[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

Santhosh Thottingal santhosh.thottingal at gmail.com
Wed Feb 2 08:41:34 PST 2011


2011/2/2 Jayadevan Raja <jayadevanraja at gmail.com>:
> No one seems to be responding to this thread lately. Shouldn't we make a
> formal move to start a free alternative for Unicode? I mean, shouldn't we
> make a formal proposal to the Free Software Foundation to start a new
> project for making a free alternative for Unicode?

അതിനൊക്കെ മുന്‍പേ നമ്മള്‍ എന്താണു് ചെയ്യേണ്ടതു്? അതിന്റെ
ഫലമെന്തായിരിക്കും? പ്രശ്നങ്ങള്‍ക്കു പരിഹാരമാവുമോ? വേറെ പോംവഴി  ഉണ്ടോ?
എന്നൊക്കെ  യാഥാര്‍ത്ഥ്യ ബോധത്തോടെ ആലോചിക്കേണ്ടേ?

പുതിയൊരു സ്റ്റാന്‍ഡേഡിനെപ്പറ്റി ഞാന്‍ സംശയാലുവാണു്. യുണിക്കോഡിന്റെ
ഇപ്പോഴത്തെ നടപടികളില്‍ ഗുരുതരമായ തെറ്റുകളുണ്ടു് എന്നതു സത്യം. ഫ്രീ
സോഫ്റ്റ്‌വെയര്‍ ഫിലോസഫി അനുസരിച്ചു് ബദലുകള്‍ കണ്ടെത്തേണ്ടതുണ്ടു് എന്ന
പ്രവീണിന്റെ വാദവും ശരി തന്നെ. പക്ഷേ ബദലെന്തു് എന്നതിനെക്കുറിച്ചു്
വ്യക്തമായ ധാരണ വേണ്ടേ? ഈ ബദല്‍ നിര്‍മ്മിക്കേണ്ടതും ഉപയോഗിക്കേണ്ടതും
നമ്മള്‍ തന്നെയാണല്ലോ?

Interoperability ഇവിടെ നടന്ന ചര്‍ച്ചയില്‍ ഗൌരവമായി പരിഗണിച്ചു
കാണുന്നില്ല. കണ്‍വെര്‍ട്ടറുകള്‍ കൊണ്ടു പരിഹരിക്കാവുന്ന ഒന്നല്ല ഡാറ്റാ
എന്‍കോഡിങ്ങിലെ interoperability . Interoperability ഹൈ ലെവല്‍
അപ്ലിക്കേഷനുകളില്‍ സാധ്യമാകുന്നതെന്തു കൊണ്ടാണു്? അടിസ്ഥാനപരമായി
കൈമാറുന്ന ഡാറ്റ ഇന്നതാണു് , അതു പലരീതിയില്‍ ഫോര്‍മാറ്റിലാണു് എന്നതു
കൊണ്ടാണു്. അവിടെ interoperability സുതാര്യമാവേണ്ട ആവശ്യമില്ല.
ഉപയോക്താവിനു് രണ്ടും രണ്ടാണു് എന്ന മിനിമം ധാരണ ഉണ്ടാവുന്നതില്‍
കുഴപ്പമില്ല. ഹൈ ലെവല്‍ അപ്ലിക്കേഷനുകളിലും മറ്റും ഇതു ഒരു പരിധി വരെ
സാധ്യമാണു്.
പക്ഷേ ഡാറ്റാ എന്‍കോഡിങ്ങിലെ interoperability അങ്ങനെയല്ല.
Interoperability എന്നതിനെക്കാള്‍ രണ്ടും compatible ആവണം എന്നാണു്
പറയേണ്ടതു്.
ഉദാഹരണത്തിലൂടെ വിശദമാക്കുന്നതാവും നല്ലതെന്നു തോന്നുന്നു.
ഞാനും എന്റെ ഒരു സുഹൃത്തും ചാറ്റ് ചെയ്യുന്നു. സുഹൃത്ത് ആസ്കി എന്‍കോഡഡ്
മലയാളവും ഞാന്‍ യുണിക്കോഡ് മലയാളവും ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും?
സുഹൃത്തയക്കുന്ന ഓരോ മെസ്സേജും ഞാന്‍ "കണ്‍വെര്‍ട്ടര്‍" ഉപയോഗിച്ച്
മാറ്റി നോക്കണോ? ഈ രീതിയിലുള്ള ചാറ്റിങ്ങ് ഒരിക്കലും നടക്കില്ല. ഇതില്‍
നിന്നും അത്ര വ്യത്യാസമൊന്നുമല്ല ഞാന്‍ യുണിക്കോഡ് 5.0 യും സുഹൃത്ത്
യുണിക്കോഡ് 6.0 വും ഉപയോഗിച്ചാലുള്ള സ്ഥിതി. ഇനി ഞാന്‍ യുണിക്കോഡിനു പകരം
പുതിയ സ്റ്റാന്‍ഡേഡ് ഉപയോഗിച്ചെന്നിരിക്കട്ടെ , അപ്പോള്‍ ഇതിനെപ്പറ്റി
യാതൊരു പിടിപാടുമില്ലാത്ത , ഈ പുതിയ സ്റ്റാന്‍ഡേഡ് ഉപയോഗിക്കാത്ത ഒരു
ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്ന സുഹൃത്തുമായി ഞാനെങ്ങനെ ചാറ്റ്
ചെയ്യും? എങ്ങനെ ഈ മെയിലയക്കും? എങ്ങനെ ഞാനെന്റെ ബ്ലോഗ് പങ്കുവെയ്ക്കും?
കണ്‍വര്‍ട്ടര്‍ ഉപയോഗിക്കൂ എന്നതാണുത്തരമെങ്കില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍
നിന്നും എന്താണതിനൊരു മുന്നേറ്റം? സാങ്കേതികമായി എന്തു പ്രശ്നമാണു്
നമ്മള്‍ക്കു പരിഹരിച്ചെന്നു പറയാന്‍ കഴിയുക? stability policy യും
backward compatibility യും ബ്രേക്ക് ചെയ്ത  വേറൊരു യുണിക്കോഡ്
പതിപ്പെന്നതില്‍ നിന്നു് അതിനെന്തു വ്യത്യാസം?
ദീര്‍ഘമായ ഒരു കാലയലവില്‍ എല്ലാവരും നമ്മളുടെ സ്റ്റാന്‍ഡേഡ്
ഉപയോഗിക്കുന്ന രീതിയിലെത്തും , അന്നു കണ്‍വെര്‍ട്ടറുകള്‍ ഉപേക്ഷിക്കാം
എന്ന സ്വപ്നം മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരമാവുമോ?
പറഞ്ഞു വരുന്നതു് ബിറ്റ്/ബൈറ്റ് എന്നൊക്കെയുള്ള കണ്‍സെപ്റ്റ്
പോലെത്തന്നെയാണു് ഇന്നത്തെ യൂണിക്കോഡ് എന്ന മാനകവും. ബ്രൌസറുകള്‍, വീഡിയോ
ഫോര്‍മാറ്റ്, ഡോക്യുമെന്റ് ഫോര്‍മാറ്റ്, കമ്പ്രഷന്‍ ഫോര്‍മാറ്റ്
തുടങ്ങിയവയ്ക്ക് പല ആവശ്യങ്ങളുടെ പേരില്‍(ആശയപരമോ, സാങ്കേതികമോ) ബദലുകള്‍
ഉണ്ടാക്കുന്ന മാതൃക ഇവിടെ വിലപ്പോവില്ല. ഡാറ്റാ എന്‍കോഡിങ്ങിലുമില്ലേ
പലതരം എന്ന ചോദ്യം ചോദിച്ചേക്കാം. ഉണ്ടു് യുണിക്കോഡിനു പുറമേ
ധാരാളമുണ്ടു്. (ഫയര്‍ഫോക്സില്‍ view->character encoding എന്ന
മെനുവെടുത്ത് പേജിനെ പല എന്‍കോഡിങ്ങിലാക്കി പരിശോധിക്കുക. ) പക്ഷേ ഇവയുടെ
ഒക്കെ സ്ഥിതി എന്താണു്? യുണിക്കോഡിനു മുന്നേ നിലവില്‍ വന്ന
ഫോര്‍മാറ്റുകളാണു്. യുണിക്കോഡുമായി കമ്പാറ്റിബിള്‍ ആയവ പ്രശ്നമില്ലാതെ
നിലനില്‍ക്കും. അല്ലാത്തവ കാലഹരണപ്പെടുന്നു.  ഈ പല എന്‍കോഡിങ്ങുകള്‍
ഒഴിവാക്കാനും കൂടിയാണല്ലോ യുണിക്കോഡ് .

യുണിക്കോഡ് മുന്നോട്ടു വെയ്ക്കുന്ന ഏകീകൃതമായ കോഡ് പോയിന്റ് അധിഷ്ഠിത
എന്‍കോഡിങ്ങ് എന്ന ലക്ഷ്യം അംഗീകരിച്ചേ പറ്റൂ.  പക്ഷേ അതില്‍
വന്നിരിക്കുന്ന പ്രശ്നങ്ങള്‍ക്കു് അതില്‍ തന്നെ
തിരുത്തുണ്ടായിക്കാണാനാണു് എനിക്കിഷ്ടം. മലയാളികള്‍ക്കു ഒരു
പ്രാതിനിധ്യവുമില്ലാതെ, അല്ലെങ്കില്‍ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍
അവഗണിച്ചു് എടുക്കുന്ന തീരുമാനങ്ങള്‍കൊണ്ടുണ്ടായ പ്രശ്നങ്ങള്‍
പരിഹരിക്കേണ്ട ഉത്തരവാദിത്വം യുണിക്കോഡിനു തന്നെയല്ലേ? എന്തുകൊണ്ടു് ആ
രീതിയില്‍ യുണിക്കോഡില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൂടാ? നമ്മള്‍ ഇതിനു
ശ്രമിച്ചിട്ടില്ലെന്നല്ല.  കേരള ഗവണ്‍മെന്റോ ഭാരത സര്‍ക്കാറോ ഒരു തവണ
പോലും ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ട് യുണിക്കോഡിനെ
സമീപിച്ചിട്ടില്ല ഇതുവരെ. fsf ,  പ്രമുഖ ഫ്രീ സോഫ്റ്റ്‌‌വെയര്‍
പ്രൊജക്ടുകള്‍ എന്നിവയും ഈ കാര്യത്തില്‍ യുണിക്കോഡിനെ സമീപിച്ചിട്ടില്ല.
ഇത്തരം ഒരു വഴി പൂര്‍ണ്ണമായും അടഞ്ഞു എന്നാര്‍ക്കെങ്കിലും
തോന്നുന്നുണ്ടോ? ബദലിനെക്കുറിച്ചാലോചിക്കുന്നതിനു മുന്നേ ഈ വഴിയല്ലേ
നമ്മള്‍ ആദ്യം ശ്രമിക്കേണ്ടതു്? നമ്മളുടെതായ രീതിയില്‍ പലവേദികളില്‍ ഈ
പ്രശ്നം കുറേ വര്‍ഷങ്ങളായി അവതരിപ്പിക്കുന്നുണ്ടെന്നല്ലാതെ, ആ
വിഷയത്തില്‍ അധികാരപ്പെട്ടവരെക്കൊണ്ടു് എന്തെങ്കിലും
നടപടിയെടുപ്പിക്കാന്‍  സാധിച്ചിട്ടില്ല എന്നതാണു് നമ്മുടെ പരാജയവും
പരിമിതിയും.
പ്രവീണ്‍, സുരേഷേട്ടന്‍, ഹുസൈന്‍മാഷ് തുടങ്ങിയവരൊക്കെ ഈ പ്രശ്നത്തില്‍
എത്രയോ സമയം ചെലവഴിച്ചു? അതൊക്കെക്കൊണ്ടാണു് പ്രവീണ്‍ യുണിക്കോഡില്‍
നിന്നു് ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നു പറയുന്നതു്. പക്ഷേ
സന്നദ്ധപ്രവര്‍ത്തകര്‍ മാത്രം ശ്രമിച്ചാല്‍ പോരല്ലോ , ഈ കാര്യങ്ങളില്‍
ഉത്തരവാദിത്വമുള്ള ഉറക്കം നടിക്കുന്നവരോ ഉറങ്ങുന്നവരോ ഇല്ലേ?

വേറൊന്നു കൂടി: ഈ പ്രശ്നം എവിടെ അവതരിപ്പിക്കുമ്പോഴും വരുന്ന
ചോദ്യമുണ്ടു്: "എന്താണിതിനു പരിഹാരം?". ഉദ്ദേശിക്കുന്നതു് ഇതിനു
സാങ്കേതിക പരിഹാരമില്ലേ എന്നാണു്. യുണിക്കോഡ് തീരുമാനമൊക്കെ വരുന്നതിനു
മുമ്പ്  എത്രയോ പേര്‍എത്രയോ തവണ ആവര്‍ത്തിച്ചതാണു് പ്രശ്നങ്ങളുണ്ടാവും
എന്നതു്. എന്നിട്ടിപ്പൊ അവര്‍തന്നെ അതിന്റെ പരിഹാരവും കാണണം എന്നു
പറയുന്നതു് ന്യായീകരിക്കാവുന്നതല്ല. പക്ഷേ ഇതറിയാതെയാണു് പലരും
ചോദിക്കുന്നതെന്നതിനാല്‍ അവരെ കുറ്റം പറയാനും പറ്റില്ല.  ഈ ത്രെഡില്‍
നേരത്തെ ഞാന്‍ വിശദീകരിച്ച "ഹൈലെവല്‍ മുറിവൈദ്യം"  കണ്ടു ശീലിച്ച
പലര്‍ക്കും ഇതിനൊക്കെ പരിഹാരം വളരെ ലളിതമാണെന്നു തോന്നുന്നതും
സ്വാഭാവികം.

നിങ്ങളുടെ ചിന്തകള്‍ പങ്കുവെയ്ക്കുക.

സന്തോഷ് തോട്ടിങ്ങല്‍


More information about the discuss mailing list