[smc-discuss] ഗ്നോം 3.4 പുറത്തിറങ്ങി

Praveen A pravi.a at gmail.com
Wed Mar 28 10:59:33 PDT 2012


ഏപ്രില്‍ 2011 ലെ 3.0 പതിപ്പിനു് ശേഷം വരുന്ന രണ്ടാമത്തെ പതിപ്പാണു് 3.4.
പല പിഴവുകളുടേയും തിരുത്തുകള്‍ക്കും ചെറിയ
മെച്ചപ്പെടുത്തലുകള്‍ക്കുമൊപ്പം തന്നെ ഉപയോക്താക്കളുടെ അനുഭവം
മെച്ചമാക്കുന്ന വളരെയധികം മാറ്റങ്ങളും ഈ പതിപ്പിലുണ്ടു്. കൂടുതല്‍
തിളങ്ങുന്ന, കൂടുതല്‍ മൃദുലമാക്കിയ, കൂടുതല്‍ വിശ്വസനീയമായ ഗ്നോം 3
ആണിതിന്റെ ഫലം.

ഈ പതിപ്പില്‍ ചില പ്രധാനപ്പെട്ട പുതിയ വികസനങ്ങളുമുണ്ടു്. ഞങ്ങളുടെ
പ്രയോഗങ്ങളായിരുന്നു അടുത്തിടെയുള്ള രൂപകല്പനയുടേയും വികസനത്തിന്റേയും
ശ്രദ്ധാകേന്ദ്രം എന്നതിനാല്‍ തന്നെ വളരെയധികം പ്രയോഗങ്ങളും ഈ പതിപ്പില്‍
നല്ലരീതിയില്‍ പുതുക്കിയിട്ടുണ്ടു്. ഞങ്ങളുടെ
പ്രയോഗങ്ങളുണ്ടാക്കാനുപയോഗിയ്ക്കുന്ന അടിസ്ഥാന ഘടകങ്ങളിലും നിങ്ങള്‍ക്കു്
മെച്ചപ്പെടല്‍ കാണാം. മൃദുലമായ നീക്കങ്ങള്‍, ഉപയോക്താക്കളുമായി ഇടപഴകുന്ന
ഘടകങ്ങളിലെ പുതുമ, വളരെ മാറ്റം വരുത്തിയ കാഴ്ചാ പ്രമേയവും പ്രയോഗങ്ങളുടെ
മെനുവും ഇതിലുള്‍പ്പെടുന്നു.

പുതിയ രേഖകളുടെ തിരച്ചില്‍, പെട്ടികളെന്ന പുതിയ പ്രയോഗം, പരസ്പരം
കണ്ടുകൊണ്ടുള്ള സല്ലാപം, ഒരു ദിവസത്തില്‍ ഏതു സമയമാണെന്നതിനനുരിച്ചു്
മാറുന്ന പുതിയ അനിമേറ്റ് ചെയ്ത പശ്ചാത്തലം എന്നിവ എടുത്തുപറയേണ്ട മറ്റു്
മാറ്റങ്ങളാണു്. ആസ്വദിയ്ക്കൂ!

പുതിയ ഗ്നോം 3 ദൃശ്യാനുഭവം പകരുന്ന പ്രയോഗങ്ങള്‍

ഈ വിതരണ ചക്രത്തിലെ പ്രധാന പ്രമേയം ഞങ്ങളുടെ പ്രയോഗങ്ങളായിരുന്നു. 3.2
നൊപ്പം വിതരണം ചെയ്ത പുതിയ പ്രയോഗങ്ങളെല്ലാം കാഴ്ചയില്‍ നല്ലതും
ഉപയോഗിയ്ക്കാന്‍ ആഹ്ലാദം പകരുന്നതുമായി നല്ല രീതിയില്‍ പുതുക്കി. പല
നിലവിലെ പ്രയോഗങ്ങളും ഒരേ പോലെ കാണുന്നതും ഗ്നോം 3 മായി ഇഴുകി
ചേരുന്നതുമായി മാറ്റി മറിച്ചിട്ടുണ്ടു്.

രേഖകള്‍

രേഖകള്‍ എളുപ്പത്തില്‍ പരതാനും, അവയ്ക്കുള്ളില്‍ തിരയാനും, അവ അടുക്കി
വയ്ക്കാനും സഹായിയ്ക്കുന്ന പുതിയ പ്രയോഗമായ രേഖകളുടെ രൂപകല്പന വലിയ
രീതിയില്‍ പുതുക്കി. പുതുമയും വൃത്തിയുമുള്ള ഒരു പ്രയോഗമാണു് അതിന്റെ
ഫലം. പുതിയ പതിപ്പില്‍ പുതുമയുള്ള രീതിയില്‍ ഇടപഴകാനും, രേഖകളുടെ ശേഖരം
ഉണ്ടാക്കാനുള്ള കഴിവും, അച്ചടിയ്ക്കാനുള്ള പിന്തുണയും ഉണ്ടു്.
പുതുയ ദൃശ്യാനുഭവവുമായി എപ്പിഫാനി, ഇപ്പോള്‍ വെബ് എന്ന പേരില്‍

ഗ്നോമിലെ വെബ് ബ്രൌസറായ എപ്പിഫാനിയുടെ പുതിയ പേരാണു് വെബ്. പുതുതായി
രൂപകല്പന ചെയ്ത ഉപകരണപ്പട്ടയും 'സൂപ്പര്‍ മെനുവും' ഉള്‍പ്പെടെ 3.4 ല്‍
ഇതുമായി ഭംഗിയായി ഇടപഴകാന്‍ സാധിയ്ക്കും. പ്രകടനത്തിലെ വളരെയധികം
മെച്ചപ്പെടുത്തലുകളും വേഗത്തിലുള്ള ബ്രൌസിങ്ങ് നാള്‍വഴിയും ഇതില്‍
ഉള്‍പ്പെടും.

വിലാസങ്ങള്‍

ഞങ്ങളുടെ പുതിയ പ്രയോഗമായ വിലാസങ്ങളും നല്ലരീതിയില്‍ പുതുക്കി. പ്രധാന
വിലാസപ്പട്ടിക മെച്ചപ്പെടുത്തിയതിനോടൊപ്പം തന്നെ വിലാസ വിവരങ്ങള്‍ക്കു്
പുതിയ വിന്യാസവും ചേര്‍ത്തിട്ടുണ്ടു്. വിലാസങ്ങള്‍ക്കു് ഒപ്പം തന്നെ
കണ്ണി ചേര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങളും പുതിയൊരു പടം തിരഞ്ഞെടുക്കാനുള്ള
അവസരവുമുള്‍പ്പെടെ മറ്റു് പല പുതിയ ഗുണങ്ങളും ഇപ്പോഴുണ്ടു്.

ഗ്നോം ഡിസ്ക് സഹായിയുടെ പേരു് ഡിസ്കുകള്‍ എന്നാക്കിയതിനു് പുറമേ വലിയൊരു
മാറ്റം മറിച്ചിലും നടത്തി. ഈ ഉപകരണവുമായി നിങ്ങള്‍ക്കു് പുതുമയോടെ
ഇടപഴകാം, ഇതു് ഗ്നോമുമായി കൂടുതല്‍ ഇഴുകി ചേരുന്നു, കൂടാതെ പല പുതിയ
ഗുണങ്ങളും ഇതിനിപ്പോഴുണ്ടു്.

അടയാളവാക്കുകളും താക്കോലുകളും ഞങ്ങള്‍ പുതുക്കിയ മറ്റൊരു പ്രയോഗമാണു്.
വളരെ പരിഷ്കരിച്ചതും വേറിട്ടു് നില്‍ക്കുന്നതുമായ ഉപയോക്താവുമായുള്ള
വിനിമയ സംവിധാനമാണിതിനുള്ളതു്.
രേഖ തിരയല്‍

പരിപാടികളുടെ ചുരുക്കത്തില്‍ നിന്നും ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കു്
പ്രയോഗങ്ങളും, വിലാസങ്ങളും, സിസ്റ്റത്തിന്റെ സജ്ജീകരണങ്ങളും
എളുപ്പത്തിലെടുക്കാവുന്നതാണു്. രേഖകളില്‍ കൂടി ഇങ്ങനെ തിരയാമെന്നതാണു് ഈ
പതിപ്പില്‍ വരുന്ന വലിയൊരു ഗുണം. രേഖകളില്‍ എളുപ്പത്തില്‍
തിരയാമെന്നാണിതിനര്‍ത്ഥം.

രേഖകള്‍ എന്ന പ്രയോഗം നേരിട്ടാണു് രേഖകളില്‍ തിരയാനുള്ള ഈ പുതിയ സൌകര്യം
ഒരുക്കുന്നതു്. അതുകൊണ്ടു് തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള
രേഖകളോടൊപ്പം തന്നെ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൌണ്ടുകളില്‍
സൂക്ഷിച്ചിട്ടുള്ള രേഖകളിലും നിങ്ങള്‍ക്കു് തിരയാവുന്നതാണു്.

പരിപാടികളുടെ ചുരുക്കത്തില്‍ നിന്നും തന്നെ പ്രയോഗങ്ങളുടെ ഉള്ളിലെ
സൌകര്യങ്ങളുപയോഗിയ്ക്കാമെന്നതു് പാട്ടുകളും ചലച്ചിത്രങ്ങളും പോലുള്ള
മറ്റു് സൃഷ്ടികളും ഉള്‍പ്പെടുത്തി ഭാവി പതിപ്പുകളില്‍ കൂടുതല്‍
വിപുലമാക്കും.

പ്രയോഗ മെനു

പ്രയോഗ മെനു ഞങ്ങളുടെ പ്രയോഗങ്ങള്‍ ഭാവിയില്‍ ഒരുപാടു് ഉപയോഗിയ്ക്കാന്‍
പോകുന്നൊരു ആശയമാണു്. പ്രയോഗങ്ങളുടെ പേരിനൊപ്പം തന്നെ മുകളിലെ പട്ടയില്‍
കാണിയ്ക്കുന്ന ഈ മെനു പ്രയോഗത്തിനു് മുഴുവനും ബാധകമാവുന്ന (പ്രത്യേക
ജാലകത്തിനു് പകരം) പ്രയോഗത്തിന്റെ മുന്‍ഗണനകളും സഹായക്കുറിപ്പുകളും
പോലുള്ള ഐച്ഛികങ്ങള്‍ക്കുപയോഗിയ്ക്കാം.

രേഖകള്‍, വെബ്, വിലാസങ്ങള്‍ എന്നിവ ഇപ്പോള്‍ തന്നെ പ്രയോഗ മെനുവെന്ന ഈ
സൌകര്യം ഈ പതിപ്പില്‍ തന്നെ ഉപയോഗപ്പെടുത്തുന്നുണ്ടു്.

http://library.gnome.org/misc/release-notes/3.4/index.html.ml

ഈ പതിപ്പിന്റെ മലയാളം പരിഭാഷയില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും നന്ദി.
സാദിഖ്, അനീഷ്, ജിഷ്ണു, അസ്ലം, മനോജ്, മണിലാല്‍, ജെയ്സെന്‍, സന്തോഷ്,
പ്രവീണ്‍ (ഞാന്‍ തന്നെ) എന്നിവര്‍ ഇത്തവണ പങ്കെടുത്തു. ആരുടെയെങ്കിലും
പേരു് വിട്ടു പോയിട്ടുണ്ടെങ്കില്‍ ചേര്‍ക്കുക.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list