[smc-discuss] സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെയും മലയാളഭാഷയെയും അപമാനിക്കരുതേ

Sebin Jacob sebinajacob at gmail.com
Sun Sep 19 12:02:26 PDT 2010


അനിവര്‍,

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നില്ല, സെമിനാര്‍.
ഇന്റര്‍നെറ്റും മലയാളഭാഷയും എന്നതായിരുന്നു വിഷയം. (ഇന്റര്‍നെറ്റും
മലയാളസാഹിത്യവും എന്നതായിരുന്നു, നേരത്തെ നിശ്ചയിച്ചിരുന്ന വിഷയം. അതു്
പിന്നീടു് ഇങ്ങനെ മാറ്റുകയായിരുന്നു.)

പ്രബോധചന്ദ്രന്‍നായര്‍ ഇന്റര്‍നെറ്റിനെ കുറിച്ചു് കാര്യമായി ഒന്നും
സംസാരിച്ചില്ല. പകരം ഭാഷയുടെ പരിണാമത്തെ കുറിച്ചും പുതിയ പ്രയോഗങ്ങളും ശൈലികളും
ഉള്‍ക്കൊള്ളുന്നതിനെകുറിച്ചും മറ്റുമാണു് സംസാരിച്ചതു്. ടൈപ്പ്റൈറ്റര്‍
മലയാളത്തിനുവേണ്ടി ചിഹ്നങ്ങള്‍‌ കുറയ്ക്കാന്‍ നടന്ന അഭ്യാസവും അതുമായി
ബന്ധപ്പെട്ടു് അദ്ദേഹമുയര്‍ത്തിയ പഴയ വാദങ്ങളുമൊന്നും ഇപ്പോള്‍ അതേ
അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതല്ലെന്നു് അദ്ദേഹത്തിനു് തന്നെ
അറിയാവുന്നതാവണമല്ലോ. അത്തരം കാര്യങ്ങളില്‍ സാങ്കേതികവിദഗ്ദ്ധര്‍ക്കു് ഉള്ള
എതിര്‍പ്പു് നിലനിര്‍ത്തുമ്പോള്‍ തന്നെ, ഭാഷാശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ
സംഭാവനകള്‍ പാടേ അവഗണിക്കണം എന്ന നിലപാടിനോടു് വിയോജിക്കേണ്ടിവരും.

ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ കുറിച്ചു്, വിവിധ കാലങ്ങളില്‍
ഉപയോഗത്തില്‍ വന്ന ടൂളുകളെ കുറിച്ചു്, അവ ഉപയോഗിക്കുന്നതിലെ രാഷ്ട്രീയത്തെ
കുറിച്ചു് ഒക്കെയാണു് ഞാന്‍ സംസാരിച്ചതു്. വാര്‍ത്തയില്‍ പറയുന്നതുപോലെ മലയാളം
ബ്ലോഗര്‍മാരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുകയായിരുന്നില്ല. തുടര്‍ന്നു്
വിക്കിപ്പീഡിയയെക്കുറിച്ചും അറിവിന്റെ ജനാധിപത്യവത്കരണത്തെ കുറിച്ചും ഡോ. സൂരജ്
രാജന്‍ സംസാരിച്ചു. എല്ലാത്തരം അധികാരങ്ങളേയും ചോദ്യം ചെയ്യുന്ന, അല്ലെങ്കില്‍
ഒരു അധികാര കേന്ദ്രത്തേയും വച്ചുപൊറുപ്പിക്കാത്ത ഇടമായാണു് ഇന്റര്‍നെറ്റിനെ
സമീപിച്ചതു്. അതില്‍ കക്ഷിരാഷ്ട്രീയമല്ല, മുഴച്ചുനിന്നതു്.

ബൂലോകം ഓണ്‍ലൈനിനെ കുറിച്ചു് സംസാരിച്ച ആരും ഒരു വരി പോലും
പറയാതിരുന്നതിനാലാവും, റിപ്പോര്‍ട്ടും അത്തരത്തിലായതു്. ഇന്റര്‍നെറ്റ്
മലയാളത്തിന്റെ ചരിത്രത്തില്‍ തങ്ങള്‍ക്കു് എന്തോ വലിയ സ്ഥാനമുണ്ടെന്ന
തെറ്റിദ്ധാരണയുടെ പുറത്തു്, അതു് അടയാളപ്പെടുത്താതെ പോയവരോടുള്ള കലിപ്പു് അവര്‍
നിശബ്ദമായി തീര്‍ത്തതായാണു് ആ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കു്
അനുഭവപ്പെട്ടതു്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100920/4feb585d/attachment-0002.htm>


More information about the discuss mailing list