[smc-discuss] [bug #28059] shutdown എന്നതിനു്അടച്ചു്പൂട്ടുകഎന്നതിനു്പകരംനിര്‍ത്തിവയ്ക്കുകഎന്നാക്കുക

Anilkumar KV anilankv at gmail.com
Wed Jan 12 22:28:27 PST 2011


മലയാളത്തില്‍ സംവദിക്കുന്ന കമ്പ്യൂട്ടര്‍ പ്രധാനമായും ഇംഗ്ലീഷു് അറിയാത്ത
മലയാളികളുടെ ആവശ്യമാണു്. പതിവായി ഇംഗ്ലീഷുപയോഗിക്കുന്നവര്‍ക്കു് അതത്ര
ആവശ്യമാണെന്നു് വരില്ല.
ഷട്‌ഡൊണ്‍ ഒരു ലളിത പദമല്ല. ഷട്‌ഡൊണ്‍ എന്നു പറഞ്ഞാല്‍ ഭൂരിപക്ഷം
മലയാളികള്‍ക്കും അതെന്താണെന്നു് മനസ്സിലാവില്ല.  അടച്ചുപൂട്ടുക /
നിര്‍ത്തിവെക്കുക എന്നൊക്കെ പറഞ്ഞാല്‍ കുറെയേറെ പേര്‍ക്കു് മനസ്സിലാകും.

ഒരു അന്യ ഭാഷാപദം ലളിത-സുന്ദരമെന്നൊക്കെ തോന്നുന്നതു്, അവ പതിവായി
ഉപയോഗിക്കുന്നവരില്‍ തന്നെ ചിലര്‍ക്കു് മാത്രമായിരിക്കും.  തമിഴു്, സംസ്കൃതം,
അറബിക്ക്, ചൈനീസു്, ഹിന്ദി, ഇംഗ്ലീഷു് തുടങ്ങി പല ഭാഷകളില്‍ നിന്നും ധാരാളം
പദങ്ങള്‍ മലയാളം സ്വാഭാവികമായും സ്വീകരിച്ചിട്ടുണ്ടു്. എന്നാല്‍ മലയാളത്തില്‍
അത്ര പ്രചാരത്തിലില്ലാത്ത അന്യഭാഷപദങ്ങള്‍ മലയാളമാണെന്നു് ബോധപൂര്‍വ്വം വരുത്തി
ഉപയോഗിക്കുകയെന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് പോലത്തെ
കൂട്ടായ്മകള്‍ക്കു് സ്വീകരിക്കാന്‍ പറ്റുമെന്നു് തോന്നുന്നില്ല.

മലയാളത്തില്‍ അര്‍ത്ഥവത്തായോ, സന്ദര്‍ഭോചിതമായോ ഉപയോഗിച്ചു് തുടങ്ങുന്ന പുതിയ
പദങ്ങളും ആധുനിക മനുഷ്യന്റെ സൃഷ്ടികള്‍ തന്നെയാണു്. ഭാഷ
സ്വതന്ത്രമാണെന്നിരിക്കെ,  ഏതൊരു ഭാഷയില്‍ നിന്നും അന്യം നിന്നുപോകുന്ന
പദങ്ങളും വിശ്വമാനവികതക്കു് മുഴുവന്‍ അവകാശപ്പെട്ടതാണു്. അതേ സമയം മലയാളത്തില്‍
നിന്നും അന്യം നിന്നുപോകുന്ന പദസമ്പത്തു് തിരിച്ചുപിടിക്കാന്‍
മലയാളിസമൂഹത്തില്‍ നിന്നു തന്നെ ശ്രമമുണ്ടാകണം. അതിനാല്‍ തന്നെ
മലയാളത്തിലുപയോഗത്തിലുണ്ടയിരുന്നതോ, ഇപ്പോള്‍ പ്രചാരത്തിലുള്ളതോ,
അതുമല്ലെങ്കില്‍ അനുയോജ്യവും, ലളിതവുമായ പുതിയ പദങ്ങളോ ആധുനിക
സാങ്കേതികവിദ്യകളില്‍ ഉപയോഗിക്കുകയെന്നതു്, ഭാഷാ സങ്കുചിതത്വമല്ല, മറിച്ചു്
വിശാലമാനവികതയുടെ തന്നെ ഭാഗമാണു്. അതു് തിരിച്ചറിയാന്‍ നമ്മുക്കു് കുറേകൂടി
വിശാലചിന്ത വേണം.

എന്നാല്‍ മലയാളപദമില്ലാത്തതും, അനുയോജ്യവും ലളിതവുമായ പുതിയപദമുണ്ടക്കാന്‍
പറ്റാത്തതുമായ സന്ദര്‍ഭങ്ങളില്‍, ഒരു അന്യ ഭാഷാപദം ഉപയോഗിക്കാവുന്നതാണു്.

സന്തോഷു് സൂചിപ്പിച്ച പോലെ ഒരു വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം
കാര്യങ്ങള്‍ തീരുമാനിക്കുന്നതാണു് ഉചിതം.

2011/1/12 Jayadevan Raja <jayadevanraja at gmail.com>

>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110113/774ca4a0/attachment-0003.htm>


More information about the discuss mailing list