[smc-discuss] Facebook and Google spy on you

sooraj kenoth soorajkenoth at gmail.com
Wed Nov 5 05:42:13 PST 2014


2014, നവംബർ 5 2:32 PM നു, Pirate Praveen <praveen at onenetbeyond.org> എഴുതി:
> ആശയവ്യത്യാസത്തെ മാനിക്കുന്നു. സ്വകാര്യത ഉറപ്പുവരുത്തുന്ന പ്ലാറ്റ്ഫോമിന്റെ സ്ഥാനം സ്വതന്ത്ര
> സോഫ്റ്റ്‌വെയറിനുള്ളിലെ ചെറിയ ഭാഗം മാത്രമാണെന്ന വാദത്തോടു് യോജിപ്പില്ല.
> ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും നിലനില്‍പ്പിനാവശ്യമായ അടിത്തറയാണു് സ്വകാര്യത
> എന്നാണു് എന്റെ പക്ഷം. സ്വന്തം കമ്പ്യൂട്ടറിലെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലെ എത്രയോ വലിയ
> നഷ്ടമാണു് ഒരു ജനാധിപത്യ സമൂഹത്തിനു് സ്വകാര്യത നഷ്ടപ്പെടുന്നതലൂടെ സംഭവിക്കുന്നതു്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മൊബൈല്‍ ഫോണ്‍ വന്നു തുടങ്ങുന്ന സമയത്ത് ഇന്ത്യാ
ടുഡേയിലൂടെയാണ് സ്വകാര്യതയെ കുറിച്ച് ആദ്യം കേള്‍ക്കുന്നത്. അന്ന്
അവനവന്റെ ഫോണ്‍ നമ്പര്‍ അപരിചിതര്‍ എടുക്കുന്നതും, identity theft-ഉം ആണ്
മുഖ്യവിഷയമായി ഉള്‍ക്കൊള്ളിച്ചതായി ഓര്‍മ്മ. ഇന്‍കമിങ്ങ് അന്ന്
കാശുപോകുമായിരുന്നു. പിന്നീട് ഇന്നിപ്പോ വന്നു് വന്നു് പല ഒണ്‍ലൈന്‍
സേവനങ്ങള്‍ ഉപയോഗിക്കുന്നതും ആധാറും എല്ലാം അതിന്റെ ഭാഗമായി. ഇവിടെ ഞാന്‍
കുറേ വൈരുദ്ധ്യങ്ങള്‍ കാണുന്നു. എനിക്കപ്പഴും അതിന് വ്യക്തമായി ഉത്തരം
പറയാന്‍ സാധിക്കുന്നില്ല.

1. ഇവിടെ എല്ലാ ആളുകളും മത്സരിക്കുന്നത് പണവും പ്രശസ്തിയും നേടാനാണ്.
അതിന് TV, facebook, യൂട്യൂബ് അടക്കം പല മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.
സെല്‍ഫി അടക്കം പല കസറത്തുകളും പലരും പ്രശസ്തരാവാനുള്ള വഴിയായി
തിരഞ്ഞെടുക്കുന്നു. ഒരാളുടെ പ്രശസ്തി കൂടുന്നതനുസരിച്ച് അയാളുടെ
സ്വകാര്യത ഇല്ലാതാവുകയല്ലേ? പല ചാനലുകളും ഒരോരുത്തരുടേയും വീട്ടില്‍ പോയി
അഭിമുഖം ചിത്രീകരിക്കുന്നത് സ്വകാര്യത വേണ്ട എന്ന് പറയുന്നതിന്
തുല്യമല്ലേ? പ്രശസ്തികൂടുന്നതനുസരിച്ച് പണമുണ്ടാക്കാനുള്ള വഴിയും
കൂടുകയല്ലേ? അപ്പോ സ്വകാര്യത വെടിഞ്ഞ് പ്രശസ്തനാവുകയല്ലേ വേണ്ടത്?

2. എന്റെ പല സുഹൃത്തുക്കളുടേയും ഒരുപാട് സ്വകാര്യ വിവരങ്ങള്‍
എനിക്കറിയാം. എനിക്ക് അവരുടെ മറ്റു സുഹൃത്തുക്കളേയും അറിയാം, അവരോരുത്തരെ
കൊണ്ടും എനിക്ക് നേട്ടവും ഉണ്ട്(തിരിച്ചും). അത്തരത്തില്‍ നിക്ഷിപ്ത
താല്പര്യങ്ങള്‍ ഉണ്ടാവാനിടയുള്ള എന്റെ കയ്യില്‍ അവരുടെ വ്യക്തിവിവരങ്ങള്‍
ഇരിക്കുന്നതാണോ അപകടം അതോ അവരെ കുറിച്ച് ഒന്നും അറിയാത്ത
ഫേസ്ബുക്കിന്റേയോ ഗൂഗിളിന്റെയോ കയ്യിലിക്കുന്നതോ? ഞാനും ഈ പറഞ്ഞ
സുഹൃത്തുക്കളും ഒരു ലോകമഹാ സംഭവം ഒന്നും അല്ല, ഈ കൊച്ചു കേരളത്തിലെ
കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്നവരാണ്. ഫേസ് ബുക്ക് നല്‍കാത്ത
സ്വകര്യതയേക്കാള്‍ ഫേസ്ബുക്ക് നല്‍കുന്ന സ്വകാര്യതയാണ് വലുത് എന്ന്
പറഞ്ഞാല്‍ എതിര്‍ക്കുമോ? എങ്കില്‍ എന്തുകൊണ്ട്?

3. ഇന്‍ഗ്രസ്, ഫേസ്ബുക്ക് തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് ഇതിനേ കുറിച്ച്
നല്ല ധാരണയുള്ള എന്റെ സുഹൃത്തുക്കള്‍ തന്നെ എന്റെ വ്യക്തിപമായ
സംഭാഷണങ്ങളും മറ്റും ഗൂഗിളിനും മറ്റും കൈമാറുമ്പോള്‍ ഞാന്‍ മാത്രം
ഇതുപയോഗിക്കാതെ മാറി നില്‍ക്കുന്നത് ഈ പറയുന്ന സ്വകാര്യത ഒരു വലിയ
പ്രശ്നമല്ല, എന്ന നിലപാടെടുത്ത് അതുപയോഗിക്കുന്ന എന്റെ സുഹൃത്തുക്കളുമായി
സംബര്‍ക്കം പുലര്‍ത്താനുള്ള ഒരു അവസരം ഇല്ലാതാക്കല്ലേ?

4. ഞാനാരാണെന്ന് മറ്റുള്ളവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാവുന്നതല്ലേ എന്റെ
identity theft ഒഴിവാക്കാന്‍ ഏറ്റവും നല്ലത്?

5. അമിതമായ സ്വകാര്യത കുറ്റകൃത്യങ്ങള്‍ക്കുള്ള വഴി മരുന്നല്ലേ? നഗര
ജീവിതത്തില്‍ പലര്‍ക്കും പരസ്പരം അറിയില്ല. ഒരു തരത്തില്‍ അവിടെ ഉയര്‍ന്ന
സ്വകാര്യത നിലനില്‍ക്കുന്നു. ഗ്രാമീണ ജീവിതത്തില്‍ ഈ പറയുന്ന സ്വകാര്യത
താരമ്യേന കുറവാണ്. അവിടെയാണ് ഒരു വ്യക്തി എന്ന നിലയില്‍ നമ്മള്‍ കൂടുതല്‍
സംരക്ഷിക്കപ്പെടുന്നതും. വ്യക്തികളെ പരമാവധി പരസ്പരം മനസ്സിലാകാന്‍ അവസരം
നല്‍കാതെ ഭിന്നിപ്പിച്ച് നിര്‍ത്തുന്നതല്ലേ ഈ സ്വകാര്യത എന്നു പറയുന്നത്?
വികലമായ ഏതോ ഒരു തെറ്റായ കാഴ്ചപ്പാടല്ലേ ഇപ്പോള്‍ സ്വകാര്യത എന്നും
പറ‍ഞ്ഞ് കെട്ടിപ്പിടിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇതാണോ ഒരു കൂട്ടായ
ജീവിതത്തിന് നമുക്ക് വേണ്ടത്?

സ്വതന്ത്രസോഫ്റ്റ്ഡവെയറും കൂട്ടായ്മ സങ്കല്പവും ചേരുന്നിടത്ത് അമിതമായ
സ്വകാര്യത സങ്കല്പം വിരുദ്ധമായ ഒന്നല്ലേ? സദാചാര സങ്കല്പത്തിന്റെ മുഖം
മൂടിയല്ലേ സ്വകാര്യത?

ഒരു പാട് പേര്‍ക്ക് പരിചയമുള്ള ഒരു ഉദാഹരണം പറഞ്ഞ അവസാനിപ്പിക്കാം.
വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചതല്ല, അനുഭവം തന്നെ പറയാം എന്നു
കരുതിയാണ്. ഫെന്നക്കാണ് കഥയിലെ നായകന്‍. ഫെന്നക്കും ഇത് നല്ല
അര്‍ത്ഥത്തില്‍ തന്നെ എടുക്കും എന്നു കരുതുന്നു.

നമ്മുടെ കൂട്ടത്തിലെ ഫെന്നക്ക് എന്ന കുറുക്കന്‍ ആരാണെന്ന് ഞാനുള്‍പ്പടെ
പലര്‍ക്കും അറിയില്ല. ആരോ എപ്പഴോ പറഞ്ഞു കേട്ടു CET-യിലെ
വിദ്യാര്‍ത്ഥിയാണ് എന്ന്. അവന്റെ ഫോണ്‍നമ്പര്‍ കിട്ടുമോ
അവിടെ/തിരുനന്തപുരത്ത് ഒരു പരിപാടി നടത്താനാണ് എനിക്കെത്തിപ്പെടാന്‍
പറ്റില്ല, പരീക്ഷയാണ്, തുടങ്ങിയ നൂറുനൂറു കാരണങ്ങള്‍ പറഞ്ഞ് അവനെ
അന്വേഷിച്ച് ഒരു അഞ്ച് ഫോണ്‍ കോള്‍ എങ്കിലും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍
എനിക്ക് വന്നിട്ടുണ്ട്. വിളിച്ചവരാരും വെറുതെ വിളിച്ചതല്ല. കാരണം എനിക്ക്
നന്നായി അറിയുന്നവരാ വിളിച്ചത്. അവന്‍ നല്ല അനോനീയാണ്, അവന്റെ സ്വകാര്യത
സംരക്ഷിക്കുന്നു. പക്ഷേ നല്ലൊരു വിഭാഗത്തിന് അവന്റെ സേവനം ലഭ്യമല്ലാതെ
പോകുന്നു. പിന്നെ അത്തരം സഹായം ചെയ്യാന്‍ താല്പര്യമില്ലാത്തതുകൊണ്ട് മാറി
നില്‍ക്കുകയാണ് എന്ന് പറ‍ഞ്ഞാല്‍ കൂട്ടായ്മ എന്നതിന് ഞാന്‍ കൊടുത്ത
അര്‍ത്ഥം തെറ്റി.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list