[smc-discuss] ഇന്ത്യന്‍ ഭാഷകളും ക്ലാസിക്കല്‍ പദവിയും

Anilkumar KV anilankv at gmail.com
Sun Dec 7 23:04:37 PST 2008


*ഇന്ത്യന്‍ ഭാഷകളും ക്ലാസിക്കല്‍ പദവിയും*
*എം എ ബേബി*

ഇന്ത്യയില്‍ ഭാഷയുമായി ബന്ധപ്പെട്ട് ക്ലാസിക്കല്‍ എന്ന പദം ആദ്യമായി
പ്രയോഗിച്ചത് പൌരസ്ത്യവാദികളാണ്. ലൌകികമായ സംസ്കൃതത്തെ വേദകാലപാരമ്പര്യത്തില്‍
നിന്ന് വേര്‍തിരിച്ചു കാണുന്നതിനു വേണ്ടിയായിരുന്നു അത്. പുരാതനഗ്രീസിലെയും
റോമിലെയും പോലെ കല, സാഹിത്യം, ശില്‍പ്പകല എന്നിവയുമായി ബന്ധപ്പെട്ട ഒന്നായി
പാശ്ചാത്യരാജ്യങ്ങളില്‍ സംസ്കൃതത്തെ ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് അപ്പോള്‍ ഈ
പണ്ഡിതരുടെ മനസ്സിലുണ്ടായിരുന്നത്. അങ്ങനെയാണ് സംസ്കൃതസാഹിത്യം വിപുലമായ
അര്‍ഥത്തില്‍ ഒരു ക്ലാസിക്കല്‍ ഭാഷയായി പരിഗണിക്കപ്പെട്ടത്.

ഈ അര്‍ഥത്തില്‍ ക്ലാസിക്കല്‍ ഭാഷയെന്നത് പൌരാണികവും സ്വതന്ത്രവുമായ
സ്വഭാവത്തോടുകൂടിയതാണ്. അതേസമയം അത് മറ്റേതെങ്കിലും പാരമ്പര്യത്തിന്റെ
ഉപലബ്ധവുമല്ല. ചൈനീസ്, സംസ്കൃതം, അറബി, ഗ്രീക്ക്, ലാറ്റിന്‍ എന്നീ അഞ്ച്
ഭാഷകളാണ് ഈ പട്ടികയിലുള്ളത്.

*ഗുരുതരമായ രാഷ്ട്രീയപ്രശ്നം*

സ്വാതന്ത്യ്രസമരകാലത്താണ് ഭാഷ ഒരു ഗുരുതരമായ രാഷ്ട്രീയപ്രശ്നമായി
വളര്‍ന്നത്. ഹിന്ദി
അന്ന് ദേശീയബോധത്തിന്റെ പ്രതീകമായി മാറി. ദേശീയ നേതാക്കള്‍ ചര്‍ക്കയ്ക്കും
സ്വദേശി വസ്ത്രത്തിനും ഒപ്പം ഹിന്ദിയും പ്രോത്സാഹിപ്പിച്ചു. സ്വതന്ത്ര
ഇന്ത്യയില്‍ ഭാഷകളുടെ പദവി എന്താവണമെന്ന് സംബന്ധിച്ച് ഭരണഘടനാനിര്‍മാണസഭയില്‍
നിരവധി സംവാദങ്ങള്‍ നടന്നു. ഔദ്യോഗികഭാഷയെന്ന പദവി ഒരു കാസ്റ്റിങ് വോട്ടിലൂടെ
സംസ്കൃതത്തിനു നഷ്ടപ്പെട്ടപ്പോള്‍ ഭരണഘടനാശില്‍പ്പികള്‍ ഭരണഘടനയുടെ 351ാം
അനുഛേദപ്രകാരം പ്രത്യേകപദവി നല്‍കി. ഹിന്ദിയടക്കം നിരവധിഭാഷകളുടെ പ്രാഥമിക
ഉറവിടമെന്ന പദവിയാണ് സംസ്കൃതത്തിന് ലഭിച്ചത്.

സംഘകാലത്തെ സാഹിത്യസമാഹാരങ്ങളിലുള്‍പ്പെട്ട പഴയ തമിഴ് കവിതകള്‍ ക്ലാസിക്കല്‍
ആയി കരുതപ്പെട്ട സാഹിത്യകൃതികളിലെ പൊതുസ്വഭാവം പങ്കുവെക്കുന്നുണ്ടെന്നതിനാല്‍
തമിഴിനും ക്ലാസിക്കല്‍ പദവി നല്‍കണമെന്ന അവകാശവാദം ഇരുപതാം നൂറ്റാണ്ടിന്റെ
ഉത്തരാര്‍ധത്തില്‍ പണ്ഡിതര്‍ ഉന്നയിച്ചു. ദ്രാവിഡഭാഷാകുടുംബത്തിലെ ഭാഷകളുടെ
പ്രാഗ്‍രൂപമാണു് പഴയ തമിഴ്.

കേന്ദ്രസാഹിത്യ അക്കാദമിയിലെ വിദഗ്ധരുമായി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം
ചര്‍ച്ച ചെയ്തെങ്കിലും ഏതെങ്കിലും ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കുന്നതിനെ
വിദഗ്ധര്‍ അനുകൂലിച്ചില്ല. അവര്‍ ഇതിനായി മാനദണ്ഡങ്ങള്‍ വച്ചു: ക്ലാസിക്കല്‍
പാരമ്പര്യമുള്ളതായി ഒരു ഭാഷയെ പരിഗണിക്കണമെങ്കില്‍ ആ ഭാഷ പുരാതനമായിരിക്കണം, അതിന്
സ്വന്തമായ പാരമ്പര്യം വേണം, മറ്റേതെങ്കിലും പാരമ്പര്യത്തിന്റെ തുടര്‍ച്ചയാവരുത്,
ആ ഭാഷയില്‍ വിപുലവും അങ്ങേയറ്റം സമ്പന്നവുമായ പൌരാണിക സാഹിത്യമുണ്ടായിരിക്കണം
എന്നിങ്ങനെ.

തമിഴിനു വേണ്ടി വാദിച്ച പണ്ഡിതരുടെ വാദങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍
വഴങ്ങി. നിര്‍ദിഷ്ട
മാനദണ്ഡങ്ങള്‍ക്കൊപ്പമെത്തുന്ന ഭാഷകള്‍ക്ക് ക്ലാസിക്കല്‍ പദവിക്ക്
അര്‍ഹതയുണ്ടെന്ന് 2004ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ
സംസ്കൃതത്തിന് ശേഷം ക്ലാസിക്കല്‍ പദവി ലഭിക്കുന്ന ആദ്യഭാഷയായി തമിഴ്
മാറി. 2005ലായിരുന്നു
ഇത്. ഇന്തോ-യൂറോപ്യന്‍ കുടുംബത്തിലും ദ്രാവിഡ കുടുംബത്തിലുംപെട്ട ഭാഷകളുടെ
പ്രാഥമിക ഉറവിടം ഈ രണ്ട് ഭാഷകളാണെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല.

*പുതിയ വിഭാഗം*

നാലു ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലാസിക്കല്‍ ഭാഷകളുടെ പുതിയ വിഭാഗം
സൃഷ്ടിക്കാമെന്ന് 2006ല്‍ കേന്ദ്ര ടൂറിസം, സംസ്കാരികമന്ത്രി രാജ്യസഭയില്‍
പ്രഖ്യാപിച്ചു.

നാലു ചട്ടങ്ങള്‍ ഇവയാണ്:

1. തികച്ചും പൌരാണികമായ വരമൊഴിരേഖകള്‍ അഥവാ 1500-2000ലേറെ വര്‍ഷങ്ങളുടെ
എഴുതപ്പെട്ട ചരിത്രം ഉണ്ടായിരിക്കുക.

2. തലമുറകളായി ഈ ഭാഷ സംസാരിക്കുന്നവര്‍ മൂല്യവത്തായ പൈതൃകമായി പരിഗണിക്കുന്ന
പൌരാണികമായ സാഹിത്യരചനകളും മറ്റു സൃഷ്ടികളും ഉണ്ടായിരിക്കുക.

3. സാഹിത്യസൃഷ്ടികള്‍ മൌലികമായിരിക്കണം, മറ്റു ഭാഷാസമൂഹങ്ങളില്‍നിന്ന് കടം
കൊണ്ടതാവുകയുമരുത്.

4. ക്ലാസിക്കല്‍ ഭാഷയും സാഹിത്യവും ആധുനിക ഭാഷയില്‍ നിന്നും സാഹിത്യത്തില്‍
നിന്നും ഭിന്നമായിരിക്കണം. ക്ലാസിക്കല്‍ ഭാഷയും അതിന്റെ ആധുനികമായ രൂപങ്ങളും
തമ്മില്‍ തുടര്‍ച്ച ഉണ്ടാവുകയുമരുത്.

ഇതേതുടര്‍ന്ന് രൂപം കൊണ്ട ഭാഷാവിദഗ്ധരുടെ സമിതിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി
2008ല്‍ തെലുങ്കിനും കന്നടയ്ക്കും ക്ലാസിക്കല്‍ പദവി നല്‍കി. ക്ലാസിക്കല്‍ ഭാഷ
സംബന്ധിച്ച നിര്‍വചനങ്ങള്‍ക്ക് അങ്ങനെ കാലാന്തരത്തില്‍ ഒട്ടേറെ
മാറ്റങ്ങളുണ്ടായി. ഏറ്റവും പുതിയ മാനദണ്ഡങ്ങളും മാറ്റങ്ങള്‍ക്കു
വിധേയമാണ്. ദ്രാവിഡഭാഷാകുടുംബത്തിലെ
അംഗവും എല്ലാ അര്‍ഥത്തിലും സോദരഭാഷകളായ തെലുങ്കിനും കന്നടയ്ക്കും ഒപ്പം
നില്‍ക്കുകയും ചെയ്യുന്ന മലയാളത്തെ പുതിയ നിര്‍വചനങ്ങള്‍ പാടെ അവഗണിക്കുന്നു
എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. തിരുപ്പതി മുതല്‍ കന്യാകുമാരി വരെയുള്ള
ഭൂഭാഗം പണ്ട് തമിളകം എന്നാണ് അറിയപ്പെട്ടിരുന്നത്. സംസ്കൃതത്തില്‍
ദക്ഷിണപഥമെന്നും. ഈ പ്രദേശത്തിന് പൊതുവായ പാരമ്പര്യവും
സംസ്കാരവുമാണുണ്ടായിരുന്നത്. പ്രാചീന ദ്രാവിഡഭാഷയില്‍ നിന്നുള്ള ആദ്യ ഉപലബ്ധം
തമിഴ് ആണ്. അതിനുശേഷം തെലുങ്കും കന്നടയും മലയാളവും ഉണ്ടായി. തമിഴുമായി വളരെ
കുറച്ചു മാത്രം ബന്ധമുള്ള സംസ്കൃതത്തിന്റെ സ്വാധീനത്തില്‍ നിന്നാണ് ഈ മൂന്നു
ഭാഷകളും രൂപപ്പെട്ടത്. ഈ മൂന്നു ഭാഷകളാവട്ടെ എല്ലാ അര്‍ഥത്തിലും തുല്യവും
പൊതുവായ സ്വഭാവവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നവയുമാണ്.

*വിവേചനപരം*

ചിലപ്പതികാരത്തിന്റെ കഥ പ്രധാനമായും നടക്കുന്നത് മധുര,
കാവേരിപ്പൂംപട്ടണം, കൊടുങ്ങല്ലൂര്‍
എന്നീ നഗരങ്ങളിലാണ്. ചേരരാജാവ് ചെങ്കുട്ടവന്‍ തന്റെ യാത്രക്കിടയില്‍
കൊടുങ്ങല്ലൂരില്‍ തങ്ങുകയും പ്രദേശത്തെ ഒരു ചാക്യാരുടെ നൃത്തപരിപാടി കാണുകയും
ചെയ്യുന്നുണ്ട്. സംഘകാല സാഹിത്യകൃതികള്‍ ദക്ഷിണേന്ത്യയുടെ ആകെ പൊതുപൈതൃകമാണ്. ഒരു
സംസ്കാരത്തിന്റെയോ ഭാഷയുടെയോ പൌരാണികത ഇത്തരം പൊതുവായ വ്യക്തിത്വത്തിലാണുള്ളത്.
പൌരാണികതയും പാരമ്പര്യവും തെളിയിക്കാന്‍ ചില പ്രത്യേക രചനകളെ മാത്രം
ആശ്രയിക്കുന്നത് അശാസ്ത്രീയവും വിവേചനപരവുമാണ്.

കേരളത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലയുടെയും സംസ്കാരത്തിന്റെയും പൌരാണികത
അവകാശപ്പെടാനുണ്ട്. നാട്യശാസ്ത്രവും ഭാസനാടകങ്ങളും വരും തലമുറയ്ക്കായി കേരളം
കരുതിവച്ചിട്ടുണ്ട്. ഇതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട് കേരളത്തില്‍ മാത്രം
നിലനില്‍ക്കുന്ന പ്രാചീനനടനരൂപമായ കൂടിയാട്ടം മനുഷ്യകുലത്തിന്റെ പൈതൃകസ്വത്തായി
പ്രഖ്യാപിക്കുകയും ചെയ്തു. വേദമന്ത്രോച്ചാരണം അതിന്റെ ശുദ്ധിയോടെ
നിലനിര്‍ത്തുന്നത് കേരളത്തില്‍ മാത്രമാണെന്ന് യുനെസ്കോയും അംഗീകരിച്ചിട്ടുണ്ട്.

രാജ്യത്തെ മറ്റുപ്രദേശങ്ങളില്‍ നിന്ന് ഭിന്നമായി വളരെ പണ്ടുകാലത്തുതന്നെ
പാശ്ചാത്യരാജ്യങ്ങളുമായി വാണിജ്യബന്ധത്തിലേര്‍പ്പെടാന്‍ കേരളത്തിന്
കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ പ്രതിരൂപമായ സഹിഷ്ണുതയാണ് വിദേശസഞ്ചാരികളുമായി
ഹൃദ്യമായ സൌഹൃദം വളര്‍ത്താന്‍ സഹായിച്ചത്. അതുകൊണ്ടു തന്നെയാണ് പുരാതനകാലം
മുതല്‍ റോമന്‍, ഗ്രീക്ക്, അറബി, സംസ്കൃതം, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ളീഷ്
എന്നീ ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍കൊണ്ട് ഈ ഭാഷ സമ്പന്നമായതും. സംസ്കൃതത്തില്‍
നിന്നുള്ള പരിഭാഷകള്‍ ഭാഷ രൂപപ്പെടുന്ന കാലത്തുതന്നെ മലയാളത്തിന് പുതുജീവന്‍
നല്‍കിയിരുന്നു. കൌടില്യന്റെ അര്‍ഥശാസ്ത്രം ആദ്യമായി മൊഴിമാറ്റം ചെയ്യപ്പെട്ടത്
മലയാളത്തിലേക്കാണ്. ബൌദ്ധികവും ആത്മീയവുമായ സംവാദങ്ങളിലൂടെ ഇന്ത്യയെയാകെ
കീഴടക്കിയ ശങ്കരാചാര്യര്‍ക്ക് ജന്മം നല്‍കിയതും കേരളമാണ്. കാളിദാസനും
പ്രിയപ്പെട്ട നാടാണ് കേരളം. രഘു തന്റെ പര്യവേഷണങ്ങള്‍ക്കിടയില്‍ കേരളത്തിലൂടെ
കടന്നുപോകുന്നത് കാളിദാസന്‍ വിവരിക്കുന്നുണ്ട്.

കേരളം എന്നും എല്ലാ വിശ്വാസങ്ങള്‍ക്കും വളരാനുള്ള വളക്കൂറുള്ള മണ്ണാണ്. ഇന്ത്യാ
ഉപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറന്‍ മുനമ്പില്‍ ബുദ്ധ, ജൈന, ഹിന്ദു,
ക്രിസ്ത്യന്‍, ജൂത, ഇസ്ളാം മതവിശ്വാസികള്‍രമ്യതയോടും സഹിഷ്ണുതയോടും കഴിയുന്നു. പല
കാര്യങ്ങളിലും കേരളം ഒന്നാമതാണ്. ആദ്യത്തെ ജ്ഞാനപീഠം പുരസ്കാരവും
സിനിമയ്ക്കുള്ള ആദ്യ സ്വര്‍ണകമലവും കേരളത്തിനാണ് ലഭിച്ചത്. നൂറു ശതമാനം
സാക്ഷരതയുമായി കേരളം ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും മുന്നില്‍
നില്‍ക്കുന്നു.

ഒരു ഭാഷയുടെയും അതിന്റെ സംസ്കാരത്തിന്റെയും മേന്മകള്‍ വിലയിരുത്തുമ്പോള്‍ ഈ
ഘടകങ്ങളെല്ലാം പരിഗണിക്കണം. ക്ലാസിക്കല്‍ പദവി നിര്‍ണയിക്കുന്നതിന് നിലവിലുള്ള
മാനദണ്ഡങ്ങള്‍ തീര്‍ത്തും അപര്യാപ്തവും ഏകപക്ഷീയവുമാണ്.

*സമത്വപൂര്‍ണമായ പരിചരണം ആവശ്യം*

ഏതു കാഴ്ചപ്പാടിലൂടെയായാലും ദ്രാവിഡഭാഷാ കുടുംബത്തിലെ സോദരഭാഷകള്‍ക്കു
തുല്യമായി പരിഗണിക്കപ്പെടാന്‍ മലയാളത്തിന് അര്‍ഹതയുണ്ട്. ക്ലാസിക്കല്‍
പദവിക്കുവേണ്ടിയുള്ള കേരളത്തിന്റെ അവകാശവാദങ്ങള്‍ വിലയിരുത്തുന്നതിന്
കന്നടയ്ക്കും തെലുങ്കിലും വേണ്ടി ചെയ്തതുപോലെ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ
നിയോഗിക്കണം. ആവശ്യത്തിന് പുതുക്കിയ യോഗ്യതാമാനദണ്ഡങ്ങള്‍ പരിഗണനാവിഷയങ്ങളില്‍
ഉള്‍പ്പെടുത്തുകയും വേണം. ഒരു രാജ്യത്തെ ഭാഷകളെ ക്ലാസിക് എന്നും
ക്ലാസിക്ഇതരമെന്നും വേര്‍തിരിക്കുന്ന അശാസ്ത്രീയവും അനാവശ്യവുമാണെന്ന വാദവും
നിലവിലുണ്ട്. ഈ കാഴ്ചപ്പാടിനെ ഒരു പരിധിവരെ അംഗീകരിക്കാം. എങ്കിലും ചില ഭാഷകള്‍
ക്ലാസിക്കല്‍ ആയി പ്രഖ്യാപിക്കുകയും മലയാളത്തിന് ആ പദവി തരാതിരിക്കുകയും
ചെയ്യുന്നത് നീതീകരിക്കാനാവില്ല.

ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ
സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്ന തോന്നല്‍ ഉണ്ടാവാന്‍ പാടില്ല.
ക്ലാസിക്കല്‍
പദവിക്കൊപ്പം ലഭിക്കുന്ന വിശേഷാവകാശങ്ങളും ഭൌതിക നേട്ടങ്ങളും മലയാളത്തെ
കൂടുതല്‍ സമ്പന്നമാക്കും. ഈ പദവി മലയാളത്തിന് കിട്ടാതിരിക്കുന്നത് കടുത്ത
അനീതിയുമാകും.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081208/65b25a89/attachment-0001.htm>


More information about the discuss mailing list