[smc-discuss] Malayalam of Source code?

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Tue Feb 8 11:35:46 PST 2011


>
> Machine Language = യന്ത്രസംഹിത
> Programmer = സംഹർത്താവു്
>
> +1
>
> സംസ്കൃതവാക്കാണോണോ എന്നൊരു സംശയം.
>



1.
സംസ്കൃതത്തിന്റെ അസ്കിതയില്ലാതെ നിലനിന്നുപോവാൻ മലയാളത്തിനാവില്ല.
സംസ്കൃതം എന്തോ അലർജിയാണെന്നു ധരിക്കുന്നവർ അവർക്കു് ഭാഷയിൽ
നഷ്ടപ്പെടുന്നതെന്താണെന്നു് അറിയുന്നില്ല. സാമ്പാറിൽ മുളകുപോലെ നമുക്കു
സംസ്കൃതവും ആവശ്യത്തിനു് ഉപയോഗിച്ചേ തീരൂ.

തമിഴും സംസ്കൃതവും അറബിയും ഇംഗ്ലീഷും പരന്ത്രീസും ഒക്കെ മലയാളത്തിന്റെ
മൂത്തമ്മാവന്മാരോ അമ്മമാരോ നേരാങ്ങളമാരോ പൊന്നുപെങ്ങന്മാരോ ഒക്കെയാണു്. ഒരു
പക്ഷേ ഇംഗ്ലീഷൊഴികെ മറ്റൊരു ഭാഷയ്ക്കും ഇത്രമേൽ ബന്ധുജനങ്ങൾ ഉണ്ടാവാൻ വഴിയില്ല.

നമ്മുടേതുപോലെ ഇത്ര സുന്ദരമായ ഒരു കോസ്മോപോളീറ്റൻ ഭാഷയെ രാഷ്ട്രീയമോ മതപരമോ
സാമുദായികമോ ആയ അന്ധവിശ്വാസങ്ങൾ മൂലം കൊന്നുകൊലവിളിക്കരുതേ!


2. കടുപ്പമുള്ള വാക്കുകൾ എന്നതു് വളരെ ആപേക്ഷികമാണു്. പല വാക്കുകളും
കേട്ടമാത്രയിൽതന്നെ കടുപ്പമുള്ളതു് എന്നുതോന്നുന്നതു് ആ നിമിഷത്തെ
പരിചയക്കുറവുകൊണ്ടാണു്. പഴമ്പാലക്കോടു്, തിരുവനന്തപുരം, കൊമ്പൊടിഞ്ഞാമാക്കൽ
എന്നൊക്കെപ്പോലെയുള്ള മലയാളം വാക്കുകൾ എത്ര
കടുപ്പമുള്ളതാണെന്നോർത്തുനോക്കിയിട്ടുണ്ടോ?

എന്തായാലും, ഒന്നുകൂടി ആലോചിച്ചപ്പോൾ സംഹർത്താവു് എന്നതു് ഒട്ടും
ശരിയാവില്ല.സംഹരിക്കുന്നവൻ (നശിപ്പിക്കുന്നവൻ) ആണു് സംഹർത്താവു്. അതുകൊണ്ടു്
പ്രോഗ്രാമർ എന്നതിനു് അതു പറ്റില്ല.



3.
Machine language എന്നുദ്ദേശിച്ചതു് assembler language, firmware code, binary
instructions, mnemonics   ഒക്കെ ആവാം. വളരെ vague ആയി ഒരു ഉദാഹരണം പറഞ്ഞെന്നേ
ഉള്ളൂ. ചർച്ചയിലൂടെ കൂടുതൽ കൃത്യമായി ഇത്തരം അനുബന്ധപദങ്ങൾ
ആലോചിച്ചുറപ്പിക്കാം.


പ്രധാന പോയിന്റ് ഇതാണു്:

വാക്കിനു വാക്കിനു സമാനപദം കണ്ടു് തർജ്ജമ ചെയ്യാൻ ശ്രമിക്കുന്നതും ഭാഷയുടെ
അടിസ്ഥാനതത്വങ്ങൾ പരിഗണിക്കാതെ പുതിയ വാക്കുകൾ പടച്ചുണ്ടാക്കുന്നതും രണ്ടും ഒരു
പോലെ അപകടകരമോ (due to risk of ambiguity)  അരക്ഷിതമോ(due to risk of
adaptability)  ആണു്.

ഉദാഹരണത്തിനു് മൂലിക എന്നതു് ‘വേരിനെ സംബന്ധിച്ച‘ എന്ന അർത്ഥം വരുന്ന ഒരു
> വിശേഷണപദമാണു്. ‘മൂലികാ‘ എന്നാണെങ്കിൽ വേരു് എന്നും കഞ്ചാവു് എന്നും അർത്ഥം
> വരും.
> ഇതേ വാക്ക് ഉപയോഗിക്കേണ്ടി വരാവുന്ന ഒരു കമ്പ്യൂട്ടർ ടേർമ്‌ ആണു് root (as in
> root user / root directory etc.). (risk of ambiguity). പൊരുൾ എന്ന
> വാക്കിനാവട്ടെ source code ആയി ഒരു സാമീപ്യവും  എനിക്കു തോന്നുന്നില്ല. അതേ
> സമയം ‘പച്ച’ (raw) ചേർത്തുള്ള ഒരു വാക്കായിരുന്നെങ്കിൽ കുറേക്കൂടി അർത്ഥബോധം
> ഉണ്ടാവും.



അതിനുപകരം അർത്ഥതലങ്ങളെ സൂചിപ്പിക്കുന്ന വെക്ടറുകൾ ആയി ചില അടിസ്ഥാനവാക്കുകൾ
വളരെ ശ്രദ്ധിച്ച്, സമയമെടുത്ത് ചർച്ച ചെയ്തു്, ആദ്യം സ്വരുക്കൂട്ടുകയും ആ
framework നെ അവലംബമാക്കി അനുബന്ധപദങ്ങൾ സാരത്തിനും സന്ദർഭത്തിനും നിരക്കുന്ന
രീതിയിൽ കണ്ടുപിടിക്കുകയുമായിരിക്കും കൂടുതൽ നല്ലതു്.

ഉദാഹരണം: Text എന്ന വാക്കിനു് സമാനമായ ഒരു മലയാളപദം (കമ്പ്യൂട്ടർ മേഖലയിൽ)
> എന്തായിരിക്കണം?
>


അത്തരം വാക്കുകൾക്കുണ്ടായിരിക്കേണ്ട *ചില* ഗുണധർമ്മങ്ങൾ:

1. അർത്ഥന്യായവും പ്രസക്തിയും (Semantic and contextual significance)
കേൾക്കുന്ന മാത്രയിൽത്തന്നെ (അല്ലെങ്കിൽ വളരെ ചുരുങ്ങിയ ഒരു
വിശദീകരണത്തിലൂടെത്തന്നെ)  നിർദ്ദിഷ്ടവാക്കുകൊണ്ടു്  നിർദ്ദിഷ്ടസന്ദർഭത്തിൽ
ഉദ്ദേശിക്കുന്ന അർത്ഥം ശരാശരി ഉപയോക്താവിനു് മനസ്സിലാവുക.

2. അനന്യത (uniqueness)
ആശയക്കുഴപ്പമില്ലാത്ത രീതിയിൽ സാർവ്വജനീനമായി ഉപയോഗിക്കാൻ സാധിക്കുക. ഒരു
entityക്കുവേണ്ടി നിശ്ചയിക്കപ്പെട്ടുവെച്ച ഒരു പദം തികച്ചും അപ്രതീക്ഷിതമായി
മറ്റൊരു context-ൽ മറ്റൊരു entityയ്ക്കു സമാനമായി മത്സരിച്ചെന്നു വരാം.
സാങ്കേതികവിഷയങ്ങളിൽ, പ്രത്യേകിച്ച് കമ്പ്യൂട്ടർ സംബന്ധമായ കാര്യങ്ങളിൽ ഇങ്ങനെ
ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ.

ഉദാഹരണം:
>  1. ഇംഗ്ലീഷിൽ  (in a word processor),  line = വര? വരി?
>  2. letter എന്ന വാക്കിന്റെ കൃത്യവും സമാനവുമായ മലയാളപദം?
>


3. എളുപ്പവും സ്വീകാര്യതയും (ease of use and receptiveness)

അനന്യത നഷ്ടപ്പെടാതെത്തന്നെ പരമാവധി ഹ്രസ്വവും ലളിതവും ആയിരിക്കുക

വൈദ്യുതഗമനാഗമനനിയന്ത്രണോപാധി എന്ന വാക്കിനേക്കാളും സ്വിച്ച്
> സ്വീകാര്യമാവുന്നതു് ഇതുകൊണ്ടാണു്.
>
എളുപ്പമായിരിക്കുക എന്നു വെച്ചാൽ അവശ്യം വേണ്ട മൃദുഘോഷശബ്ദങ്ങളെക്കൂടി
നിരാകരിക്കുക എന്നല്ല. സംസ്കൃതച്ഛായ ഇല്ലാതാക്കുക എന്നും അല്ല. പകരം,
യാതൊരുതരത്തിലും ഇതുവരെ പരിചയമില്ലാത്ത വാക്കുകളും കുറേയേറെ ഒറ്റവാക്കുകൾ
കൃത്രിമമായി സമാസിച്ചുണ്ടാക്കുന്ന നീളമേറിയ സംയുക്തപദങ്ങളും മറ്റും ഒഴിവാക്കണം.

നമ്മുടേതു് ഒരു ചെറുസംഘമാണെങ്കിൽ പോലും ഭാഷയിൽ പുതിയ വാക്കുകൾ / സമാനപദങ്ങൾ
സൃഷ്ടിക്കുമ്പോൾ വളരെയേറെ ഉത്തരവാദിത്തമുള്ള ഒരു ജോലിയാണതു് എന്നു നല്ല
ബോദ്ധ്യം വേണം. നാം ഇപ്പോളിവിടെ ഒരുക്കിവെക്കുന്ന കൊച്ചുവാക്കുകളുടെ പ്രഭാവം
വരാനിരിക്കുന്ന എത്രയോ കാലത്തേക്കു് നമ്മുടെ ദേശത്തിലും ഭാഷയിലും
നീണ്ടുനിന്നേക്കാം.

-വിശ്വം
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110208/afa1390a/attachment-0003.htm>


More information about the discuss mailing list