താവുന്ന ഘടകങ്ങള്‍. ഇവയെല്ലാം ഒറ്റയായും കൂട്ടായും അക്രമിക്കുമ്പോള്‍, മനുഷ്യനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വായനാശീലം എന്നേക്കുമായി നഷ്ടപ്പെട്ടുതുടങ്ങുകയായി. തലമുറകള്‍ കടന്ന് പോകവെ, ഈ നഷ്ടപ്പെടല്‍ പൂര്‍ണമാവുമ്പോള്‍, അറിവും വിവേചനവും വേണ്ടത്ര നേടാനാവാത്ത, അതുകൊണ്ടുതന്നെ അക്രമവാസന കൂടിയ ഒരു പുതുതലമുറയെ നേരിടുക എന്ന ദൗത്യം കൂടി നമ്മില്‍ വന്നു ചേരുന്നു.
അപ്പോള്‍ വായനയെ എങ്ങിനെ തിരികെക്കൊണ്ടുവരാം? ഒരു പോംവഴി ആധുനികജീവിതത്തെ ആകര്‍ഷിക്കുന്ന ഒരു പുസ്തകപ്രസിദ്ധീകരണശൈലിയും സംസ്കാരവും അവലംബിക്കുക, സമകാലിക വിവരസാങ്കേതികവിദ്യകളുമായി ഇണങ്ങിപ്പോകുന്ന രീതിയില്‍ പുസ്തകങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തുക, വിതരണത്തിന് ഇന്റര്‍നെറ്റിനെ ഉപയോഗിക്കുക എന്നിവയാണ്. ഇ-പതിപ്പുകളുടെയും മറ്റ് ഡിജിറ്റല്‍ രൂപങ്ങളുടെയും പ്രസക്തി ഇവിടെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി പ്രസിദ്ധീകരണ രംഗത്ത് നടന്നു വരുന്ന നൂതന വിവരസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള പരീക്ഷണങ്ങളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്.
ഇ-പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നതിനാല്‍, വീട് വിട്ടിറങ്ങാതെ വാങ്ങുവാന്‍ കഴിയുന്നു എന്നത് കൂടാതെ, വാങ്ങിയ നിമിഷം തന്നെ പുസ്തകം നമ്മുടെ ഉപകരണത്തിലേക്കു യാന്ത്രികമായി സ്വയം പകര്‍ത്തപ്പെടുകയും ചെയ്യുന്നു. ചലനശേഷി കുറഞ്ഞവര്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വിപണനം വലിയ അനുഗ്രഹമാണ്. സൂക്ഷിക്കുവാന്‍ അലമാരകളുടെ ആവശ്യമില്ല, അതുകൊണ്ടു തന്നെ വീട്ടില്‍ സ്ഥലം നഷ്ടപ്പെടുന്നില്ല, പൊടിപിടിക്കാതെ സൂക്ഷിക്കേണ്ട ശ്രമങ്ങളും വേണ്ട. പുസ്തകം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഇന്നത്തെ മിക്കവാറും ഇ-പുസ്തക ഉപകരണങ്ങള്‍ മൂവായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിക്കുവാന്‍ കെല്പുള്ളവയാണ്. അപ്പോള്‍, ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയായി മാറുന്നു ഓരോ ഇ-ബുക് റീഡറും. കൂടാതെ, നിഘണ്ടു, കുറിപ്പുകളെടുക്കുവാനും, അത് സൂക്ഷിക്കുവാനും, അവശ്യാനുസരണം എടുക്കുവാനും, ഇന്റര്‍നെറ്റിലെ മറ്റ് സുഹൃത്തുക്കളുമായി പങ്കുവെക്കുവാനും, ഓരോ പുസ്തകത്തിലും വായിച്ചു നിറുത്തിയ ഇടം അടയാളപ്പെടുത്തുവാനുമുള്ള സംവിധാനം എന്നു തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ആധുനിക ഇ-ബുക് റീഡറുകള്‍ നല്‍കുന്നു.
അവഗണിക്കാനാവാത്ത ഒരു ഘടകം ഇതിന്റെ സാമ്പത്തിക വശമാണ്. ഇ-പുസ്തകങ്ങളുടെ വില അതിന്റെ അച്ചടി രൂപത്തിനെക്കാളും കുറവാണ്, മിക്കവാറും മൂന്നിലൊന്നായി ചുരുങ്ങിയതായിട്ടാണ് കാണുന്നത്. പഴയ പുസ്തകങ്ങള്‍, അതായത് പകര്‍പ്പവകാശനിയമത്തിന്റെ പരിധിക്ക് പുറത്തായവ, മിക്കവാറും സൌജന്യമായി ലഭ്യമാവുന്നു. പാശ്ഛാത്യ രാജ്യങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ എല്ലാം വളരെ മുമ്പ് തന്നെ കിട്ടിത്തുടങ്ങിയിരുന്നു. പക്ഷെ, മലയാളത്തിന്റെ സ്ഥിതി ദയനീയമാണ്. കാലഘട്ടത്തിന്റെ ആനുകൂല്യങ്ങള്‍ സ്വന്തം ജനതയ്ക്ക് എത്തിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സുഹൃത്തുക്കള്‍ പണിപ്പെടുകയും ആ ഭാഷകളെല്ലാം അനുദിനം സമ്പന്നമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പോലും മലയാള വിഭാഗം ശോചനീയമാം വിധം ശുഷ്ക്കമാണ്. ഒരു വശത്ത് മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവിക്കു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഭാഷ നേരിടുന്ന ദാരുണമായ ദൌര്‍ബല്യങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം കുറ്റകരമായ രീതിയിലാണെന്ന് പറയാതെ വയ്യ.
ഈ പശ്ഛാത്തലത്തിലാണ് സായാഹ്ന ഫൌണ്ടേഷന്‍ ഏതാനും സന്നദ്ധസേവകരുടെ സഹായത്തോടു കൂടി പകര്‍പ്പവകാശപരിധിയുടെ കാലയളവ് കഴിഞ്ഞ, പൊതുസമൂഹത്തിന്റെ വകയായ പുസ്തകങ്ങള്‍; സ്വതന്ത്രവിതരണത്തില്‍ വിശ്വസിക്കുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുകയും പൊതുസമൂഹത്തിന്റെ സ്വതന്ത്രമായ ഉപയോഗത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ടു വന്നിട്ടുള്ളത്. ഈ സംരംഭത്തില്‍ അനുകൂല മനോഭാവമുള്ള ആര്‍ക്കു വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളില്‍ പങ്കെടുക്കാം.
വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന പരിപാടിയില്‍ സ്വന്തം നിലക്ക് ഡാറ്റ എന്‍ട്രി, പ്രൂഫ് വായന തുടങ്ങിയവ കഴിയുന്നിടത്തോളം ചെയ്തു കൊടുക്കുക.
നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്‍, സ്വന്തം കൃതികള്‍ ക്രിയേറ്റിവ് കോമണ്‍സിന്റെ ഏതെങ്കിലും യുക്തമായ പകര്‍പ്പവകാശനിബന്ധന അനുസരിച്ച് വിതരണാവകാശം നല്കുക.
നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള, പകര്‍പ്പവകാശകെട്ടുപാടില്ലാത്ത ഏതെങ്കിലും പുസ്തകമുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ഡാറ്റ എന്‍ട്രി നടത്തിക്കൊടുക്കുക. സാങ്കേതിക സഹായത്തിന് <info@sayahna.org> എന്ന ഇ-തപാലില്‍ ബന്ധപ്പെടുക.
സ്വയം ചെയ്യുവാനുള്ള സാങ്കേതിക വൈദഗ്‌ദ്ധ്യം ഇല്ലെങ്കില്‍, ഈ പണിയിലേര്‍പ്പെട്ടിരിക്കുന്ന സേവ (SEWA) പോലുള്ള സംഘടനകള്‍ മിതമായ നിരക്കില്‍ ചെയ്തു തരുന്നതാണ്. ഒരു കൊല്ലത്തില്‍ ഒരു പുസ്തകം വീതം ചെയ്യുവാന്‍ കഴിഞ്ഞാല്‍, മലയാളഭാഷയോടും ഈ സമൂഹത്തോടും ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും.
നിങ്ങള്‍ ചിത്രകാരനാണെങ്കില്‍, പുസ്തകങ്ങള്‍ ചിത്രണം ചെയ്യുവാന്‍ മുന്നോട്ടു വരിക. ഒട്ടനവധി പുസ്തകങ്ങള്‍ ചിത്രണം കാത്തിരിക്കുന്നു. അതുപോലെ തന്നെയാണ് മുഖചിത്രങ്ങളുടെ കാര്യവും.
നിങ്ങള്‍ നല്ല ശബ്ദത്തിന്റെ ഉടമയും ഉച്ചാരണശുദ്ധിയുമുണ്ടെങ്കില്‍, പുസ്തകങ്ങളൂടെ ഓഡിയോ പതിപ്പിലേക്കായി ശബ്ദലേഖനം ചെയ്യുവാന്‍ സഹായിക്കുക.
ഇതൊന്നുമല്ല, വെറും വായനയിലൊതുങ്ങി നില്‍ക്കുന്ന ഒരാളാണെങ്കില്‍, ഏതൊക്കെയാണ് അവശ്യമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങളെന്ന് പറയുക.
ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.
ലഭ്യമായ പുസ്തകങ്ങള്‍ക്ക് ഈ പേജ് കാണുക.
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."