[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Wed Nov 21 18:00:18 PST 2007


സന്തോഷ് തോട്ടിങ്ങല്‍ എഴുതിയതിനെ മൊത്തമായും അനുകൂലിക്കുന്നു. അതേ അഭിപ്രായം
തന്നെയാണ് ഭംഗ്യന്തരേണ ഞാനും ഉദ്ദേശിച്ചത്. കര്‍ശനമായി പറയണം
എന്നെഴുതിയത് അതിനാവശ്യമായ അര്‍ഹത (സാങ്കേതികമായും ഭാഷാശാസ്ത്രപരമായും
ചര്‍ച്ചയിലൂടെയും പഠനത്തിലൂടെയും സമവായത്തിലൂടെയും നേടിയെടുത്ത
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യഥാര്‍ത്ഥമായ അര്‍ഹത) ആര്‍ജ്ജിച്ചെടുത്തിട്ടുള്ള
ഒരു അധികാരസ്ഥാപനം വേണം അത്തരം സ്റ്റൈല്‍ ബുക്കുകള്‍ / സ്റ്റാന്‍ഡേര്‍ഡുകള്‍
നിര്‍മ്മിക്കേണ്ടത് എന്ന അര്‍ത്ഥത്തിലാണ്.

താഴെപ്പറയുന്നവയില്‍  ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങള്‍ മാത്രം അത്തരം
അധികാരങ്ങള്‍ക്ക് ആധാരമായിക്കൂടാ.

1. രാ‍ഷ്ട്രീയമായ / ഭരണഘടനാപരമായ അധികാരം കൊണ്ട് ഉന്നതസ്ഥാനങ്ങളില്‍
ഇരിക്കുന്നു.
2. വിധിവൈപരീത്യം കൊണ്ട് ഏതെങ്കിലും ഔദ്യോഗികസ്ഥാപനത്തിന്റെ തലപ്പത്തോ
പ്രയുക്തതലത്തിലോ എത്തിപ്പെട്ടിരിക്കുന്നു.
3. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ ഉന്നതയോഗ്യതകള്‍ / ഉദ്യോഗം
സമ്പാദിച്ചിരിക്കുന്നു
4. വ്യവസായ/വാണിജ്യ/വ്യാപാര മേഖലയില്‍ മികവു പുലര്‍ത്തുന്നു
5. ഭാഷയിലോ ഭാഷാശാസ്ത്രത്തിലോ ഉയര്‍ന്ന ബിരുദമോ സ്ഥാനമോ നേടിയിരിക്കുന്നു.
6. സാഹിത്യ-സാംസ്കാരിക-മാദ്ധ്യമരംഗത്ത്  മേല്‍ക്കൈ സ്ഥാപിച്ചിരിക്കുന്നു.
7. പ്രത്യയശാസ്ത്രപരമായ മുന്‍‌വിധികളെക്കൊണ്ട് സംഘടിതമായിരിക്കുന്നു.


മറിച്ച്, ഇവരെല്ലാമുള്‍പ്പെടുന്ന ഒരു കണ്‍സോര്‍ഷ്യം തന്നെ ഉടലെടുക്കേണ്ടതുണ്ട്
ഒരു പ്രാവശ്യത്തേക്കെങ്കിലും. അഥവാ, യുണികോഡ് പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ
സ്റ്റാന്ദേര്‍ഡുകള്‍ നിര്‍വ്വചിക്കുന്നതിനു മുന്‍പുതന്നെ,  ഭാഷയുടെ തന്നെ
(വ്യാകരണം, ഘടന, അക്ഷര/ലിപിവിന്യാസക്രമം തുടങ്ങിയ തലങ്ങളില്‍) അടിസ്ഥാന
നിലപാടുകള്‍ വ്യക്തമാക്കി, "ഇങ്ങനെയാവണം, ഇങ്ങനെയെ പാടുള്ളൂ " എന്ന്
നമുക്കെല്ലാം ഒരുമിച്ചുപറയാന്‍ പറ്റുന്ന ഒരവസ്ഥ ഉണ്ടാക്കിയെടുക്കണം.

ഇങ്ങനെയും പറയാം അങ്ങനേയും പറയാം എന്നുള്ള ഫസ്സി ലോജിക് കമ്പ്യൂട്ടറിനു
മനസ്സിലാവാന്‍ ഇനിയും കുറേ കാലം എടുക്കും.

സിബുവിന്റെ അരാജകവാദത്തിനോട് വളരെ പണ്ടുമുതലേ എതിര്‍പ്പുള്ള ആളാണു ഞാനും.
മഴക്കാടുകളെപ്പോലെ ഭാഷയെ വളരാനനുവദിച്ചാല്‍ കുറച്ചുകാലം കഴിയുമ്പോഴേക്കും ബാബേല്‍
ഗോപുരം പണിയാനിറങ്ങിയ <http://en.wikipedia.org/wiki/Tower_of_Babel> നമ്മുടെ
മുന്‍‌ഗാമികളെപ്പോലെയിരിക്കും നാം. അല്ലെങ്കില്‍ തന്നെ കഷായം കുടിക്കുന്നപോലെ
മലയാളം കടിച്ചിറക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ഈയൊരു ന്യായം കൂടി മതി ഇനി.

എല്ലാത്തിനും പൊതുവായ ഒരു അടിസ്ഥാനനിര്‍ദ്ദേശകതലത്തിനുമേല്‍ നമുക്ക് എന്നിട്ടും
വ്യത്യസ്തമായി ചിന്തിക്കാനും സ്വതന്ത്രമായി പരിണമിക്കാനും പിന്നെയും എത്രയോ
ആകാശം ബാക്കിയുണ്ടാവും. അവിടെ കാസര്‍കോടുകാരനും കല്ലായിക്കാരനും
തൃശ്ശൂര്‍ക്കാരനും തിരുവല്ലക്കാരനും നെയ്യാറ്റിങ്കരക്കാരനും സ്വന്തം നാവും
നാരായവും അടിയറ വെക്കേണ്ടി വരില്ല.

മലയാളത്തിനു നിയതമായ സ്പെല്ലിങ്ങ് വേണ്ട എന്ന് ആരാണ് പറയുന്നത്?
കമ്പ്യൂട്ടറുകള്‍ വരുന്നതുവരെ  അത്തരമൊരു നിര്‍ബന്ധം ആരും ചെലുത്തിയിരുന്നില്ല
എന്നേ ഉണ്ടായിരുന്നുള്ളൂ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി താന്താങ്ങളുടെ
ഇഷ്ടം പോലെ, (പലപ്പോഴും ആ മാസത്തെ ശമ്പളം മാത്രം ലക്ഷ്യമാക്കി)
വ്യാകരണപുസ്തകങ്ങളും നയരേഖകളും സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോളാണ് നമുക്ക് ഒരേ
വാക്കിന് എന്തു സ്പെല്ലിങ്ങ് വേണമെങ്കിലും ആവാം എന്നായത്. ഗ്രന്ഥം ലിപി മുതല്‍
യുണികോഡ് ലിപി വരെ തുടരുന്നതാണ് മലയാളത്തിന്റെ ഈ ദുര്‍‌വ്വിധി. ഇതിനെ
ദുര്‍വ്വിധി എന്നല്ലാതെ പരിണാമമെന്നോ വികാസമെന്നോ വിളിക്കാനാവില്ല.

അതേ സമയം ധാരാളമായി മലയാ‍ള‍ത്തിലേക്ക്  അന്യഭാഷാപദങ്ങള്‍ കടന്നുവരുന്നതും
'അടിപൊളി', 'വെട്ടിനിരത്ത്'', 'ആനമയക്കി' പോലുള്ള പദങ്ങള്‍ പോലും
ജനകീയപ്രയോഗത്തിലൂടെ ഭാഷയില്‍ കുടിയേറുന്നതും മറ്റും വ്യക്തമായ പരിണാമങ്ങളോ
വികാസമോ ആണ്. അതുപോലെത്തന്നെ കവിതയ്ക്ക് വൃത്തമോ യതിപോലുമോ
നിര്‍ബന്ധമല്ലെന്നുപറയുന്നതും മാന്യശ്രീ രാ.രാ.രാമന്‍ അവര്‍കള്‍ എന്നത്
ലുപ്തപ്രചാരമാവുന്നതും നമ്മുടെ അലങ്കാരശാസ്ത്രത്തിനും  പ്രയോഗശീലങ്ങള്‍‍ക്കും
വരുന്ന മാറ്റങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. അനുനിമിഷം പ്രസക്തി
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ വാക്കുകളും ('ഉത്തരവും കഴുക്കോലും",
"ഇല്ലം നിറ") പഴഞ്ചൊല്ലുകളും കടംകഥകളും ( "ആയില്യം അകത്തോ പുറത്തോ", "മുറ്റത്തെ
ചെപ്പിനടപ്പില്ല", "കാള കിടക്കും കയറോടും") ഇതിന്റെ കൂട്ടത്തില്‍
ചെര്‍ത്തെഴുതാം. ഇവയൊന്നും പക്ഷേ ദുര്‍വ്വിധിയല്ല. സ്വാഭാവികരൂപാന്തരവും
മൊഴിയുടെ ഒട്ടിക്കൂടലും പൊട്ടിവിടരലും ആണ്.


എന്റെ വ്യക്തിപരവും സ്വാര്‍ത്ഥവുമായ അത്യാഗ്രഹം മലയാളം അക്ഷരമാല ഇനിയുമിനിയും
കൂടുതല്‍ സ്വനിമാധിസ്ഥിതമാകണം എന്നാണ്. ആ കണക്കില്‍ ഇനിയും കുറേക്കൂടി
വര്‍ണ്ണ/ലിപിരൂപങ്ങള്‍ മലയാളത്തിനു് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം.
കാഞ്ചീപുരം പട്ടുസാരി അഴിച്ചുമാറ്റി മിനിസ്കര്‍ട്ട് ഇടാന്‍ വെമ്പി നടക്കുന്ന
മറ്റു ഭാരതീയ ഭാഷകളെ ഇക്കാര്യത്തില്‍ താരതമ്യം ചെയ്യണ്ട. കാരണം,  ഏറ്റവും
കൂടുതല്‍ അലഞ്ഞുനടക്കുന്ന, കൂടുതല്‍ ജനതതികളുമായി ഇടപഴകുന്ന, കൂടുതല്‍
ഭാഷകളില്‍ നിന്നും വെള്ളവും വളവും ഊറ്റിവലിച്ചെടുക്കുന്നവരായി നാം ഇപ്പോളും
മാറിക്കൊണ്ടേ ഇരിക്കുന്നു. അതിഥിയായി എത്തുന്ന അത്തരം ശബ്ദ/ലിഖിതരൂപങ്ങള്‍‍ക്ക്
സ്വന്തമായി അസ്തിത്വം നല്‍കുന്നത് നമ്മുടെ ഭാഷയുടെ ശബ്ദധാരിതയും പദസമ്പത്തും
കൂട്ടുകയേ ഉള്ളൂ.

എന്റെ ചില ഭ്രാന്തമായ ജല്‍പ്പനങ്ങള്‍ പറയട്ടെ?

1. ഏറെക്കാലമായിട്ടും പട്ടയം കിട്ടാതെ പുറമ്പോക്കില്‍ താമസിക്കുന്ന സംവൃത ‌ു്
കാരം എന്നു നാം ഇപ്പോള്‍ വിളിക്കുന്ന സ്വരത്തിന് അ,ഇ, ഉ,
എന്നിവയ്ക്കൊപ്പം സ്വതന്ത്രമായിത്തന്നെ ഒരു നിലനില്‍പ്പുണ്ട്. ( ദീര്‍ഘമോ ഗുണമോ
വൃദ്ധിയോ ഇല്ല, സാധാരണ എഴുത്തുഭാഷയില്‍ പദാരംഭത്തിലോ പദമദ്ധ്യത്തിലോ
ഉപയോഗിക്കാറില്ല (വാസ്തവത്തില്‍ സംസാരഭാഷയിലെ അത്തരം പ്രയോഗങ്ങള്‍  എഴുതേണ്ട
സന്ദര്‍ഭങ്ങള്‍ ഉണ്ട് - ‌ു്ക്ക (ഇക്ക), എതു്ക്ക്?  തുടങ്ങി..) എന്നീ
വ്യത്യാസങ്ങളേ ഉള്ളൂ.

എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ സംവൃത ‌ു് കാരത്തിന് മീത്തലില്‍ നിന്നും
ഉകാരത്തില്‍ നിന്നും വേറിട്ട സ്വന്തമായ ഒരു ചിഹ്നം തന്നെ വേണമെന്ന
അറ്റത്തേക്കെത്തും എന്റെ ദുര.

2. തമിഴിലെ ன എനതിനു സമാനമായ (പനയിലെ) വര്‍ത്സ്യമായ ന
3. റ്റ-യുടെ പകുതിക്കഷ്നം ( റകാരത്തിന്റെ വര്‍ത്സ്യഖരം)
4. ഫിഷ് എന്നതിലെ /ഫ/,
5.രണ്ടുതരം വ (v/w)
6.രണ്ടുതരം യ
7.രണ്ടുതരം ഹ
8.സ്/ജ് എന്നിവയ്ക്കിടയിലുള്ള (zoo) ഒരു പുതിയ സ

ഇതു കൂടാതെ വേറെയും അക്ഷരങ്ങള്‍ക്കും സ്വരിതം, ഉദാത്തം, അനുദാത്തം തുടങ്ങിയ
allophonic രൂപഭേദങ്ങള്‍ക്കുപോലും  തനതായ ലിപിരൂപങ്ങള്‍
നിര്‍വ്വചിക്കപ്പെട്ടിരുന്നെങ്കിലോ എന്നാണ് *എന്റെ* ആശ. വാസ്തവത്തില്‍ അത്തരം
കടത്തിയിരുത്തലുകള്‍ മലയാളത്തിന്റെ എഴുത്തുഭാഷയില്‍ പ്രാദേശിക
ഡയാലക്റ്റുകള്‍ക്കും വൈദേശികപദങ്ങള്‍‍ക്കും കൂടുതല്‍ വ്യക്തതയാര്‍ന്ന
നിലനില്‍പ്പു കൊടുക്കുകയാവും ചെയ്യുക.

വളരെ ബാലിശവും ഭ്രാന്തവുമാണെന്നു തോന്നാം ഈ നിര്‍ദ്ദേശങ്ങള്‍. പക്ഷേ ഇത്തരം
ചിന്തകള്‍ക്ക് ഏറ്റവും യോജിച്ച സമയം ഇതാണ്. അക്ഷരവൈപുല്യത്തിന് സാങ്കേതികത
ഇപ്പോളൊരു തടസ്സമാവുന്നില്ല. അതേ സമയം നാളെ നാം യുണികോഡ് പോലുള്ള ഒരു
ചട്ടക്കൂടിനകത്ത് എളുപ്പമൊന്നും തിരുത്താനാവാത്ത ഒരവസ്ഥയില്‍ എത്തിയെന്നും
വരാം.

കൂടുതല്‍ അക്ഷരരൂപങ്ങള്‍ ഉണ്ടാവുന്നത് ആരെയാണു ദോഷകരമായി ബാധിക്കുന്നത്?
കുട്ടികളേയും നവസാക്ഷരരേയും എന്നാണെങ്കില്‍  അതില്‍ വലിയ കഴമ്പില്ല. പഴയ
ലിപിയില്‍ മാത്രം (ധാരാളം കൂട്ടക്ഷരങ്ങള്‍ അടക്കം) പഠിച്ചിരുന്ന കാലത്തെ ശരാശരി
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെക്കാള്‍ കൂടുതല്‍ അക്ഷരത്തെറ്റുകളും സന്ധി
തുടങ്ങിയ ഘടനാപരമായ അബദ്ധങ്ങളും ഇന്നത്തെ അതേ തരം വിദ്യാര്‍ത്ഥി
വരുത്തുന്നുണ്ടെന്നു പറയാം. (വിദ്യാഭ്യാസരീതികളിലെ മാറ്റവും ഇതിനൊരു
കാരണമാണെങ്കിലും). ഇളം‌പ്രായത്തില്‍ തന്നെ താരതമ്യേന സങ്കീര്‍ണ്ണമായ
അക്ഷരമാലകള്‍ പഠിക്കുന്ന സമൂഹങ്ങള്‍ പിന്നീട് ഭാഷാമികവില്‍
മുന്നിട്ടുനില്‍ക്കുന്നുണ്ടെന്ന്  ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

(ഈ ചര്‍ച്ച കൂടുതല്‍ പുഷ്ടിപ്രാപിക്കുന്നതിനനുസരിച്ച്  ഒരു പൊതുസ്ഥലത്തേക്ക്
പറിച്ചുനടുന്നത് കൊള്ളാമെന്നു തോന്നുന്നു. സന്തോഷ് പറഞ്ഞതുപോലെ,
ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന വിവരം
അങ്ങനെയെങ്കിലും ഏതെങ്കിലും  ദന്തഗോപുരങ്ങളിലും എത്തിക്കോട്ടെ.)


On Nov 21, 2007 8:25 AM, Santhosh Thottingal <santhosh00 at gmail.com> wrote:

> On Nov 20, 2007 11:39 PM, MAHESH MANGALAT <mangalat at yahoo.com> wrote:
> > പാവം. മറ്റു മനുഷ്യരെ
> > മനസ്സിലാക്കാനോ
> > ആംഗീകരിക്കാനോ
> > ശീലിച്ചിട്ടില്ലാത്തവര്ക്ക്
> > സ്വന്തം
> > ഉച്ചക്കിറുക്കുകള്
> > പോലും വലിയ
> > സിദ്ധാന്തമായി
> > തോന്നാം.
> > സഹതപിക്കുകയേ
> > നിവൃത്തിയുള്ളൂ.
> ഇപ്പോള് നടക്കുന്ന ഭാഷയുടെ സാങ്കേതികതയെപ്പറ്റിയുള്ള ചര്ച്ചകളില്
> പങ്കെടുക്കുന്നവരുടെയോ പരിഷ്കാരങ്ങള് നിര്ദ്ദേശിയ്ക്കുന്നവരുടെയോ
> ഉദ്ദേശശുദ്ധിയിലോ ആത്മാര്ത്ഥതയിലോ എനിയ്ക്ക് യാതൊരു സംശയവുമില്ല.
> ഭാഷയെത്തന്നെ മറക്കുന്നവര്ക്കിടയില് ഭാഷയെക്കുറിച്ച്
> ചിന്തിയ്ക്കുന്നവരുണ്ടല്ലോ എന്ന് എല്ലാവര്ക്കും ആശ്വസിയ്ക്കാം.
> പക്ഷേ ഭാഷയെ സംബന്ധിച്ച ഏതൊരു തീരുമാനവും വളരെയധികം ചര്ച്ചചെയ്യപ്പെട്ടും
> വരുംവരായ്കകള് ചിന്തിച്ചുകൊണ്ടുമായിരിക്കണം.
> പരിഷ്കാരങ്ങള് നിര്ദ്ദേശിയ്ക്കുന്നവരും അഭിപ്രായം പറയുന്നവരും അവരവരുടെ
> അറിവിന്റെ പരിമിതികളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.
> മലയാളത്തിന്റെ സാങ്കേതിക ഭാവിയ്ക്ക് വേണ്ടി ശ്രമിയ്ക്കുന്നവരും
> ഭാഷാവിദദ്ധരും തമ്മിലുള്ള ക്രിയാത്മകമായ ഒരു ചര്ച്ചയിലൂടെ മാത്രമേ
> ഇന്നത്തെ പ്രശ്നങ്ങള് പരിഹരിയ്ക്കാനാവൂ എന്നാണ് എന്റെ അഭിപ്രായം. പക്ഷേ
> അതേ സമയം ഭാഷാസംബന്ധിയായ പ്രശ്നങ്ങളില് ആധികാരികമായി അഭിപ്രായം പറയാന്
> കഴിവുള്ളവര് പലരും ഈ പ്രശ്നങ്ങളെപ്പറ്റി ബോധവാന്മാരാണോ എന്ന
> സംശയവുമുണ്ട്. സ്വന്തം അറിവുകള് വച്ച് സാങ്കേതികരംഗത്ത്
> പ്രവര്ത്തിക്കുന്നവര് ഏകപക്ഷീയമായ തീരുമാനങ്ങളെടുത്താല്, ഓരോരുത്തരും
> അവരവരുടെ ഭാഗം മാത്രം ശരി എന്ന് വിചാരിച്ചു നിന്നാല് ദോഷം ഭാഷയ്ക്കു
> തന്നെയാണ്. തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെയല്ല ഭാഷാപരിഷ്കരണം നടക്കേണ്ടത്.
>
> മഹേഷ് സാറിനെപ്പോലെയുള്ളവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിയ്ക്കാനും
> തിരുത്താനും ഉണ്ടാവണം. അതൊക്കെ ചെവിക്കൊള്ളാന്‍ നമ്മുടെ
> കടും‌പിടിത്തങ്ങള്‍ തടസ്സമാവരുതു താനും
>
> വിശ്വപ്രഭ പറഞ്ഞു: "ഇങ്ങനെത്തന്നെ എഴുതണം എന്ന് കര്ശനമായി
> നിര്ദ്ദേശിക്കാന് നമുക്ക് ആരെങ്കിലും ഉണ്ടായേ പറ്റൂ. ". പ്ലാസ്ടിക്
> ബാഗ് നിരോധിച്ചതുപോലൊരുത്തരവിലൂടെ ഇതൊക്കെ സാധ്യമാവുമോ?
> അമ്മയെത്തല്ലിയാലും രണ്ടുണ്ടഭിപ്രായം എന്നാണല്ലോ.. ഇങ്ങനെത്തെന്നെ
> എഴുതണമെന്നു പറയുമ്പോള് എങ്ങനെ എന്ന ചോദ്യത്തിനാരുത്തരം നല്കും?
> ബ്ലോഗുകളിലും മറ്റും നമ്മള്‍ നടത്തുന്ന ചര്‍ച്ചകള്‍ പലപ്പോഴും എവിടെയും
> എത്താതെ നില്‍ക്കുന്നത് എന്തു കൊണ്ടാണ്?
>
> ഭാഷയില് നിലനില്ക്കുന്ന അരാജകാവസ്ഥ - അതിനി യുണിക്കോഡ് മലയാളത്തിലും
> വരും-  ഭാഷ വളരുമ്പോളുള്ളതാണെന്ന സിബുവിന്റെ വാദത്തോട് യോജിയ്ക്കാന്
> ബുദ്ധിമുട്ടുണ്ട്. വിവേകശൂന്യമായ തീരുമാനങ്ങള് പ്രകൃതിദത്തമായ
> ഭാഷാവളര്ച്ചയായി കണക്കാക്കാമോ? സ്പെല്ലിങ്ങ് പലതുള്ള വാക്കുകള്
> അപവാദങ്ങളായി കണ്ടേക്കാം.  പക്ഷേ കൃത്യമായ എഴുത്തുരീതിയെ മാറ്റി
> പലരീതിയില് എഴുതാം എന്ന് വരുത്തുന്ന തീരുമാനങ്ങള് അങ്ങനെയാണോ? ഭാഷയുടെ
> കെട്ടുറപ്പിനെയല്ലേ അതു ബാധിയ്ക്കുന്നത്? ഗണിതശാസ്ത്രത്തിന്റെ
> അടിത്തറയില് പ്രവര്ത്തിയ്ക്കുന്ന വിവരസാങ്കേതികവിദ്യക്ക് വെല്ലുവിളിയാണ്
> ഇത്. ഞാനുദ്ദേശിയ്ക്കുന്നത് സാങ്കേതികവിദ്യക്ക് വേണ്ടി ഭാഷയെ മാറ്റണം
> എന്നല്ല. പകരം വിവരസാങ്കേതികവിദ്യക്കപ്പുറത്ത് കൃത്യമായ നിര്വചനത്തോടും
> വ്യാകരണത്തോടും കൂടിയ ഒരു ഭാഷ നമുക്കാവശ്യമാണ് എന്ന ധാരണയുടെ പുറത്താണ്.
> അങ്ങനെത്തന്നെയായിരുന്നു നമ്മുടെ ഭാഷയുടെ പൂര്വ്വകാലം എന്നാണ് ഞാന്
> വായിച്ചു മനസ്സിലാാക്കിയിട്ടുള്ളത്.  ഭാവിയിലും
> അതങ്ങനെത്തന്നെയായിരിക്കണം എന്നാണ് എന്റെ ആഗ്രഹവും...
>
> ഈ വിഷയത്തില് നല്ലൊരു ചര്ച്ച ഇവിടെ പ്രതീക്ഷിക്കുന്നു.
>
> -സന്തോഷ് തോട്ടിങ്ങല്
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071122/33213be4/attachment-0001.htm>


More information about the discuss mailing list